

സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ പലപ്പോഴും താരങ്ങള്‍ക്ക് സമ്മാനിക്കുക വലിയ ട്രോമകളാണ്. ഒരൊറ്റ കമന്റിന് അവരുടെ ജീവിതത്തെ തന്നെ താറുമാറാക്കാന്‍ സാധിക്കും. സോഷ്യല്‍ മീഡിയ നല്‍കുന്ന മുഖംമൂടിയുടെ സൗകര്യത്തില്‍ മറഞ്ഞു നിന്ന് മറ്റുള്ളവരുടെ ജീവിതത്തെ വിധിക്കുന്നവര്‍ തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ ഇംപാക്ട് പലപ്പോഴും തിരിച്ചറിയുന്നില്ല, അല്ലെങ്കില്‍ അതിനെ അവഗണിക്കുന്നു. ഇപ്പോഴിതാ തന്റെ മകളെക്കുറിച്ചുള്ളൊരു കമന്റ് തന്നെ എത്തരത്തിലാണ് തളര്‍ത്തിയതെന്ന് പറയുകയാണ് നടി നീന കുറുപ്പ്.
മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നീന കുറുപ്പ് മനസ് തുറന്നത്. 15 കാരിയായ തന്റെ മകളെ ചേര്‍ത്തു പറഞ്ഞ ആ കമന്റ് കണ്ടതോടെയാണ് താന്‍ അഭിമുഖങ്ങള്‍ നല്‍കാതായതെന്നാണ് നീന പറയുന്നത്. കമന്റ് ചെയ്യുന്നവര്‍ തങ്ങള്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന് ചിന്തിക്കണം. അത് ആ കുട്ടിയെ എങ്ങനെ വിഷമിപ്പിക്കും എന്ന് ചിന്തിക്കണമെന്നാണ് നീന കുറുപ്പ് പറയുന്നത്.
''മകള്‍ക്ക് 15 വയസ് ആയപ്പോള്‍ ഞാന്‍ അവള്‍ക്കൊരു കുതിരയെ വാങ്ങിക്കൊടുത്തു. അത് വൈറലായിരുന്നു. ഏതോ ചാനല്‍ വന്ന് അഭിമുഖമൊക്കെ എടുത്തിരുന്നു. മറ്റൊരു ചാനലിലെ പരിപാടിയില്‍ ഇന്റര്‍വ്യു ചെയ്യുന്നവര്‍ കല്യാണത്തെക്കുറിച്ച് ചോദിച്ചു. ഞാനും ഭര്‍ത്താവും അകന്നു കഴിയുന്നവരാണ്. പക്ഷെ ഞങ്ങള്‍ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യുന്നവരാണ്. കാരണം ഞങ്ങള്‍ക്കിടയില്‍ മകള്‍ എന്നൊരു കോമണ്‍ ഫാക്ടറുണ്ട്. അകന്നാണ് കഴിയുന്നതെങ്കിലും സ്ഥിരമായി ബന്ധപ്പെടാറുണ്ട്. അവിടുത്തെ എന്ത് കാര്യത്തിനും ഞാന്‍ പോകാറുണ്ട്. അദ്ദേഹം വീട്ടിലും വരാറുണ്ട്. ഞങ്ങള്‍ക്കിടയില്‍ നല്ല റാപ്പോ ഉണ്ട്'' നീന പറയുന്നു.
''ചേച്ചിയ്ക്ക് ആണ്‍തുണയില്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചു. വളരെ തമാശയായിട്ടാണ് ഞാന്‍ മറുപടി നല്‍കിയത്. ആണ്‍ തുണ ഉള്ളപ്പോഴാണ് കൂടുതല്‍ സ്ട്രസ്. രാവിലെ ഭക്ഷണമുണ്ടാക്കി കൊടുക്കണം, ഉച്ചയ്ക്ക് ഭക്ഷണമുണ്ടാക്കണം. ഉപ്പ് നോക്കണം, പുളി നോക്കണം, ഇല്ലെങ്കില്‍ അവര്‍ക്ക് വിഷമമാകും. അതാണ് നമ്മള്‍ നമ്മുടെ അമ്മമാരില്‍ കണ്ടിട്ടുള്ളത്. ഡാഡിയ്ക്ക് രുചികരമാകുന്നുണ്ടോ എന്നാണ് അമ്മ എപ്പോഴും നോക്കിയിരുന്നത്. ഞങ്ങളുടെ ഇഷ്ടമായിരുന്നില്ല. അത് കണ്ടാണല്ലോ ഞങ്ങളും പഠിക്കുന്നത്. അതിനാല്‍ ആണ്‍ തുണയില്ലെങ്കില്‍ സമാധാനം ആണെന്ന് ഞാന്‍ പറഞ്ഞു'' താരം പറയുന്നു.
''പക്ഷെ കമന്റ് വന്നത് അതുകൊണ്ടാണോ മകള്‍ക്കൊരു കുതിരയെ വാങ്ങിക്കൊടുത്തത് എന്നായിരുന്നു. ഒരു പതിനഞ്ചുകാരിയെ സംബന്ധിച്ച് അത് വളരെ മോശം കമന്റായിരുന്നു. അത് പറയാന്‍ പാടില്ലായിരുന്നു. അന്ന് മുതലാണ് എനിക്ക് അഭിമുഖങ്ങളോട് ഇഷ്ടക്കേട് തോന്നിയത്. സിനിമയെക്കുറിച്ച് മാത്രമാണ് ചോദിക്കുന്നതെങ്കില്‍ പ്രശ്‌നമില്ല. വ്യക്തി ജീവിതത്തെക്കുറിച്ച് പറയുമ്പോഴാണ് നമ്മള്‍ പറയുന്നത് വേറെ രീതിയില്‍ എടുക്കുന്നത്. കമന്റ് ചെയ്യുന്നവര്‍ തങ്ങള്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന് ചിന്തിക്കണം. അത് ആ കുട്ടിയെ എങ്ങനെ വിഷമിപ്പിക്കും എന്ന് ചിന്തിക്കണം. നമ്മള്‍ കുറേക്കൂടി ബോധപൂര്‍വ്വം പെരുമാറണം'' നീന കുറുപ്പ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates