

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടൻമാരിലൊരാളായി മാറിയിരിക്കുകയാണ് പ്രഭാസ്. തന്റെ സഹപ്രവർത്തകരോടുള്ള പ്രഭാസിന്റെ പെരുമാറ്റവും സെറ്റിൽ അദ്ദേഹം മറ്റുള്ളവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതുമൊക്കെ ആരാധകർക്കിടയിൽ ഹിറ്റാണ്. സെറ്റിലുള്ള എല്ലാവർക്കും ഭക്ഷണമെത്തിക്കുന്ന പ്രഭാസിന്റെ ഈ ശീലത്തെക്കുറിച്ച് സംവിധായകരും താരങ്ങളുമൊക്കെ പലപ്പോഴും സംസാരിക്കാറുമുണ്ട്.
എന്നാൽ അടുത്തകാലത്തായി നടൻ നായകനായെത്തുന്ന ചിത്രങ്ങളെല്ലാം വൻ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുകയാണ്. ദ് രാജാസാബ് ആണ് പ്രഭാസിന്റേതായി ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഇപ്പോഴിതാ ആദിപുരുഷ് എന്ന തന്റെ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് വേറെയൊരു സംസ്ഥാനത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് വരുത്തിയതിനെക്കുറിച്ച് പ്രഭാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഭക്ഷണത്തോടുള്ള എന്റെ ഇഷ്ടം എല്ലാവർക്കും അറിയുന്നതാണ്. ഒരു തവണ ഞാൻ സെറ്റിലേക്ക് മറ്റൊരു സംസ്ഥാനത്ത് നിന്ന് വരെ ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ട്. ആദിപുരുഷിന്റെ സെറ്റിൽ വച്ചായിരുന്നു സംഭവം. 'അന്ന് ഒരു ചീറ്റ് മീൽ ഡേ ആയിരുന്നു. അതുകൊണ്ട് തന്നെ സെറ്റിൽ എല്ലാവരും അല്പം മൂഡ് ഓഫ് ആയിട്ടായിരുന്നു ഇരുന്നത്. അങ്ങനെ അവരെ സന്തോഷിപ്പിക്കാമെന്ന് വച്ച് എല്ലാവർക്കും ചെന്നൈയിൽ നിന്നുള്ള ഭക്ഷണം നൽകാമെന്ന് പറഞ്ഞു.
എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. രാത്രി 10 മണി കഴിഞ്ഞു, 11 മണി കഴിഞ്ഞു. ഭക്ഷണമെത്തിയില്ല. ഇന്ന് രാത്രി മറ്റൊന്നും കഴിക്കരുതെന്നും ചെന്നൈ ഫുഡ് മാത്രമേ കഴിക്കാവൂ എന്നും ഞാനവരോട് പറഞ്ഞിരുന്നു. ഒരു രണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ എന്നോട് ഒരാൾ ചോദിച്ചു. ഭക്ഷണം എവിടെ നിന്നാണ് വരുന്നതെന്ന്. ഞാൻ പറഞ്ഞു, ചെന്നൈയിൽ നിന്നാണ് എന്ന്'.- പ്രഭാസ് പറഞ്ഞു.
തന്റെ മറുപടി കേട്ട് എല്ലാവരും ഞെട്ടിയെന്നും മുംബൈയിലുള്ള ഏതോ ചെന്നൈ റസ്റ്റൊറന്റിൽ നിന്നാണ് ഫുഡ് വന്നതെന്നുമാണ് അവർ കരുതിയിരുന്നതെന്നും പ്രഭാസ് പറഞ്ഞു. എന്നാൽ യഥാർഥത്തിൽ ചെന്നൈയിൽ നിന്ന് തന്നെയാണ് ഭക്ഷണം വരുത്തിച്ചതെന്നും ചൂടാറാത്ത പാത്രങ്ങളിൽ പായ്ക്ക് ചെയ്ത് ഫ്ലൈറ്റ് വഴിയാണ് മുംബൈയിൽ എത്തിച്ചതെന്നും പ്രഭാസ് പറയുന്നു.
കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ഒറിജിനലായ ഒതന്റിക് ഫ്ലേവർ ആണ് തനിക്കിഷ്ടമെന്നും അത്രയും നേരത്തെ കാത്തിരിപ്പിന് ശേഷം ഭക്ഷണം എത്തിയപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടെന്നും പ്രഭാസ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates