'ജീവൻ പോലും നോക്കാതെ ചെയ്ത സിനിമ, തെറ്റുകൾ സംഭവിച്ചു'; സൂര്യ നായകനായ ചിത്രത്തെക്കുറിച്ച് സംവിധായകൻ
സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രമാണ് എതർക്കും തുനിന്തവൻ. 2022 ൽ പുറത്തിറങ്ങിയ ചിത്രം തിയറ്ററുകളിൽ പരാജയമായി മാറിയിരുന്നു. പ്രിയങ്ക മോഹൻ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ പാണ്ഡിരാജ്.
മൂന്ന് വർഷത്തോളം താൻ ആ ചിത്രത്തിനായി കഷ്ടപ്പെട്ടുവെന്നും എന്നാൽ അതിന്റെ ഫലം തനിക്ക് ലഭിച്ചില്ലെന്നും പറയുകയാണ് പാണ്ഡിരാജ്. സൂര്യ നായകനായി പിന്നീട് വന്ന ചിത്രങ്ങൾക്ക് എതർക്കും തുനിന്തവന്റെ കളക്ഷൻ മറിക്കടക്കാനായില്ലെന്നും സംവിധായകൻ വ്യക്തമാക്കി. സിനിമ ഉലകം എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"ഞാൻ കാർത്തിക്ക് കടൈകുട്ടി സിങ്കം എന്ന വലിയ ഹിറ്റ് നൽകി. അദ്ദേഹത്തിന്റെ സഹോദരൻ സൂര്യയ്ക്ക് എതർക്കും തുനിന്തവനിലൂടെ അതിലും വലിയ ഹിറ്റ് നൽകാനാണ് ആഗ്രഹിച്ചത്. അത് പക്ഷേ പ്രേക്ഷകരുമായി കണക്ട് ആയില്ല. ഞാൻ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. തെറ്റുകൾ സംഭവിച്ചു. അത് ഞാൻ സമ്മതിക്കുന്നു.
പക്ഷേ ആ സിനിമയ്ക്ക് വേണ്ടി ഞാൻ കഠിനാധ്വാനം ചെയ്തില്ലെന്ന് പറഞ്ഞ് തള്ളിക്കളയാൻ കഴിയില്ല. സത്യം പറഞ്ഞാൽ കോവിഡ് കാലത്ത് ഞങ്ങളുടെ ജീവനെക്കുറിച്ച് പോലും ചിന്തിക്കാതെ കഠിനാധ്വാനം ചെയ്തത് എതർക്കും തുനിന്തവന് വേണ്ടിയായിരുന്നു". - പാണ്ഡിരാജ് പറഞ്ഞു.
സിനിമയുടെ കാര്യത്തിൽ സൂര്യയും നിർമാതാവും സന്തുഷ്ടരായിരുന്നുവെന്നും പക്ഷേ സിനിമയ്ക്ക് വലിയ കളക്ഷൻ നേടാനായില്ലെന്നും പാണ്ഡിരാജ് വ്യക്തമാക്കി. "അത് വലിയ സംഖ്യകളൊന്നും നേടിയില്ല. അതാണ് സത്യം, അത് ദുഃഖകരമാണ്.
എതർക്കും തുനിന്തവന് ശേഷം സൂര്യയുടേതായി വന്ന സിനിമകൾക്ക് അതിന്റെ കളക്ഷൻ മറിക്കടക്കാൻ കഴിഞ്ഞിട്ടില്ല. സിനിമാ ട്രേഡ് അനലിസ്റ്റുമാരോട് ആരോട് വേണമെങ്കിലും ചോദിക്കാം. അതാണ് സത്യം. പക്ഷേ നമുക്കത് പ്രചരിപ്പിച്ച് നടക്കാൻ കഴിയില്ല.
അതിനു ശേഷം വന്ന സൂര്യയുടെ രണ്ട് സിനിമകൾക്കും എതർക്കും തുനിന്തവന്റെ കളക്ഷന്റെ അടുത്ത് പോലും എത്താൻ കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്". - പാണ്ഡിരാജ് വ്യക്തമാക്കി.
എതർക്കും തുനിന്തവന് ശേഷം സൂര്യയുടേതായി റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളാണ് കങ്കുവയും റെട്രോയും. രണ്ട് വൻ ഹൈപ്പിലാണ് പ്രേക്ഷകരിലേക്കെത്തിയതെങ്കിലും ബോക്സോഫീസിൽ പരാജയമായി മാറി. ആർജെ ബാലാജി ഒരുക്കുന്ന കറുപ്പ് ആണ് സൂര്യയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രം.
അതേസമയം വിജയ് സേതുപതി, നിത്യ മേനോൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിയൊരുക്കിയ തലൈവൻ തലൈവി ആണ് പാണ്ഡിരാജിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.
Cinema News: Director Pandiraj talks about Etharkkum Thunindhavan failure.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


