

വിവാഹം കഴിഞ്ഞ് കുട്ടികളായ ശേഷം നടിമാർ അഭിനയരംഗത്തേക്ക് തിരിച്ചുവരില്ലെന്ന് മറ്റുള്ളവർ മുൻകൂട്ടി തീരുമാനിക്കുന്ന പ്രവണതയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മിയ ജോർജ്. വിവാഹത്തിനും മാതൃത്വത്തിനും ശേഷം ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തികളാണെന്നും തനിക്ക് വേണ്ടി മറ്റുള്ളവർ തീരുമാനമെടുക്കേണ്ടതില്ലെന്നും മിയ പറഞ്ഞു.
അഭിനയരംഗത്തേക്ക് തിരിച്ചുവരാൻ തനിക്ക് താല്പര്യമില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും സിനിമയിൽ സജീവമായി തുടരാൻ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം ആളുകളെ അറിയിക്കാനാണ് ശ്രമിക്കുന്നതെന്നും നടി വ്യക്തമാക്കി. 'കോസ്മിക് സാംസൺ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
"കല്യാണം കഴിച്ചുപോയ നായികമാർ അല്ലെങ്കിൽ നടിമാർ തിരിച്ചു വരില്ലായിരിക്കും എന്നൊരു ചിന്ത നമ്മൾ പോലും അറിയാതെ നമ്മുടെ തലയിൽ കൊണ്ടുവന്നിടും. നമ്മൾ തയ്യാറാണോ എന്ന് ആരും ചോദിക്കില്ല. കുട്ടിയൊക്കെ ആയതുകൊണ്ട് ഇനി വരില്ലായിരിക്കും എന്നൊക്കെ മറ്റുള്ളവർ അങ്ങ് വിചാരിക്കും. എന്തിനാണ് എനിക്ക് വേണ്ടി നിങ്ങൾ ചിന്തിക്കുന്നത് എന്ന് പലരോടും ചോദിക്കണമെന്ന് തോന്നിയിട്ടുണ്ട്.
പക്ഷേ എല്ലാവരോടും ചോദിക്കാൻ പറ്റിയിട്ടില്ല. ഞാൻ വർക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ. ഒരു ടീച്ചർ മെറ്റേണിറ്റി ലീവ് കഴിഞ്ഞ് വീണ്ടും പഠിപ്പിക്കാൻ പോകുമ്പോൾ ആർക്കും അതിൽ പ്രശ്നമില്ല, ചോദ്യങ്ങളുമില്ല. ഏത് പ്രൊഫഷനിലും അങ്ങനെയുണ്ട്. എന്നാൽ നടിമാരുടെ കാര്യം വരുമ്പോൾ മാത്രം കല്യാണം കഴിഞ്ഞ് കുട്ടിയായാൽ അവർ ഇനി അഭിനയിക്കാൻ വരില്ലായിരിക്കും എന്നൊരു ധാരണ ഉണ്ടാകുന്നു.
ഈ ഒരു പ്രൊഫഷനിൽ മാത്രം നമുക്ക് വേണ്ടി മറ്റാരൊക്കെയോ തീരുമാനമെടുത്ത് വെക്കുകയാണ്. ഞാൻ അഭിനയിക്കാൻ റെഡിയാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഞാൻ വർക്ക് ചെയ്യാൻ തയ്യാറാണ്, ഇവിടെത്തന്നെയുണ്ട് എന്ന കാര്യം ആളുകളെ മനസിലാക്കി കൊടുക്കാനാണ് ശ്രമിക്കുന്നത്".- മിയ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates