കൊച്ചി; സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിന് നടി മഞ്ജു വാര്യർ പരാതി നൽകിയത് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ. തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസിൽ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തി. തുടർന്ന് ഇളമക്കര പൊലീസ് സനൽ കുമാറിനെതിരെ കേസെടുത്തു. ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
ദിവസങ്ങൾക്കു മുൻപാണ് മഞ്ജു വാര്യരെക്കുറിച്ച് സനൽകുമാർ ഫേയ്സ്ബുക്കിൽ പോസ്റ്റിട്ടത്. മഞ്ജുവിന്റെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നുമാണ് കുറിച്ചത്. വധഗൂഡാലോചനയുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് രായ്ക്ക് രാമാനം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവാര്യർ ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണ് എന്ന് ബലമായി സംശയിക്കുന്നു എന്നും സനൽകുമാർ പറഞ്ഞിരുന്നു.
ഇതിനു മുൻപും മഞ്ജു വാര്യർ തനിക്കെതിരെ പരാതി നൽകിയതായും ഫേയ്സ്ബുക്ക് കുറിപ്പിലൂടെ സനൽ കുമാർ വ്യക്തമാക്കിയിരുന്നു. മഞ്ജുവിനോടുള്ള താൽപ്പര്യം പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടതിനു പിന്നാലെയായിരുന്നു ഇത്.
എനിക്ക് അവരോട് "admiration"ഉണ്ട് എന്നാണ് അതിൽ പ്രധാനമായും പറഞ്ഞത്. വിചിത്രമെന്ന് പറയട്ടെ പിറ്റേ ദിവസം രാവിലെ അരൂർ സ്റ്റേഷനിലെ സിഐ ആണെന്ന് പറഞ്ഞ് എന്നെ ഒരാൾ വിളിച്ചു. എന്റെ പോസ്റ്റിനെക്കുറിച്ച് മഞ്ജുവാര്യർ അയാളോട് പരാതിപ്പെട്ടു എന്നാണ് അയാൾ പറഞ്ഞത് അത്. എനിക്കത് അവിശ്വസനീയമായി തോന്നി. ഒരു ജൂറിസ്ഡിക്ഷനും ഇല്ലാതെ അയാളോട് എന്തിന് മഞ്ജുവാര്യർ പരാതിപ്പെടണം എന്ന് ഞാൻ ചോദിച്ചു. സൗമ്യമായി തുടങ്ങിയ സംസാരം പിന്നീട് ഭീഷണിയിലേക്ക് മാറിയതോടെ അയാളോട് നിയമപരമായി നീങ്ങാൻ പറഞ്ഞപ്പോൾ അയാൾ ഫോൺ കട്ട് ചെയ്തു. പിന്നീട് മഞ്ജുവാര്യർ തന്നെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതുകൊണ്ട് ഞാൻ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു.- സനൽ കുമാർ കുറിച്ചു. സൽകുമാർ ശശിധരനും മഞ്ജു വാര്യരും കയറ്റം എന്ന ചിത്രത്തിൽ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. മഞ്ജു തന്നെയാണ് ചിത്രം നിർമിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates