

നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ചെന്നൈയിലെ അതിസമ്പന്ന മേഖലയായ പോയസ് ഗാർഡനിൽ പുതിയ ആഢംബര വസതി സ്വന്തമാക്കി. 31.5 കോടി രൂപ വിലമതിക്കുന്ന വലിയ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണ് താരദമ്പതികൾ വാങ്ങിയത്. രജനികാന്ത്, അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത എന്നിവരുടെ വസതികൾ സ്ഥിതി ചെയ്യുന്ന പോയസ് ഗാർഡനിലെ 'ലെഗസി' പ്രൊജക്റ്റിലാണ് ഈ സ്വപ്ന ഭവനം.
പോയസ് ഗാർഡനിലെ ഈ വസതിയുടെ വലുപ്പവും സൗകര്യങ്ങളും ഏതൊരാളെയും അമ്പരപ്പെടുത്തും. നാല്, അഞ്ച് നിലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റിന് 14,369 ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. എട്ട് കാറുകൾ പാർക്ക് ചെയ്യാനുള്ള വിശാലമായ പാർക്കിങ് ഏരിയയും ഈ ആഢംബര വസതിയിലുണ്ട്.
രേഖകൾ പ്രകാരം പ്രോപ്പർട്ടിയുടെ 90 ശതമാനം ഉടമസ്ഥാവകാശവും നയൻതാരയുടെ പേരിലാണ്. ബാക്കി 10 ശതമാനം വിഹിതം മാത്രമാണ് ഭർത്താവ് വിഘ്നേഷ് ശിവനുള്ളത്. 2025 ഡിസംബർ 15-നാണ് ലാൻഡ്‌മാർക്ക് മെട്രോ പ്രൊജക്ട്‌സിൽ നിന്നും ഇരുവരും ഈ വസ്തു ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് വാങ്ങിയത്.
ചെന്നൈയ്ക്ക് പുറമേ മറ്റ് നഗരങ്ങളിലും നയൻതാരയ്ക്ക് വൻതോതിലുള്ള നിക്ഷേപങ്ങളുണ്ട്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ 15 കോടി രൂപ വീതം വിലമതിക്കുന്ന രണ്ട് വീടുകളും കേരളത്തിൽ അതീവ ആഢംബരങ്ങളുള്ള കുടുംബ വീടും താരത്തിനുണ്ട്. 2024 ൽ നടൻ ധനുഷ് പോയസ് ഗാർഡനിൽ 150 കോടിയുടെ ബംഗ്ലാവ് പണിതിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates