

'കിരീടം' റീ റിലീസിനെ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി നടി പാർവതിയാണ് എത്തിയത്. കഴിഞ്ഞദിവസം കൊച്ചിയിൽ ചിത്രത്തിന്റെ റീ-റിലീസ് ട്രെയ്‌ലർ ലോഞ്ചും നടന്നിരുന്നു.
ട്രെയ്‌ലർ ലോഞ്ചിൽ പാർവതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് ഇതുപോലെയൊരു വേഷം തന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് പാർവതി പറഞ്ഞു. നല്ലൊരു സഹതാരമെന്ന നിലയിൽ നൽകിയ പിന്തുണയ്ക്ക് മോഹൻലാലിനോടും പാർവതി നന്ദി പറഞ്ഞു.
തനിക്കൊരു 'കടം വീട്ടാനുണ്ട്' എന്നാണ് പാർവതി ട്രെയ്‌ലർ ലോഞ്ചിൽ പറഞ്ഞത്. സിനിമ റിലീസ് ചെയ്ത കാലം മുതൽ ഇന്നുവരെ ആ വലിയ അവസരം നൽകിയവരോട് ഔദ്യോഗികമായി നന്ദി പറയാൻ തനിക്ക് സാധിച്ചിരുന്നില്ല. തന്നെ വിശ്വസിച്ച് ഇത്രയും നല്ലൊരു അവസരം നൽകിയവരോടുള്ള ആ കടപ്പാട് തീർക്കാനാണ് താൻ ഈ ചടങ്ങിലേക്ക് എത്തിയതെന്ന് നടി വ്യക്തമാക്കി.
വർഷങ്ങൾക്ക് ശേഷം സിനിമയിലെ പഴയ സഹപ്രവർത്തകരെ വീണ്ടും കാണാൻ സാധിച്ചതിലും ആ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിലും തനിക്ക് വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് പാർവതി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. "കിരീടം' എന്ന സിനിമ റിലീസായിട്ട് 37 വർഷമായി.
പക്ഷേ ഇന്നും ഞാൻ എവിടെ പോകുമ്പോഴും അതിലെ ദേവി എന്ന കഥാപാത്രത്തെക്കുറിച്ച് ആളുകൾ പറയും. ഇത്രയും കാലമായി എനിക്ക് അത്രയും അഭിനന്ദനം ലഭിച്ച മറ്റൊരു കഥാപാത്രമില്ല. രണ്ടുദിവസം മുൻപ് സിബി സാർ വിളിച്ച് ഇങ്ങനെയൊരു ചടങ്ങിനെക്കുറിച്ച് പറഞ്ഞപ്പോൾ ഉറപ്പായും വരാമെന്ന് ഞാൻ പറഞ്ഞു.
കാരണം എനിക്കൊരു കടം വീട്ടാനുണ്ട്. ഇത്രയും വർഷമായിട്ട് ആരോടും ഒരു നന്ദി ഞാനിതുവരെ പറഞ്ഞിട്ടില്ല. എന്നെ വിശ്വസിച്ച് ഇങ്ങനെയൊരു കഥാപാത്രം തന്നതിന്, അവസരം തന്നതിന് സിബി സാറിനോട്, ഉണ്ണിച്ചേട്ടനോട്, ദിനേശ് പണിക്കർ, വിജയകുമാർ സാർ, ഏറ്റവും കൂടുതൽ ലാലേട്ടനോട് നന്ദി പറയുന്നു.
ഏറ്റവും നല്ല സഹതാരമായി നിന്നതിന് അദ്ദേഹത്തോട് നന്ദി പറയുന്നു. ഇതിൽക്കൂടുതൽ എന്താണ് പറയേണ്ടതെന്നറിയില്ല. എന്നെ വിളിച്ചതിനും എല്ലാവരേയും കാണാൻ സാധിച്ചതിലും വളരെയേറെ സന്തോഷമുണ്ട്".- പാർവതി പറഞ്ഞു.
Parvathy Jayaram talks about Kireedam re release.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates