2025 ശരിക്കും മോഹൻലാലിന്റെ വർഷമാണെന്നാണ് ആരാധകർ പറയുന്നത്. കാരണം തൊട്ടതെല്ലാം ഈ വർഷം അദ്ദേഹം പൊന്നാക്കിയിട്ടേയുള്ളൂ. സിനിമയുടെ കാര്യമെടുത്തൽ എംപുരാൻ, തുടരും, ഹൃദയപൂർവം എന്നീ മൂന്ന് ചിത്രങ്ങളും ബ്ലോക്ക്‌ബസ്റ്ററായി മാറി. പാട്രിയറ്റിന്റെ പണിപ്പുരയിലാണിപ്പോൾ മോഹൻലാൽ.
ഇതിനിടെ സംവിധായകൻ പ്രിയദർശൻ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണിപ്പോൾ ആരാധകരുടെ മനം കവരുന്നത്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഒപ്പം. ഒപ്പത്തിന്റെ ഹിന്ദി റീമേക്കായ ഹായ്‌വാൻ ആണ് പ്രിയദർശനിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ചിത്രം.
അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരാണ് ഹായ്‌വാനിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇപ്പോഴിതാ ഹായ്‌വാനിൽ മോഹൻലാലുമുണ്ടോയെന്നാണ് ആരാധകരുടെ ചോദ്യം. ഹായ്‌വാൻ ലൊക്കേഷനിൽ നിന്നുള്ള പ്രിയദർശന്റെയും മോഹൻലാലിന്റെയും സെയ്ഫ് അലി ഖാന്റെയും ചിത്രമാണ് ആരാധകരുടെ ഈ ചോദ്യത്തിന് കാരണമായിരിക്കുന്നത്.
അതിഥി വേഷത്തിലെത്തുന്ന മോഹൻലാലിന്റെ കഥാപാത്രം എന്താണെന്നറിയാനുള്ള ആകാംക്ഷയും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. കയ്യിൽ വാക്കിങ് സ്റ്റിക്കും അതുപോലെ കണ്ണടയുമൊക്കെ വച്ചിട്ടുണ്ട് മോഹൻലാൽ. ഒപ്പത്തിലെ ജയരാമൻ എന്ന കഥാപാത്രം തന്നെയാണോ ഇതെന്നും ചോദിക്കുന്നവരുണ്ട്. "ജീവിതവും അതിന്റെ വഴിത്തിരിവും നോക്കൂ... ഞാനിവിടെ ഹായ്‌വാന്റെ ഷൂട്ടിങ് സെറ്റിലാണ്.
എന്റെ ഏറ്റവും വലിയ ക്രിക്കറ്റ് നായകന്മാരിൽ ഒരാളുടെ മകനോടൊപ്പവും എന്റെ ഏറ്റവും പ്രിയപ്പെട്ട ഫിലിം ഐക്കണിനൊപ്പവും ഞാൻ ജോലി ചെയ്യുന്നു. സത്യമായും, ദൈവം ദയയുള്ളവനാണ്".- എന്നാണ് പ്രിയദർശൻ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
അതേസമയം രണ്ടാഴ്ചത്തെ ഡേറ്റ് ആണ് മോഹൻലാൽ ചിത്രത്തിനായി നൽകിയിരിക്കുന്നത് എന്നാണ് വിവരം. സമുദ്രക്കനി അവതരിപ്പിച്ച കഥാപാത്രമായാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates