

ഹാപ്പി വെഡ്ഡിങ്ങിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ ഒമർ ലുലു. റോം കോം ആയെത്തുന്ന ചിത്രം ഉടനെ ആരംഭിക്കുമെന്നും ഒമർ ലുലു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഒമർ ലുലുവിന്റെ കരിയർ ബെസ്റ്റ് എന്ന് അറിയപ്പെടുന്ന ചിത്രമാണ് 'ഹാപ്പി വെഡ്ഡിങ്'. രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സംവിധായകൻ പങ്കുവച്ചിട്ടില്ല.
സിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ എന്നിവരായിരുന്നു ഹാപ്പി വെഡ്ഡിങ്ങിലെ പ്രധാന താരങ്ങൾ. 2016 ൽ പുറത്തിറങ്ങിയ ചിത്രം ഹിറ്റായി മാറുകയും ചെയ്തു. മനീഷ് കെ സിയും പ്രനീഷും ചേർന്നെഴുതിയ ചിത്രം നിർമിച്ചത് നാസർ അലിയായിരുന്നു.
സിനു സിദ്ധാർഥ് ഛായാഗ്രാഹകനായ ചിത്രത്തിന് അരുൺ മുരളീധരൻ സംഗീതവും വിമൽ ടി കെ പശ്ചാത്തല സംഗീതവുമൊരുക്കി. ദൃശ്യ രഘുനാഥ് ആണ് ചിത്രത്തിൽ നായികയായെത്തിയത്. അനു സിത്താര, ഗ്രേസ് ആന്റണി, മറീന മൈക്കിൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
2024 ൽ പുറത്തിറങ്ങിയ ബാഡ് ബോയ്സ് ആണ് ഒമർ ലുലുവിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ധ്യാൻ ശ്രീനിവാസൻ, റഹ്മാൻ, ബാബു ആന്റണി, ഷീലു എബ്രഹാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
എന്നാൽ തിയറ്ററിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബാഡ് ബോയ്സിന് ആയില്ല. ചങ്ക്സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങളും ഒമർ ലുലു സംവിധാനം ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates