

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് നവ്യ നായർ. രത്തീന സംവിധാനം ചെയ്ത പാതിരാത്രിയാണ് നവ്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. നവ്യയുടെ ആദ്യത്തെ പൊലീസ് വേഷം കൂടിയാണ് പാതിരാത്രിയിലേത്. ദീപാവലി റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് നേടുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരഭിമുഖത്തിൽ നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. വിവാഹശേഷം സിനിമയിൽ അഭിനയിക്കാൻ വരുന്ന നായികമാരെക്കുറിച്ച് ആളുകൾക്കുള്ള മനോഭാവത്തെക്കുറിച്ചാണ് നവ്യ സംസാരിച്ചത്. അതോടൊപ്പം ഒരു നടിയെന്ന നിലയിൽ നേരിടേണ്ടി വന്ന വെല്ലുവിളിയെക്കുറിച്ചും നവ്യ തുറന്നു പറഞ്ഞു.
"പതിനഞ്ചാം വയസിലാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. 24-ാം വയസിൽ വിവാഹിതയായി. ആ കാലഘട്ടത്തിൽ ഒരു നായിക വിവാഹശേഷം സിനിമയിൽ നിന്നും അകന്നുനിൽക്കുമെന്ന് കരുതുന്ന പൊതുവായ ധാരണ സമൂഹത്തിലുണ്ടായിരുന്നു. വിവാഹിതയായ നായിക എന്നൊരു വേറിട്ട വിഭാഗമായിത്തന്നെ ആളുകൾ കാണുമായിരുന്നു.
കല്യാണം കഴിഞ്ഞിട്ടും അഭിനയിക്കുന്നത് പലരും തിരിച്ചുവരവ് എന്ന രീതിയിൽ കാണുകയും ഇപ്പോൾ എന്താണ് മാറ്റം വന്നത് എന്നൊരു കണക്കുകൂട്ടലോടെ ഉറ്റുനോക്കുകയും ചെയ്യും. ഇപ്പോഴത്തെപ്പോലെ വിവാഹം ഒരു വലിയ സംഭവമായി എടുക്കാതെ, അതിനുശേഷം ഒരു ദീർഘമായ ഇടവേള ഉണ്ടാകാതെ തന്നെ കരിയർ തുടരുന്ന സമീപനം അന്ന് അത്ര സാധാരണമായിരുന്നില്ല.
എന്നാൽ, നായക നടന്മാരെക്കുറിച്ച് ആരും അങ്ങനെ ചിന്തിക്കാറില്ല. അവർക്ക് എത്ര കുട്ടികളുണ്ടായാലും വിവാഹിതരായാലും പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന വിഭാഗത്തിൽ കാണാറില്ല. സ്ത്രീകളുടെ കാര്യത്തിൽ അതിന് എതിർ രീതിയിലാണ് സമീപനം. ഒരു മോഡേൺ വേഷം ധരിച്ചാൽപ്പോലും അതിനെപ്പറ്റി അഭിപ്രായങ്ങൾ പറയും.
ഒരു നടിയായി എനിക്ക് തോന്നിയിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളി ഇതാണ്", -നവ്യ നായർ പറയുന്നു. അതേസമയം സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ എന്നിവരും പാതിരാത്രിയിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് രചിച്ച ചിത്രമാണ് പാതിരാത്രി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates