

അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് തന്നെ തേടി ബാംഗ്ലൂര്‍ ഡെയ്‌സ് എത്തിയതെന്ന് നടി പാര്‍വതി തിരുവോത്ത്. എയര്‍പോര്‍ട്ടില്‍ വച്ച് അഞ്ജലിയെ കണ്ടുമുട്ടിയതിനെക്കുറിച്ചും പിന്നാലെ ബാംഗ്ലൂര്‍ ഡെയ്‌സ് സംഭവിച്ചതിനെക്കുറിച്ചും സംസാരിക്കുകയാണ് പാര്‍വതി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:
''ബാംഗ്ലൂര്‍ ഡെയ്‌സിന് മുമ്പ് ഞാന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. മരിയാന്‍ ചെയ്തു കഴിഞ്ഞിരുന്നു. ഒന്നര വര്‍ഷത്തെ ഷൂട്ടിങ് ആയിരുന്നു. ഒരു ഇടവേള എടുക്കാമെന്നും കരുതി. സിനിമാ മേഖലയില്‍ പെണ്‍കുട്ടിയ്ക്ക് നീണ്ട മുടിയുണ്ടാകണമെന്നൊരു ചിന്തയുള്ളതിനാല്‍, ഞാന്‍ മുടി വെട്ടിയാല്‍ എന്നെ ആരും വിളിക്കാതാകുമെന്ന് കരുതി. അങ്ങനെ ഞാന്‍ മുടി വെട്ടി പിക്‌സി കട്ട് ആക്കി. മരിയാന്റെ പ്രിവ്യുവില്‍ പിക്‌സി ഹെയര്‍ കട്ടും, കൈ ഒടിഞ്ഞതിനാല്‍ സ്ലിങുമിട്ടാണ് വന്നത്.
ഒരു ദിവസം എയര്‍പോര്‍ട്ടില്‍ ഇരിക്കുകയായിരുന്നു. മരിയാന്‍ കണ്ടൊരു ഡയറക്ടറുമായി മുംബൈയില്‍ ഒരു മീറ്റിങ് ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ നേരത്തെ തന്നെ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതാണ്. വെറുതെ കാണാമെന്ന് കരുതി. എയര്‍പോര്‍ട്ടിലിരിക്കുമ്പോള്‍ സംവിധായക അഞ്ജലി മേനോനെ കണ്ടു. മകന്റെ കൂടെ നടന്നു പോകുന്നതാണ് കണ്ടത്. മഞ്ചാടിക്കുരു കണ്ട ശേഷം അവര്‍ക്ക് മെസേജ് അയച്ചത് ഓര്‍ത്തു. സിനിമ ഇഷ്ടമായെന്നും നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അഞ്ജലിയ്ക്ക് അന്ന് മെസേജ് അയച്ചിരുന്നു.
ഏറ്റവും മോശമായി എന്ത് സംഭവിക്കും? ഏറി വന്നാല്‍ തന്നെ ശല്യം ചെയ്യരുതെന്ന് അവര്‍ പറയുമായിരിക്കും. എന്താണേലും അവരോട് സംസാരിക്കാമെന്ന് കരുതി. ഞാന്‍ ചെന്ന് ഹലോ പറഞ്ഞു. എന്നെ കണ്ടതും, ഞാനും അന്‍വറും നിന്നെക്കുറിച്ച് ഇപ്പോള്‍ സംസാരിച്ചതേയുള്ളൂവെന്ന് അഞ്ജലി പറഞ്ഞു. അതോടെ, ഞാന്‍ ക്വിറ്റ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. ഒരു സിനിമയുണ്ടെന്ന് അഞ്ജലി പറഞ്ഞതും, യെസ് ഞാന്‍ ചെയ്യുന്നുവെന്ന് ഞാന്‍ പറഞ്ഞു. കഥാപാത്രം എന്താണെന്ന് പറയാന്‍ തുടങ്ങിയതും ഞാന്‍ ചെയ്യുകയാണെന്ന് ഞാന്‍ പറഞ്ഞു.
ഇടവേളയെടുക്കാമെന്ന് തീരുമാനിച്ച ആ നിമിഷം തന്നെയാണ് അഞ്ജലി എന്നെ സേറയുടെ ലുക്കില്‍ കണ്ടെത്തുന്നത്. അതൊരു വെക്കേഷന്‍ പോലെയായിരുന്നു. എനിക്ക് കുറച്ച് സീനുകളേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് മാസം ബാംഗ്ലൂരില്‍ കറങ്ങി നടക്കുകയായിരുന്നു ഞാന്‍. ആ സിനിമ വലിയ വിജയമായതോടെ, എന്ത് ചെയ്യണമെന്ന് അറിയാതായി. എല്ലാവരും എന്നെ തിരിച്ചറിയാന്‍ തുടങ്ങി. സേറയായിട്ടാണ് അവര്‍ എന്നെ കണ്ടത്. ലുലു മാളില്‍ വച്ച് ഒരാള്‍ എന്നെ കണ്ട് ഞെട്ടലോടെ വന്ന് നിങ്ങള്‍ക്ക് നടക്കാനാകുമോ എന്ന് ചോദിച്ചു.
അത് അഭിനയമായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ അങ്ങനെ തോന്നിയില്ല. നിങ്ങളെ മുന്നേ അറിയാത്തതിനാല്‍ അവര്‍ ശരിക്കും പാരപ്ലെജിക് ആയ ആളെയാണ് കാസ്റ്റ് ചെയ്തതെന്ന് കരുതിയെന്ന് അയാള്‍ പറഞ്ഞു. അത് വലിയ കോംപ്ലിമെന്റായിരുന്നു. അതിന് പിന്നാലെ എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ് തുടങ്ങിയ സിനിമകള്‍ എന്നെ തേടി വന്നു''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates