

മലയാളത്തിലെ മുന്‍നിര അവതാരകയാണ് മീര അനില്‍. ടെലിവിഷന്‍ രംഗത്തെ മിന്നും താരം. ഇന്ന് അവതാരകയായി തിളങ്ങി നില്‍ക്കുന്ന മീര കുട്ടിക്കാലത്ത് പാട്ടുകാരിയാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പിന്നീടൊരിക്കലും ഒരു പാട്ട് പോലും പാടാന്‍ പോലും സാധിക്കാത്ത വിധം മീരയുടെ ആത്മവിശ്വാസം തകര്‍ത്തത് ഒരു സംഗീത അധ്യാപകനാണ്. നടന്‍ കൂടിയായ അദ്ദേഹത്തില്‍ നിന്നുണ്ടായ മോശം അനുഭവം മുമ്പൊരിക്കല്‍ മീര തുറന്ന് പറഞ്ഞിരുന്നു.
പിങ്ക് പോഡ്കാസ്റ്റിലായിരുന്നു മീര മനസ് തുറന്നത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
''അച്ഛന്‍ എന്നെ ലളിത സംഗീതം പഠിപ്പിക്കാന്‍ മലയാള സിനിമയില്‍ ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തിട്ടുള്ള ആ നടന്റെ അടുത്തു കൊണ്ടു പോയി. ഒരു പാട്ട് പാടിയതില്‍ അമ്പത് വെള്ളിയായിരുന്നു. ആ വെള്ളിയൊക്കെ കൂട്ടിവച്ചിരുന്നുവെങ്കില്‍ എനിക്കൊരു വെള്ളിക്കട തുടങ്ങാമായിരുന്നു. അത്രയും വെളളിയാണ് ഞാന്‍ അന്ന് പാടി ഒപ്പിച്ചത്. പാട്ട് കഴിയുന്നതിന് മുമ്പ് തന്നെ അദ്ദേഹം കൈ ഉയര്‍ത്തി നിര്‍ത്താന്‍ പറഞ്ഞു'' മീര പറയുന്നു.
''എന്നെ മുന്നില്‍ ഇരുത്തി തന്നെ അദ്ദേഹം പറഞ്ഞു ഈ കുട്ടിയെ കൊണ്ട് പാടാന്‍ പറ്റത്തില്ലെന്ന്. കാരണം ഈ കുട്ടിയുടെ ശബ്ദം വളരെ മോശമാണ്. പാട്ടിന് വേണ്ടി സാര്‍ കൊണ്ടു നടക്കണ്ട, വെറുതെ നിങ്ങളുടെ സമയം കളയാമെന്നേയുള്ളൂ. അന്ന് വീട് വരെ എത്തുന്നത് വരെ ഞാനും അച്ഛനും ഒന്നും മിണ്ടിയിട്ടില്ല. പക്ഷെ ഇന്നു വരെ, ഇത്രയും സ്റ്റേജ് പരിപാടികള്‍ കൈകാര്യം ചെയ്തിട്ടും ഒരു പാട്ട് പോലും പാടിയിട്ടില്ല. കാരണം അന്നത്തെ ആ കുഞ്ഞ് മനസില്‍ ഏറ്റൊരു മുറിവ് ഉണങ്ങാത്ത നീറ്റല്‍ ഉള്ളില്‍ കിടപ്പുണ്ട്. എന്റെ അച്ഛനെ മാറ്റി നിര്‍ത്തി വേണമായിരുന്നു അദ്ദേഹമത് പറയാന്‍'' എന്നും മീര പറയുന്നുണ്ട്.
നിരവധി പേരാണ് കമന്റുമായി എത്തുന്നത്. 'വളരെ സത്യം. നമ്മുടെ പല കഴിവുകളും കളിയാക്കി ഇല്ലാതാക്കിയ അനുഭവം എനിക്കും ഉണ്ട്. പഠനത്തിന്റെ കാര്യത്തില്‍ അതാണ് ഏറ്റവും കൂടുതല്‍. ഇന്ന് ജീവിതത്തില്‍ ഒന്നുമല്ലാതെ ഒന്നുമാകാതെ പോയവരുടെ കാരണത്തില്‍ നല്ല ഒരു ശതമാനം സ്‌കൂള്‍ അധ്യാപകര്‍ എന്ന് പറയുന്ന ആ ജന്മങ്ങള്‍ക്ക് ആ ചോരയില്‍ പങ്കുണ്ട്, പക്ഷെ ആ ശബ്ദമല്ലേ നിങ്ങളുടെ തൊഴില്‍ എത്രയെത്ര ആക്ടര്‌സിനെ ഇന്റര്‍വ്യൂ ചെയ്യുന്നതും ഏഷ്യാനെറ്റ് പോലുള്ള വലിയ പ്ലാറ്റ് ഫോമില്‍ അവതാരക ആയതും എല്ലാം നിങ്ങളുടെ നല്ല ശബ്ദം കൊണ്ടാണ്' എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
''ഞാന്‍ ഒരു സംഗീതധ്യാപികയാണ് എന്റെ ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍ എന്റെ മുന്നില്‍ വന്നുപോയ ഒരു കുഞ്ഞിനെപ്പോലും ഞാന്‍ നിരുത്സാഹപ്പെടുത്തിയിട്ടില്ല. കഴിവുള്ളവരും ഇല്ലാത്തവരെയും ഒരുപോലെ കാണണം അതാണ് ഗുരു. മാത്രമല്ല ചിലര്‍ ഒത്തിരി ഏജ്ഡ് ആയവര്‍ എന്നോട് ചോദിക്കും. ടീച്ചര്‍ എനിക്ക് ഈ പ്രായത്തില്‍ പാട്ട് പഠിക്കാനോ എന്ന്. എനിക്ക് കുട്ടികളുടെ കഴിവിനെക്കാളും താല്പര്യമാണ് എനിക്ക് മുഖ്യം. എന്റെ മുന്നില്‍ ഇരിക്കുന്ന വ്യക്തിയുടെ ആത്മവിശ്വാസം തകര്‍ത്തിട്ട് എനിക്കെന്ത് നേടാന്‍ കഴിയും'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്യുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates