

ഈ ഓണത്തിനിറങ്ങിയ സിനിമകളാണ് ലോകയും ഹൃദയപൂര്‍വ്വവും. ലോക വന്‍ വിജയമായി മാറിയപ്പോള്‍ ഹൃദയപൂര്‍വ്വും കയ്യടികളോടെ മുന്നേറുകയാണ്. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലിറങ്ങിയ ഹൃദയപൂര്‍വ്വം ലോകയുടെ സമാനതകളില്ലാത്ത വിജയത്തിനിടയിലും നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശനം തുടരുന്നത്. രണ്ട് സിനിമകളും മലയാളികള്‍ ഏറ്റെടുത്തതായാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇപ്പോഴിതാ ഹൃദയപൂര്‍വ്വത്തേയും തന്റെ സുഹൃത്തായ സംഗീത് പ്രതാപിനേയും അഭിനന്ദിച്ചിരിക്കുകയാണ് ലോകയിലെ നായകന്‍ നസ്ലെന്‍. ഹൃദയപൂര്‍വ്വത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷങ്ങളിലൊന്നില്‍ സംഗീത് പ്രതാപുമെത്തിയിരുന്നു. മോഹന്‍ലാല്‍-സംഗീത് കോമ്പോ പ്രേക്ഷകരുടെ കയ്യടി നേടുന്നതിനിടെയാണ് നസ്ലെന്റെ പ്രശംസ.
ഹൃദയപൂര്‍വ്വം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും സംഗീതിനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും നസ്ലെന്‍ പറയുന്നു. ''ഹൃദയപൂര്‍വ്വം ഇപ്പോള്‍ കണ്ടിറങ്ങിയതേയുള്ളൂ. സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നല്ലൊരു ഫീല്‍ ഗുഡ് വൈബ് ആയിരുന്നു. സംഗീതേട്ടന്റെ അഭിനയം വളരെ മികച്ചതായിരുന്നു. സത്യം പറഞ്ഞാല്‍, നിങ്ങളെയൊര്‍ത്ത് അഭിമാനമുണ്ട്'' എന്നാണ് നസ്ലെന്‍ കുറിച്ചത്.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍, ചിത്രത്തിലെ നായിക മാളവിക മോഹനന്‍, സംഗീത് പ്രതാപ് എന്നിവരെ ടാഗ് ചെയ്താണ് നസ്ലെന്‍ തന്റെ സ്‌നേഹം പങ്കിട്ടത്. അതേസമയം നസ്ലെന്‍ ഹൃദയപൂര്‍വ്വത്തെക്കുറിച്ച് സംസാരിക്കവെ മോഹന്‍ലാലിനെ പരാമര്‍ശിക്കുകയോ അദ്ദേഹത്തെ ടാഗ് ചെയ്യുകയോ ചെയ്യാത്തതിനെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.
'രണ്ട് സിനിമ വിജയിച്ചപ്പോഴേക്കും ഇത്രയ്ക്ക് അഹങ്കാരം ആയോ നമ്മുടെ യുവ നടന്മാര്‍ക്ക്. നായകനും സിനിമയുടെ പ്രധാന ഘടകവുമായ മോഹന്‍ലാലും ഡയറക്ടര്‍ സത്യന്‍ അന്തിക്കാടും സ്റ്റോറിയിലില്ല, ഒരു പരാമര്‍ശം പോലും ഇല്ല. തന്റെ സിനിമയോട് ക്ലാഷ് വച്ചതിന് പകരം ആയിട്ട് ആണോ നാസ്ലെന്‍ ഇന്‍ഡസ്ട്രിയിലെ സീനിയേഴ്‌സ് ആയ മോഹന്‍ലാലിനെയും സത്യന്‍ അന്തിക്കാടിനെയും മനപൂര്‍വ്വം ഒഴിവാക്കിയത്?' എന്നാണ് ചിലര്‍ ചോദിക്കുന്നത്.
'മോഹന്‍ലാലിനെ ടാഗ് ചെയ്യാന്‍ മറന്നുവെന്നാണോ? ലോകയുടെ വിജയം ചെക്കന്റെ തലയ്ക്ക് പിടിച്ചുവോ?, ഇത്ര ചെറിയ പ്രായത്തില്‍ ഇതുപോലെ അഹങ്കാരവും അനാദരവും കാണിക്കുകയാണെങ്കില്‍ അധികദൂരം പോകില്ല' എന്നിങ്ങനെയാണ് മറ്റ് ചിലര്‍ പറയുന്നത്. അതേസമയം സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളോട് നസ്ലെന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
