

മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്ന് നിസംശയം പറയാവുന്ന രണ്ട് വ്യക്തികളാണ് നടൻ മോഹൻലാലും ഗായിക കെ എസ് ചിത്രയും. മോഹൻലാലിന്റെ നിരവധി ഹിറ്റ് സിനിമകളിൽ ചിത്ര പാടിയിട്ടുണ്ട്. ഇപ്പോഴിതാ കംപ്ലീറ്റ് ആക്ടറും കേരളത്തിന്റെ വാനമ്പാടിയും ഒന്നിച്ച് ഒരു വേദിയിൽ പാട്ടുമായെത്തിയിരിക്കുകയാണ്.
പാട്ട് പാടുന്നതിന് മുൻപുള്ള ഇരുവരുടെയും സംഭാഷണമാണ് ആരാധകരുടെ മനം കവരുന്നത്. 'എത്ര വർഷമായി പാടാൻ തുടങ്ങിയിട്ട്' എന്നായിരുന്നു ചിത്രയോടുള്ള മോഹൻലാലിന്റെ ചോദ്യം. '47' എന്ന് ചിത്ര മറുപടി പറഞ്ഞു. "ഞാൻ സിനിമയിൽ വന്നിട്ട് 48 വർഷമായി. ഒരു വർഷം കൂടി കഴിഞ്ഞാൽ 50 വർഷമായി. ഞാൻ ചോദിക്കാൻ കാരണം, ഈ 50 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ചിത്രയുമായിട്ട് ഞാനൊരു ഷോ ചെയ്യുന്നത്.
എവിടെയായിരുന്നു ഇത്രയും നാൾ ?. ഞാൻ ആദ്യമായി കാണുന്നത് ഇപ്പോഴല്ല. ഞാൻ മോഡൽ സ്കൂളിൽ പഠിക്കുന്ന സമയത്ത് വഴുതക്കാട് നിന്നാണ് ബസ് കയറി പോകുന്നത്. അന്ന് ഞാൻ കണ്ടിട്ടുണ്ട്. ഒരു പച്ച പാവാടയും വെള്ള ഷർട്ടുമൊക്കെ ഇട്ട് സ്കൂളിൽ പോകുന്ന കുട്ടിയെ". - മോഹൻലാൽ പറഞ്ഞു. 'അത് നുണയല്ലേ' എന്ന് ചിത്ര പെട്ടെന്ന് മോഹൻലാലിനോട് തിരിച്ചു ചോദിച്ചു.
'സത്യമായിട്ടും നുണയല്ലേ' എന്നായി ചിത്ര വീണ്ടും. വലിയൊരു കള്ള ചിരി ആയിരുന്നു ഇതിന് മോഹൻലാലിന്റെ മറുപടി. ശരിക്കും എന്നെ എവിടെ വച്ചാണ് കാണുന്നത് എന്ന് മോഹൻലാൽ തിരിച്ചു ചോദിച്ചു. "പല അവാർഡ് വേദികളിലും ഞാൻ ദൂരെ നിന്ന് കണ്ടിട്ടുണ്ട്. അടുത്ത് കാണുന്നത് ദുബായിൽ തട്ടുകയുടെ ഉദ്ഘാടന ചടങ്ങിൽ വച്ചായിരുന്നു. പക്ഷേ അന്ന് കാണാൻ പോലും പറ്റിയില്ല.
അത്രയ്ക്ക് വലിയ ജനത്തിരക്ക് ആയിരുന്നു. അതുകൊണ്ട് എനിക്ക് കാണാൻ പറ്റിയില്ല".- എന്ന് ചിത്ര പറയുന്നു. "എന്തായാലും വളരെ സന്തോഷം. തിരുവനന്തപുരത്ത് ഞങ്ങളുടെ വീടിന് അടുത്താണ് താമസിക്കുന്നത്. എന്റെ ഏത് സിനിമയിലാണ് ആദ്യം പാടിയതെന്ന് ഓർമയുണ്ടോ ?" എന്നായി മോഹൻലാൽ.
'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' എന്ന് ചിത്ര പറഞ്ഞു. മാമാട്ടിക്കുട്ടിയമ്മ അന്നത്തെ വലിയൊരു സിനിമയായിരുന്നു. അന്നത്തെക്കുഞ്ഞുങ്ങളൊക്കെ മാമാട്ടിക്കുട്ടിയമ്മയാകാൻ ആഗ്രഹിച്ചിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates