

നിരവധി ഹിറ്റ് ഗാനങ്ങൾ മലയാള സിനിമയ്ക്ക് നൽകിയ സംഗീത സംവിധായകനാണ് ശരത്. തന്റെ ഭാര്യ സീതയെക്കുറിച്ച് ശരത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്നെ ഏറ്റവും നന്നായി വിമർശിക്കുന്ന ആളാണ് ഭാര്യയെന്നും ശരത് പറഞ്ഞു. ടൗൺ ഹൗസ് പോഡ്കാസ്റ്റിൽ സംസാരിക്കവേയായിരുന്നു ശരത് ഇക്കാര്യം പങ്കുവച്ചത്. "കണ്ണൂർ രാജൻമാഷിന്റെ അടുത്ത് പോവുക. എല്ലാ ദിവസവും പാട്ട് പാടി കേൾപ്പിക്കുക.
ഒരു തവണ പാടി കേട്ടാൽ അദ്ദേഹത്തിന് മനസിലാകും. പിന്നെയും പിന്നെയും പാടി കേൾപ്പിച്ച്. പിന്നെ പിന്നെ എന്തോ ഒരു സുഖം അവിടെ പോകാൻ. ഞാൻ പാടുമ്പോൾ ഇവൾ വന്ന് നിൽക്കുകയും ചെയ്യും. കൊള്ളാലോ, നല്ല സുഖമുള്ള ഏർപ്പാടാണല്ലോ എന്ന് എനിക്ക് തോന്നി. പിന്നെ മാഷില്ലെങ്കിലും അവിടെ പോകാൻ തുടങ്ങി. മാഷ് ഇല്ലെങ്കിലാ അവിടെ കൂടുതൽ പോകാറ്.
എന്റെ ഒരു ഭാഗ്യം എന്ന് പറയുന്നത് സീത തന്നെയാണ്. കാരണം എന്നെ സഹിക്കുന്നത് വലിയ പാടാണ്. വേറെ ആരെങ്കിലും ആയിരുന്നേൽ ഇപ്പോൾ 112 തവണ ഡിവോഴ്സ് നടന്നേനെ. ഇവൾ എന്നെ സഹിച്ച് എന്റെ തെറ്റുകളൊക്കെ പൊറുത്ത്, പോട്ടെ എന്ന് വിചാരിച്ച് നിൽക്കുവാണ്. എനിക്കും അത്രയും സ്നേഹമുണ്ട്. സ്നേഹത്തിന്റെ കാര്യത്തിൽ കോപ്രമൈസ് ഒന്നുമില്ല. എനിക്ക് എന്റെ അമ്മയെ ഇഷ്ടമാണ്.
കുറേ ഇഷ്ടമാണ്. അതുപോലെ തന്നെ എന്റെ കുഞ്ഞിന്റെ അമ്മയെയും എനിക്ക് ഇഷ്ടമാണ്. അത്രയേ ഉള്ളൂ. അതുപോലെ അവളെന്റെ ഭയങ്കര വിമർശകയാണ്. നമ്മളൊരു പാട്ട് ചെയ്താൽ, പിന്നെ അത് കേട്ട് കഴിഞ്ഞാൽ നമ്മുടെ അടുത്ത് ദേഷ്യപ്പെടുകയൊക്കെ ചെയ്യും. 'ഇത് കൊള്ളത്തില്ല ശരത്തേട്ടാ. ഭയങ്കര വൃത്തികേട്'.
അങ്ങനെ പറയുന്ന ഒരാളാണ്. ഞാൻ പറയും, 'ഇതങ്ങനെയല്ല, റെക്കോർഡ് ചെയ്ത് വരുമ്പോൾ ഇത് നല്ലതായിരിക്കും'. അതിലൊന്നും അവൾക്ക് വിശ്വാസമില്ല. അങ്ങനെ ഒരുവട്ടം പറഞ്ഞതു കൊണ്ട് പാട്ട് സൂപ്പർ ഹിറ്റായാൽ അത് സമ്മതിച്ചും തരത്തില്ല. അത് കൊള്ളത്തില്ല, അത് എങ്ങനെയോ ഹിറ്റായി എന്ന് പറയും". -ശരത് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates