

ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രമാണ് ‘മായൻ - ചാപ്റ്റർ 1’. ഡിസംബർ മൂന്നിന് ചിത്രം തിയറ്ററുകളിലെത്തും. നൈല ഉഷ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിന്റെ ഡബ്ബിങ്ങിനിടെ നടൻ മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് നൈലയിപ്പോൾ.
'മായ'ന്റെ പ്രൊമോഷന്റെ ഭാഗമായി ഒറിജിനൽസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നൈല. "മായൻ' സിനിമയുടെ ഡബ്ബിങ്ങിന് ഞാൻ ചെന്നപ്പോൾ 'ഒഎം' സിനിമയുടെ ഡബ്ബിങ്ങ് മമ്മൂക്കയുടെ അവിടെ നടന്നു കൊണ്ടിരിക്കുകയായിരുന്നു. മമ്മൂക്ക അവിടെയുള്ളതു കൊണ്ട്, മനസിൽ ഞാനാദ്യം ചിന്തിക്കുന്നത്, അദ്ദേഹത്തിന്റെ ഡബ്ബിങ്ങിന് ഒരു ശല്യവുമുണ്ടാക്കാതെ ഡബ്ബ് ചെയ്തിട്ട് അങ്ങ് പോകാം എന്നായിരുന്നു.
കുറച്ചുകഴിഞ്ഞ് സംവിധായകൻ ജിതിനൊക്കെ എന്നോട് ചോദിച്ചു, മമ്മൂക്കയെ കണ്ടില്ലേ എന്ന്. അപ്പോൾ ഞാൻ ചോദിച്ചു, ഞാൻ ഇനി ചെന്നു കഴിഞ്ഞാൽ മമ്മൂക്കയ്ക്ക് ശല്യമാകില്ലേ എന്ന്. അപ്പോൾ അവർ പറഞ്ഞു, അതെന്താ അങ്ങനെ പറയുന്നേ പോയി അദ്ദേഹത്തെ കാണൂ എന്ന്. അപ്പോൾ ഞാനോർത്തു ശരിയാണല്ലോ.
അങ്ങനെയാണ് അദ്ദേഹത്തെ പോയി കണ്ടത്. അപ്പോൾ ഒഎം സിനിമയുടെ ആൾക്കാർ തന്നെ എന്നോട് പറഞ്ഞു, ഡബ്ബിങ് അഞ്ച് ദിവസമായിട്ട് നടന്നു കൊണ്ടിരിക്കുകയാണ്. ഡബ്ബിങ് മുന്നോട്ട് പോകുന്നില്ല. കാരണം അദ്ദേഹത്തെ കാണാൻ ഇതുപോലെ ഓരോരുത്തർ വരുന്നു, പോകുന്നു ഫോട്ടോ എടുക്കുന്നു.
അതുകൊണ്ട് ഡബ്ബിങ് ഓരോ ദിവസവും കുറച്ചു കുറച്ചേ നടക്കുന്നുള്ളൂവെന്ന്. അദ്ദേഹത്തെ കാണാനായത് വലിയൊരു അനുഭവമായിരുന്നു. എന്നിട്ട് അദ്ദേഹം എന്നോട് ചോദിച്ചു, 'നീ ഈ സിനിമയിൽ കറുത്തമ്മ ആയിട്ടാണോ അഭിനയിക്കുന്നത്' എന്ന്. 'നീ ആണോ ഈ സിനിമയിലെ കറുത്തമ്മ' എന്നൊക്കെ ചോദിച്ചു".- നൈല ഉഷ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates