തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണവാർത്ത എത്തിയത്. ഭർത്താവിന്റെ ജീവൻ നിലനിർത്താനായി മീന വലിയ പോരാട്ടം നടത്തിയെന്നു പറയുകയാണ് നൃത്ത സംവിധായിക കലാ മാസ്റ്റർ. ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത മരണമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
മീനയും വിദ്യാസാഗറുമായും അടുത്ത ബന്ധമാണ് കലാ മാസ്റ്ററിനുണ്ടായിരുന്നത്. ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു വ്യക്തിയായിരുന്നു വിദ്യാസാഗർ. മീനയെ അഴകോടെ തങ്കത്തട്ടില്‍ വച്ചാണ് അദ്ദേഹം നോക്കിയിരുന്നത്. അത്രയും നല്ല മനുഷ്യനാണ്. മീനയുടെ വിജയത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നെന്നും കലാ മാസ്റ്റർ പറയുന്നു.
വിദ്യാ സാഗറിന്റെ മരണം കോവിഡ് കാരണമല്ലെന്നും അവർ വ്യക്തമാക്കി. അദ്ദേഹത്തിന് കോവിഡ് കാര്യമായി ഉണ്ടായിരുന്നില്ല. അതല്ല മരണകാരണം. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞാന്‍ നേരില്‍ പോയി കണ്ടിരുന്നു. എന്നോട് പിറന്നാള്‍ ആശംസകളൊക്കെ പറഞ്ഞിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഭയപ്പെടാനില്ലെന്നും വിജയകരമായി മാറ്റിവയ്ക്കാമെന്നും പറഞ്ഞിരുന്നു. അതിന് ശേഷം പക്ഷിയില്‍ നിന്നുള്ള അണുബാധ വന്നതോടെയാണ് രോഗം ഗുരുതരമായത്.
മീന അവളുടെ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ വലിയ പോരാട്ടമാണ് നടത്തിയത്. അനുയോജ്യരായ ദാതാവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചു. അവയവദാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി. എന്നാല്‍ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാല്‍ ഫലമുണ്ടായില്ല. അതിനിടെ വലിയ സമ്മര്‍ദ്ദമാണ് അനുഭവിച്ചത്. 'ഞാന്‍ തിരികെ വരും' എന്ന് സാഗര്‍ പറഞ്ഞിരുന്നു. നല്ല ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നു സാഗര്‍. പക്ഷേ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നിലവളരെ മോശമായി.- കലാ മാസ്റ്റർ പറഞ്ഞു.
നൈനികയെ ഓർക്കുമ്പോഴാണ് സങ്കടം. സാഗറിന്റെ മൃതദേഹം വീട്ടിൽ വരുമ്പോഴാണ് അച്ഛന്‍ പോയെന്ന കാര്യം അവൾ അറിയുന്നത്. ആരോടും മിണ്ടാതെ ഇരിക്കുകയായിരുന്നു. അവൾ കൊച്ചു കുഞ്ഞല്ലേ. മനസ്സ് ശൂന്യമാണ്.’’–കലാ മാസ്റ്റർ പറഞ്ഞു.
2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. നൈനിക എന്ന മകളും ഇവർക്കുണ്ട്. അടുത്തമാസം 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാഗർ യാത്ര പറഞ്ഞത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates