കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് എറണാകുളം ജില്ലയിൽ ആരും പട്ടിണി കിടക്കരുതെന്ന ഉദ്ദേശത്തോടെ സിനിമ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ നേതൃത്വത്തിൽ കോവിഡ് കിച്ചൻ നടത്തിയിരുന്നു. താരങ്ങൾ ഉൾപ്പടെ നിരവധിപേർ പങ്കുചേർന്ന ഉദ്യമത്തിലൂടെ ആയിരക്കണക്കിന് പേരുടെയാണ് വിശപ്പകറ്റിയത്. വീണ്ടും കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കോവിഡ് കിച്ചന്റെ പ്രവർത്തനം വീണ്ടും ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ബാദുഷ. മോശം സാഹചര്യത്തിലായതിനാൽ പഴയ പോലെ വിപുലമായ പരിപാടി സാധ്യമല്ലെന്നാണ് ബാദുഷ ഫേയ്സ്ബുക്കിൽ കുറിക്കുന്നത്. നാളെ വൈകിട്ടു മുതൽ കോവിഡ് കിച്ചന്റെ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം.
ബാദുഷയുടെ കുറിപ്പ് വായിക്കാം
പ്രിയരേ,
കോവിഡിന്റെ ഭീകരമായ ഘട്ടത്തില്‍ എറണാകുളം ജില്ലയില്‍ 'ആരും പട്ടിണി കിടക്കരുത്' എന്ന ഉദ്ദേശത്തില്‍ ഒരു കോവിഡ് കിച്ചണ്‍ കൂട്ടായ്മ ഉണ്ടായിരുന്നു. അത് ഒരു വന്‍ വിജയമായി മുമ്പോട്ട് പോകുകയുണ്ടായി. പക്ഷേ ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് പഴയ പോലെ വിപുലീകരിച്ചുള്ള പരിപാടി സാധ്യമല്ല, ആകയാല്‍ നാളെ വൈകീട്ട് മുതല്‍ കോവിഡ് കിച്ചണ്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയാണ്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ ലഘുവായ രീതിയില്‍ പറ്റാവുന്നത്ര പാവങ്ങളുടെ വിശപ്പ് മാറ്റുക എന്ന ഉദ്ദേശത്തില്‍ തുടങ്ങുന്ന കോവിഡ് കിച്ചണിന് എല്ലാവരുടേയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാവണം....
എന്ന്,
നിങ്ങളുടെ സ്വന്തം
ബാദുഷ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates