മികച്ച അഭിപ്രായം നേടിയ ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ. തിയറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ ടെലഗ്രാമിലും മറ്റും പ്രചരിച്ചിരുന്നു. എന്നാൽ ചെറിയ കുട്ടികളെ ഉപയോഗിച്ച് വ്യാജ പ്രിന്റുകൾ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. ഓപ്പറേഷൻ ജാവ നെറ്റിൽ നിന്നും ഡൌൺലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു പത്ത് വയസുകാരൻ പയ്യൻ വിവരിക്കുകയാണ്. ആദ്യ വിഡിയോ റിപ്പോർട്ട് ചെയ്ത് യൂട്യൂബിൽ നിന്ന് നീക്കം ചെയ്തപ്പോൾ വീണ്ടും ചെറിയ കുട്ടിയെ വച്ച് മറ്റൊരു വിഡിയോ വന്നുവെന്നാണ് തരുൺ പറയുന്നത്. ഇത് എന്ത് തരം വ്യവസായമാണെന്നും അദ്ദേഹം ചോദിക്കുന്നു. ജാവ ഒടിടിയിൽ റിലീസ് ചെയ്യുന്നുണ്ടെന്നും ദയവായി ഇങ്ങനെ സിനിമകാണരുതെന്നും തരുൺ കുറിക്കുന്നു.
തരുൺ മൂർത്തിയുടെ കുറിപ്പ് വായിക്കാം
ഏറെ വിഷമത്തോടെയാണ് ഈ കാര്യം ഞാൻ ഷെയർ ചെയുന്നത്..!!
മൂന്നു ദിവസം മുൻപ് ഒരു മലയാളി 10 വയസ്കരന്റെ വ്ലോഗ് പോലെ ഒരു വീഡിയോ ആണ് ആദ്യം ശ്രദ്ധയിൽ പെടുന്നത്.ഓപ്പറേഷൻ ജാവ നെറ്റിൽ നിന്നും ഡൌൺലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു ആ പയ്യൻ നിന്ന് വിവരിക്കുന്നു,
ആരോ വലിയ അണ്ണന്മാർ ഷൂട്ട് ചെയുന്നതാണ്, അവർ തന്നെയാകണം youtb ൽ അപ്‌ലോഡ് ചെയുന്നതും.
കണ്ടപ്പോ ഒരു ഒരു തരം ഞെട്ടൽ ആയിരുന്നു,
10 വയസ് കാരൻ പയ്യനെ വെറുതെ ഉപദ്രവിക്കണ്ട എന്ന് കരുതി ഞങ്ങൾ അത് യൂട്യൂബിൽ റിപ്പോർട്ട് ചെയ്തു നീക്കി..
പക്ഷെ
ഇന്ന് വീണ്ടും മറ്റൊരു പത്തു വയസ്കരൻ യൂട്യൂബിൽ ഓപ്പറേഷൻ ജാവ ടെലെഗ്രാമിൽ നിന്നും ഡൌൺലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു വ്ലോഗ്സ് വന്ന് തുടങ്ങി.
ഇത് എന്ത് തരം വ്യവസായമാണ്??..!!
ടെലെഗ്രാമിൽ പടം വന്നു,
റോക്കർസ് ൽ പടം വന്നു എന്നൊക്കെ പറഞ്ഞു എനിക്ക് സിനിമ സ്നേഹികൾ മെസ്സേജ്കൾ അയക്കാറുണ്ട്, അപ്പോ തന്നെ നമ്മൾ
നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഒകെ ചെയുന്നുമുണ്ട്!!
എന്റെ അപേക്ഷ ഇതാണ്.
ഈ മോശം പ്രിന്റ് കാണാൻ വേണ്ടി നിങ്ങൾ ഈ വില പെട്ട mb യും സമയവും കളയല്ലേ...!!
ജാവ OTT യിലും ചാനൽ കളിലും വരുന്നുണ്ട്. തീയേറ്ററിൽ വന്ന് കാണണം എന്ന് ഞങ്ങൾ വാശി പിടിക്കുന്നില്ല..വാശി പിടിച്ചിട്ട് ഈ സാഹചര്യത്തിൽ കാര്യവും ഇല്ല,
ദയവ് ചെയ്തു ഇങ്ങനെ ഈ സിനിമ കാണരുത്, നിങ്ങൾ ഓരോ ആളുകൾ കാണുന്നില്ല എന്ന് വിചാരിക്കുന്നിടത് തിരുന്ന പ്രശ്‌നമേ ഉള്ളു ഇത്... ഇപ്പോഴും ടെലെഗ്രാമിൽ നിന്നും പടം കണ്ട് അഭിപ്രായങ്ങൾ വിളിച്ചു പറയുന്ന ആളുകൾ ഉള്ള നാട് ആണ്.. ലാസ്റ്റ് ദിവസവും വാ തോരാതെ അഭിപ്രായങ്ങൾ പറഞ്ഞ അള്ളോട് എവിടെയാ കണ്ടത് എന്ന് ചോദിച്ചപ്പോ ടെലെഗ്രാമിൽ എന്ന് ഒരു ഉളുപ്പും ഇല്ലാതെ തഗ് അടിച്ച അനുഭവം ഉണ്ടായിട്ടുണ്ട്.
സിനിമ വ്യവസായത്തിന്റെ കണക്കും, നഷ്ടവും, ലാഭവും ഒന്നും പറയുന്നില്ല, പറഞ്ഞാൽ അത് ആർക്കും മനസിലാക്കുകയും ഇല്ല..പക്ഷെ...
ജാവയുടെ ക്രീയേറ്റീവ് ഹെഡ് എന്ന നിലയിൽ ജാവയുടെ തീയേറ്റർ പ്രിന്റ് കാണാൻ നിങ്ങൾ തീരുമാനിക്കുന്ന ഇടതാണ് എന്റെ സങ്കടം.
അങ്ങനെ നിങ്ങൾ ജാവ കാണരുത്, കണ്ടില്ല എങ്കിൽ കണ്ടില്ലന്നെ ഉള്ളു,ഒരു സങ്കടവും ഇല്ല കണ്ടില്ല എങ്കിൽ..
അത് പോലെ..
ദയവ് ചെയ്ത് ചെയുന്നത് എന്താണ് എന്ന് അറിയാതെ കുഞ്ഞുങ്ങളെ ഇത് പൊലുള്ള ക്രൈം കളിൽ ഉപയോഗിക്കരുത്...
ഇതൊക്കെ തന്നെ സംസാരിക്കുന്ന ഒരു സിനിമ ചെയ്ത സംവിധായകൻ
തരുൺ മൂർത്തി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates