

എൺപതുകളിൽ തെന്നിന്ത്യയിൽ നിറ സാന്നിധ്യമായിരുന്ന താരങ്ങളുടെ ഒത്തുകൂടലിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പ്രിയതാരങ്ങളുടെ ഒത്തുകൂടൽ. ഇത്തവണ ചെന്നൈയിലായിരുന്നു താരങ്ങളുടെ റീയൂണിയൻ നടന്നത്.
താരസംഗമത്തിന് ചുക്കാൻ പിടിക്കുന്നത് നടിയും സംവിധായികയുമായ സുഹാസിനിയാണെങ്കിലും ആശയം ലിസിയുടേതാണ്. ഇത്തവണ രാജ്‌കുമാർ സേതുപതിയുടേയും ശ്രീപ്രിയയുടെയും വീടാണ് സംഗമത്തിന് ആതിഥേയത്വം വഹിച്ചത്. ഇപ്പോഴിതാ റീയൂണിയനിടെ താനും സുഹൃത്തുക്കളും ചേർന്ന് അവതരിപ്പിച്ച മനോഹരമായ നൃത്ത വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി നദിയ മൊയ്തു. നടിമാരായ സുഹാസിനി, ഖുശ്ബു, ജയശ്രീ എന്നിവരും നദിയയ്ക്കൊപ്പം നൃത്തം ചെയ്യാനുണ്ടായിരുന്നു.
ഇവരോടൊപ്പം മനോഹരമായ നൃത്തം ചെയ്യാൻ കഴിഞ്ഞത് വളരെ രസകരമായിരുന്നു എന്നാണ് നദിയ കുറിച്ചിരിക്കുന്നത്. കൊറിയോഗ്രഫറായ ചർവി ഭരദ്വാജിനും നദിയ നന്ദി പറഞ്ഞിട്ടുണ്ട്. നടരംഗ് എന്ന മറാത്തി സിനിമയിലെ അപ്സര ആലി എന്ന പാട്ടിനാണ് നദിയയും സുഹൃത്തുക്കളും ചുവടുവച്ചിരിക്കുന്നത്.
അതിമനോഹരം എന്നാണ് ഡാൻസ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. പതിവുപോലെ ലിസി, പൂർണിമ ഭാഗ്യരാജ്, ഖുശ്ബു, സുഹാസിനി മണിരത്നം എന്നിവരായിരുന്നു റീയൂണിയന്റെ സംഘാടകർ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെയും അഭിനേതാക്കൾ ഈ ഒത്തുചേരലിന്റെ ഭാഗമാകാൻ ചെന്നൈയിലെത്തി.
പങ്കെടുത്ത 31 പേരിൽ ചിരഞ്ജീവി, വെങ്കിടേഷ്, ജാക്കി ഷറോഫ്, ശരത്കുമാർ, രേവതി, രമ്യ കൃഷ്ണൻ, രാധ, ശോഭന, പ്രഭു, നദിയ, സുഹാസിനി, ജയസുധ, സുമലത, റഹ്മാൻ, ഖുശ്ബു, നരേഷ്, സുരേഷ്, മേനക, ജയറാം, പാർവതി ജയറാം, സരിത, ഭാനു ചന്ദർ, മീന, ലത, സ്വപ്ന, ജയശ്രീ, ഭാഗ്യരാജ് എന്നിവരുമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates