

താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടി മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരുന്നു. ഇംഗ്ലീഷിലായിരുന്നു മല്ലികയുടെ കുറിപ്പ്. ഇത്രയും മികച്ച ഭാഷയിലുള്ള ഇംഗ്ലീഷ് മകൻ പൃഥ്വിരാജ് എഴുതി നൽകിയ കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരം ചർച്ചകൾ വാർത്തയായതോടെ, കൃത്യമായ മറുപടിയും അതിന് പിന്നിലെ ഹൃദയസ്പർശിയായ കഥയും വെളിപ്പെടുത്തിയിരിക്കുകയാണ് മല്ലിക സുകുമാരനിപ്പോൾ.
ഇംഗ്ലീഷിൽ ഒരു കുറിപ്പ് എഴുതിയാൽ അത് എന്റെ മകനാണോ എഴുതിയത് എന്ന ചോദ്യകർത്താക്കൾക്കുള്ളതാണ് ഈ പോസ്റ്റ് എന്ന കുറിപ്പോടെയാണ് മല്ലിക കുറിച്ചിരിക്കുന്നത്. മുപ്പത് വർഷങ്ങൾക്ക് മുൻപ് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായിരുന്ന ഭർത്താവ് സുകുമാരൻ, അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനുമായി ആലോചിച്ച് തയ്യാറാക്കിയ ഒരു പ്രൊജക്ട് ഫയൽ ഇന്നും തന്റെ കയ്യിൽ ഭദ്രമായിരിപ്പുണ്ടെന്നും, അതിൽ പുതിയ സർക്കാരിലേക്ക് വേണ്ട മാറ്റങ്ങൾ വരുത്തിയാണ് താൻ പോസ്റ്റ് ചെയ്തതെന്നും മല്ലിക സുകുമാരൻ പറയുന്നു.
തനിക്ക് ഇംഗ്ലീഷ് എഴുതാൻ മക്കളുടെ സഹായം ആവശ്യമില്ലെന്നും എങ്കിലും മകന്റെ ഭാഷാ പരിജ്ഞാനത്തിന് കിട്ടിയ പ്രശംസയെന്ന നിലയിൽ ഒരു അമ്മയെന്ന നിലയ്ക്ക് ഈ ചോദ്യത്തെ താൻ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നുവെന്നും മല്ലിക കുറിച്ചു. 'അമ്മ' ഭാരവാഹികൾക്ക് വേണ്ടി ഒരു കത്തും മല്ലിക സുകുമാരൻ പങ്കുവച്ചിട്ടുണ്ട്.
മല്ലിക സുകുമാരന്റെ കുറിപ്പിന്റെ പൂർണരൂപം
മനോരമ മലയാളം ഓൺലൈൻ സാരഥികളോട് ഒരു അപേക്ഷ.....ഇംഗ്ലീഷിൽ ഒരു കുറിപ്പ് എഴുതിയാൽ അത് എന്റെ മകനാണോ എഴുതിയത് എന്ന ചോദ്യകർത്താക്കൾക്കുള്ളതാണ് ഈ പോസ്റ്റ്.... ഏതാണ്ട് പത്തു മുപ്പതു വർഷങ്ങൾക്കു മുൻപ് ചലച്ചിത്ര വികസന കോർപറേഷൻ തലപ്പത്ത് ഒരു ചെയർമാൻ ഉണ്ടായിരുന്നു...യശശരീരനായ സുകുമാരൻ.....
അദ്ദേഹം അക്കാലത്തു ആദരണീയനായ കെ കരുണാകരനുമായി ആലോചിച്ച് തയ്യാറാക്കിയ ഒരു പ്രൊജക്ട് ഉണ്ട്.... ആ ഫയൽ സുരക്ഷിതമായി എന്റെ കയ്യിൽ ഇന്നും ഉണ്ട്....അതു പരസ്യപ്പെടുത്തുന്നതിനു മുൻപ് തെരഞ്ഞെടുപ്പ് വരുന്നു എന്ന് അറിഞ്ഞപ്പോൾ പൊളിറ്റിക്കൽ മര്യാദയും ചട്ടവും അനുസരിച്ച് എന്റെ സുകുവേട്ടൻ അതു മാറ്റിവെച്ചു...പുതിയ സർക്കാർ വന്നപ്പോൾ വേണ്ടപ്പെട്ടവർ പലരും ഉണ്ടായിരുന്നിട്ടും ലീഡറുടെ സ്വപ്നമായിരുന്നു എന്ന കാരണത്താൽ അദ്ദേഹം അത് വീണ്ടും അവതരിപ്പിക്കാൻ കൂട്ടാക്കിയില്ല.....
രണ്ടാഴ്ച മുൻപ് ഈ പ്രൊജക്ടിന്റെ കാര്യം ഇന്നത്തെ ഭരണ നേതൃത്വത്തിൽ ഉള്ള ഒരു പ്രമുഖ വ്യക്തിയോട് ഞാൻ സൂചിപ്പിക്കുകയും ചെയ്തു....അതാണ് എന്റെ കുറിപ്പിന്റെ പ്രധാന സാരാംശം...
അന്ന് AI യും VFX ഉം പോലെയുള്ള പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകളൊന്നും പ്രയോഗത്തിൽ ഇല്ല... പുതിയ സർക്കാർ സിനിമാ വ്യവസായത്തിന് വേണ്ടി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വായിച്ചപ്പോൾ വേണ്ട മാറ്റങ്ങൾ വരുത്തി കാണേണ്ടവർക്കു കൊടുത്താലോ എന്നു തോന്നി....
മനോരമ ബാലജന സഖ്യം ആണ് കലാകാരിയായും പ്രാസംഗികയായും എന്നെ പരിപോഷിപ്പിച്ചെടുത്തത്....അതു അവിടുത്തെ അഗ്രഗണ്യരായ സാരഥികൾക്കറിയാം....എനിക്കു വേണ്ടി ഒരു വരി പോലും എഴുതാൻ എന്റെ മക്കളോട് നാളിതുവരെ ഞാൻ പറഞ്ഞിട്ടില്ല...അത്യാവശ്യം നാലു ഭാഷ ഒരുവിധം കൈകാര്യം ചെയ്തു ഒപ്പിക്കുന്ന ആളാണ് ഞാൻ...
പോരെങ്കിൽ ഒരു ഇംഗ്ലീഷ് അധ്യാപകനും വക്കീലും ആയിരുന്ന സുകുമാരൻ MA LLB യുടെ ഇംഗ്ലീഷ് ഭാഷാജ്ഞാനം അത്ര മോശമാകാൻ വഴിയില്ല.... എങ്കിലും എന്റെ മകന്റെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനത്തിനു കിട്ടിയ ഒരു പ്രശംസയായി അമ്മ എന്ന നിലയിൽ ഞാൻ ഈ ചോദ്യത്തെ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നു....
ചലച്ചിത്ര രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ കൂടി ഉൾപ്പെടുത്തി ഇങ്ങനെ ഒരു കത്ത് ചിലരുടെയൊക്കെ കൈകളിൽ എത്തിക്കാൻ എന്നെ ഒരുപാട് നിർബന്ധിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എന്നെപ്പോലെ മക്കൾക്കു വേണ്ടി ജീവിതം മാറ്റിവെച്ച ഒരു സഹോദരിയുണ്ട്..... നിന്നെ സ്നേഹിക്കുന്നു കൺമണി.
Mallika Sukumaran clarifies rumours on about her English note.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates