

ഓടി നടന്ന് സിനിമകൾ ചെയ്യുന്ന ഒരു നടനല്ല പ്രണവ് മോഹൻലാൽ. വളരെ സമാധാനത്തോടെ കുറച്ച് സമയമൊക്കെ എടുത്ത് സിനിമ ചെയ്യുന്ന കൂട്ടത്തിലാണ് പ്രണവ്. അത് പലപ്പോഴും സിനിമാ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. പ്രണവ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ഡീയസ് ഈറെ.
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ ഓരോ അപ്ഡേറ്റുകളും സിനിമയ്ക്കായുള്ള ആവേശം കൂട്ടുന്ന തരത്തിലുള്ളതായിരുന്നു. ഇപ്പോഴിതാ ഡീയസ് ഈറെയുടെ ടീസർ പുറത്തുവന്നിരിക്കുകയാണ്. വേറെ ലെവൽ ആയിരിക്കും ചിത്രമെന്ന ഉറപ്പാണ് ടീസർ നൽകുന്നത്.
ഏറെ ദുരൂഹതകൾ നിറഞ്ഞ ടീസറിൽ ഗംഭീര പ്രകടനമാണ് പ്രണവ് മോഹൻലാൽ കാഴ്ചവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രണവിന്റെ കരിയർ ബെസ്റ്റ് ആവാൻ പോകുന്ന സിനിമ, ഇത് അവന്റെ കാലം അല്ലെ വാര്യരെ, ഞെട്ടാൻ റെഡി ആയിക്കോ- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ‘ഡീയസ് ഈറെ’ എന്നത് ലാറ്റിൻ വാക്കാണ്.
മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറെ. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഈറെയുടെ ഉത്ഭവത്തെക്കുറിച്ചും അവകാശത്തിലും തർക്കങ്ങളുണ്ട്. 18 വരികളുള്ള കവിതയാണ് ഡീയസ് ഈറെ. കാഹളം മുഴക്കി ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ വിളിച്ചുകൂട്ടുന്ന അന്ത്യവിധിയാണ് ഈ കവിതയിൽ വിവരിക്കുന്നത്.
ഇവിടെ രക്ഷപ്പെട്ടവരെ മോചിപ്പിക്കുകയും രക്ഷപ്പെടാത്തവരെ നിത്യജ്വാലകളിലേക്ക് എറിയുകയും ചെയ്യും. ദൈവത്തിന്റെ അന്ത്യ വിധിയും സ്വർഗത്തിലേക്കും നരകത്തിലേക്കും ആത്മാക്കളെ അയക്കുന്നതുമാണ് ഡിയസ് ഈറെയിൽ പ്രതിപാദിക്കുന്നത്. ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഹൊറർ ഗണത്തിൽപെടുന്ന സിനിമയുടെ തിരക്കഥ നിർവഹിക്കുന്നതും രാഹുൽ തന്നെയാണ്. സിനിമയുടെ ആർട്ട് ചെയ്യുന്നത് ജ്യോതിഷ് ശങ്കർ. ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്. സൗണ്ട് മിക്സ് രാജാകൃഷ്ണൻ എംആർ, മേക്കപ്പ് റോണെക്സ് സേവ്യർ. ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates