'അന്ന് എന്റെ അഭിനയത്തിന് സിബി തന്നത് നൂറില്‍ രണ്ട് മാര്‍ക്ക്, പിന്നീട് രണ്ട് ദേശീയ അവാര്‍ഡുകളും തന്നു'; ഓര്‍മകളിലൂടെ മോഹന്‍ലാല്‍

അന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ഇട്ട് എന്നെ സഹായിച്ചയാളാണ് സിബി. നൂറില്‍ രണ്ട്
Mohanlal, Sibi Malayil
Mohanlal, Sibi Malayil
Updated on
2 min read

കിരീടം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഡോള്‍ബി അറ്റ്‌മോസ് 4കെ ദൃശ്യ മികവോടെയാണ് ചിത്രം വീണ്ടുമെത്തുന്നത്. മോഹന്‍ലാലിന് ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം നേടിക്കൊടുത്ത ചിത്രമാണ് കിരീടം. മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടിലെ ക്ലാസിക്. അടുത്ത മാസമാണ് ചിത്രം തിയേറ്ററുകളിലേക്ക് വീണ്ടുമെത്തുകയാണ്.

കിരീടം റീ റിലീസിന് മുന്നോടിയായി ഇന്നലെ നടന്ന ട്രെയിലര്‍ ലോഞ്ചില്‍ നിന്നുള്ള മോഹന്‍ലാലിന്റെ വാക്കുകള്‍ വൈറലാവുകയാണ്. സംവിധായകന്‍ സിബി മലയിലിനെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ വാക്കുകളാണ് ചിരി പടര്‍ത്തുന്നത്. മോഹന്‍ലാലിന്റെ കരിയറിന്റെ തുടക്കം മുതലുള്ള സാന്നിധ്യമാണ് സിബി മലയില്‍.

തന്റെ കരിയറില്‍ വഴിത്തിരിവായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഓഡിഷനില്‍ പങ്കെടുത്തതിനെക്കുറിച്ചാണ് മോഹന്‍ലാല്‍ സംസാരിക്കുന്നത്. അന്ന് തനിക്ക് നൂറില്‍ വെറും രണ്ട് മാര്‍ക്കായിരുന്നു സിബി നല്‍കിയതെന്നും എന്നാല്‍ പിന്നീട് അതേ സിബി മലയില്‍ തനിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ നേടിത്തന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.

''ഞാന്‍ സിനിമയില്‍ വന്നിട്ട് 50 വര്‍ഷമാവുകയാണ്. ആദ്യത്തെ സിനിമയ്ക്ക് ശേഷം, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന എന്റെ രണ്ടാമത്തെ സിനിമയിലേക്ക് അവസാന ദിവസമാണ് പോകുന്നത്. അവിടെ ചെന്നപ്പോള്‍ ഒരു സീന്‍ തന്നിട്ട് അഭിനയിക്കാന്‍ പറഞ്ഞു. അന്ന് അവിടെ അതിന്റെ സംവിധായകന്‍ ഫാസിലുണ്ട്, ജിജോയുണ്ട്, സിബി മലയിലിലുണ്ട്. ആ സീനൊക്കെ അഭിനയിച്ചു. പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്, പക്ഷെ ഈ സമയം അതേക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. നൂറിലാണ് മാര്‍ക്കിടുന്നത്. ഓരോരുത്തരായി മാര്‍ക്കിട്ടു. അന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ഇട്ട് എന്നെ സഹായിച്ചയാളാണ് സിബി. നൂറില്‍ രണ്ട്. പക്ഷെ പിന്നീട് അദ്ദേഹം എനിക്ക് രണ്ട് നാഷണല്‍ അവാര്‍ഡും തന്നു'' മോഹന്‍ലാല്‍ പറയുന്നു.

''എന്റെ ആദ്യത്തെ നാഷണല്‍ അവാര്‍ഡ് കിരീടത്തിനായിരുന്നു. അത്തവണത്തെ സ്റ്റേറ്റ് അവാര്‍ഡും കിട്ടി. അടുത്തത് ഭരതം ആയിരുന്നു. നന്ദി സിബി. നമുക്ക് ഒരുപാട് നല്ല സിനിമകള്‍ ചെയ്യാനായി'' എന്നും മോഹന്‍ലാല്‍ പറഞ്ഞു.

1989 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കിരീടം. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം വീണ്ടുമെത്തുകയാണ്. നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷനും നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ചിത്രത്തിന്റെ 4 കെ റെസ്റ്റൊറേഷന്‍ നിര്‍വ്വഹിച്ചത്. കൃപ ഫിലിംസിന്റെ ബാനറില്‍ എന്‍ കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ലോഹിതദാസ് തിരക്കഥയെഴുതിയ സിനിമയുടെ സംഗീതം ജോണ്‍സണ്‍ മാസ്റ്ററായിരുന്നു.

മോഹന്‍ലാല്‍-തിലകന്‍ കൂട്ടുകെട്ട് സ്‌ക്രീനില്‍ തകര്‍ത്താടിയപ്പോള്‍ മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പാര്‍വതി, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, മോഹന്‍രാജ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ജഗദീഷ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. റീ-റിലീസില്‍ ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.

Mohanlal, Sibi Malayil
ഇനി സേതു മാധുവന്‍റെ വരവ്; റീ റിലീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വീണ്ടും മോഹന്‍ലാല്‍; 'കിരീടം' ട്രെയിലര്‍
Mohanlal, Sibi Malayil
'നിങ്ങള്‍ കണ്ട സ്വപ്‌നം ഞാന്‍ നേടിയില്ലേ അച്ഛാ...'; സത്യപ്രതിജ്ഞയ്ക്ക് ശേഷം വിജയ് ചോദിച്ചു; മനസ് തുറന്ന് അമ്മ
Mohanlal, Sibi Malayil
'അറിഞ്ഞില്ല, അത് നമ്മുടെ അവസാന കൂടിക്കാഴ്ചയാണെന്ന്'; അച്ഛന്റെ വേര്‍പാടില്‍ ഉള്ളുലഞ്ഞ് സ്വപ്‌ന ട്രീസ
Summary

Mohanlal recalls Sibi Malayil giving him 2 out of 100 marks in audition for Manjilvirinja Pookal. Later the director got him two national awards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com