

ഹൈദരാബാദ്: യഷ് നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം 'ടോക്സിക്കി'ന്റെ പ്രൊമോഷനിടെ അപകടം. ഹൈദരാബാദിലെ മല്ല റെഡ്ഡി സർവ്വകലാശാലയിലാണ് സംഭവം. അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ രണ്ടു പേരെയും ഉടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വിദ്യാർത്ഥിനി അബോധാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.
വേദിക്ക് സമീപം ഒരുക്കിയിരുന്ന വലിയ സ്പീക്കർ സിസ്റ്റം താഴേക്ക് പതിക്കുകയായിരുന്നു. അതിനോടൊപ്പം പ്രദേശത്ത് ഒരുക്കിയിരുന്ന ഫ്ലഡ് ലൈറ്റുകളും താഴേക്ക് പതിച്ചു. ആയിരക്കണക്കിന് ആളുകളാണ് 'ടോക്സിക്' പ്രീ റിലീസ് ഇവന്റിൽ യഷിനെ കാണാൻ തടിച്ചുകൂടിയത്.
തിരക്ക് കൂടുതലാണെന്ന ആശങ്കയെത്തുടർന്ന് പൊലീസ് പിന്മാറാൻ ആവശ്യപ്പെട്ടതോടെ നിരവധി പേർ വേദിക്ക് സമീപം എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. അപകടത്തെ കുറിച്ച് അറിഞ്ഞതിന് പിന്നാലെ യഷ് പ്രസംഗം നിർത്തി വിദ്യാർത്ഥികളുടെ അവസ്ഥയെക്കുറിച്ച് ചോദിക്കുന്നത് വിഡിയോയിൽ കാണാം.
"ഹേയ്, ശ്രദ്ധിക്കൂ. അവിടെ എല്ലാം ഓക്കെയാണോ ? എല്ലാവരും സുരക്ഷിതരാണോ ?. ദയവായി പരിശോധിക്കുക, സാർ. ദയവായി, വിദ്യാർത്ഥികളേ, ശ്രദ്ധിക്കുക".- എന്ന് യഷ് പറയുന്നതിന്റെ വിഡിയോയും വൈറലാണ്. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഇതിനകം നേടിയിട്ടുള്ള ചിത്രമാണ് ടോക്സിക്.
മലയാളി കൂടിയായ ഗീതു മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates