

തന്റെ വാക്കുകള്‍ വളച്ചൊടിച്ച വാര്‍ത്തയ്‌ക്കെതിരെ നടി പാര്‍വതി തിരുവോത്ത്. ജിടിഎ 6 മായി ബന്ധപ്പെട്ട ചര്‍ച്ചകളിലുള്ള പാര്‍വതിയുടെ പ്രതികരണം വാര്‍ത്തയാക്കിയ മനോമ ഓണ്‍ലൈന്‍ നല്‍കിയ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പാര്‍വതി ആരോപിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം.
കാത്തിരിപ്പുകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ജിടിഎ 6 ഗെയിം പുറത്തിറങ്ങിയത്. ഗെയിമിലെ മുഖ്യ കഥാപാത്രമായ സ്ത്രീകഥാപാത്രത്തെ ചൊല്ലി വലിയ ചര്‍ച്ച നടക്കുന്നുണ്ട്. ജിടിഎ 6 ഫെമിനിസ്റ്റ് പ്രൊപ്പഗണ്ട പ്രചരിപ്പിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. ഇതിനെതിരെയാണ് പാര്‍വതി രംഗത്തെത്തിയത്. ഈ വിമര്‍ശനം ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാണിക്കുന്ന പോസ്റ്റ് പങ്കിട്ടായിരുന്നു പാര്‍വതിയുടെ പ്രതികരണം.
ഇത് വാര്‍ത്തയാക്കിയ മാധ്യമം നല്‍കിയ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പാര്‍വതി പറയുന്നത്. 'അങ്ങേയറ്റം മോശം, ജിടിഎ 6 ലെ സ്ത്രീവിരുദ്ധത; രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്' എന്നായിരുന്നു തലക്കെട്ട്. ഇതിനെതിരെയാണ് താരം രംഗത്തെത്തിയത്.
''സുഹൃത്തുക്കള്‍ മുതല്‍ അപരിചിതര്‍ വരെ, എനിക്ക് ഒരുപാട് മെസേജുകള്‍ ലഭിക്കുന്നുണ്ട്. നിങ്ങളുടെ റിപ്പോര്‍ട്ടിങ് എത്രത്തോളം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അവര്‍ക്കെല്ലാം കാണാന്‍ സാധിക്കുന്നുണ്ട്. മനോരമ ഓണ്‍ലൈന്‍, ഇതാദ്യമായിട്ടല്ല. പക്ഷെ പ്രതികരിക്കേണ്ട സമയമായിരിക്കുന്നു. സഹായിക്കാന്‍ പറ്റിയില്ലെങ്കിലും, പ്രശ്‌നങ്ങള്‍ കൂട്ടരുത്. യഥാര്‍ത്ഥ വാചകം കണ്ടെത്താനും, സാഹചര്യം എന്താണെന്ന് നല്‍കാനും, കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും പറയുന്നത് കൂടുതലാണോ?'' എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം.
അതേസമയം, ജിടിഎ 6 ലെ സ്ത്രീകഥാപാത്രത്തെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ടുള്ള ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്റര്‍ നാദിയ കാര്‍ലിയുടെ പോസ്റ്റ് പങ്കുവെക്കുകയായിരുന്നു പാര്‍വതി.''ജിടിഎ 6 നെതിരായ വിമര്‍ശനങ്ങള്‍ എല്ലാം പറയുന്നുണ്ട്. നമ്മുടെ വിനോദമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. അതുകൊണ്ട് തന്നെ അതേക്കുറിച്ച് ചോദ്യം ചെയ്യാ പോലും തയ്യാറാകുന്നില്ല. പക്ഷെ, സ്ത്രീയെ ആദരിക്കുന്ന, സംരക്ഷിക്കുന്ന, തുല്യയായി പരിഗണിക്കുന്ന ഒരു വിഡിയോ ഗെയിം വന്നതോടെ എല്ലാവരും 'ഫെമിനിസ്റ്റ് പ്രൊപ്പഗാണ്ട' എന്ന് ബഹളം വെക്കുകയാണ്. ഇത് വല്ലാത്തൊരു ഇരട്ടത്താപ്പ് തന്നെ'' എന്നായിരുന്നു നാദിയയുടെ കുറിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates