

തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസിന്റെ പിറന്നാളാണിന്ന്. അദ്ദേഹത്തിന് ആശംസകൾ അറിയിക്കുന്നതിന്റെ തിരക്കിലാണ് ആരാധകരിപ്പോൾ. സിനിമയ്ക്കപ്പുറം താരങ്ങളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടൻ കൂടിയാണ് പ്രഭാസ്. 2023 ൽ പുറത്തിറങ്ങിയ പ്രഭാസിന്റെ ഹിറ്റ് ചിത്രമായിരുന്നു സലാർ പാർട്ട് 1 സീസ്ഫയർ.
പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം ഹോംബാലെ ഫിലിംസ് ആണ് നിർമിച്ചത്. പ്രഭാസിനൊപ്പം പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തിയിരുന്നു. ഇപ്പോഴിതാ പ്രഭാസിനെക്കുറിച്ച് പൃഥ്വിരാജ് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
പ്രഭാസിനെ അറിയുക എന്നത് അസാധ്യമാണ്, പക്ഷേ വളരെ പെട്ടെന്ന് നമ്മളവന്റെ സുഹൃത്താകുമെന്ന് പൃഥ്വിരാജ് പറയുന്നു. മറ്റുള്ളവരുടെ സന്തോഷത്തിൽ സന്തോഷം കണ്ടെത്തുന്ന ഒരാളാണ് പ്രഭാസെന്നും പൃഥ്വിരാജ് പറഞ്ഞു. തനിക്ക് ചുറ്റുമുള്ള ആളുകളെ പരിപാലിക്കാൻ എപ്പോഴും ശ്രദ്ധ ചെലുത്താറുള്ള നടൻ കൂടിയാണ് പ്രഭാസ്. സലാറിന്റെ സെറ്റിൽ വച്ച് തങ്ങൾ വളരെ പെട്ടെന്ന് തന്നെ സൗഹൃദത്തിലായെന്നും താരം കൂട്ടിച്ചേർത്തു.
"സെറ്റിൽ അദ്ദേഹം എപ്പോഴും എല്ലാവർക്കും നല്ല ഭക്ഷണം നൽകും. അതോടൊപ്പം അവർ കംഫർട്ടബിൾ ആണെന്ന് ഉറപ്പാക്കും. എന്തുകൊണ്ടാണ് അദ്ദേഹത്തെ എല്ലാവരും ഡാർലിങ് എന്ന് വിളിക്കുന്നത് എന്ന കാര്യം എനിക്ക് വളരെ പെട്ടെന്ന് മനസിലായി".- പൃഥ്വിരാജ് പറഞ്ഞു.
സ്പോട്ട് ലൈറ്റിൽ നിന്നെല്ലാം മാറി വളരെ ശാന്തമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളു കൂടിയാണ് പ്രഭാസെന്നും പൃഥ്വിരാജ് പറഞ്ഞു. "ഫോണും ആൾക്കൂട്ടവുമൊക്കെ ഒഴിവാക്കി മരങ്ങളും കാടും ഫാം ഹൗസുമൊക്കെ ഉള്ളിടത്ത് പോയിരിക്കുന്നതാണ് അദ്ദേഹത്തിന് ഏറ്റവും സന്തോഷം".- പൃഥ്വി പറഞ്ഞു.
അതോടൊപ്പം സോഷ്യൽ മീഡിയ അക്കൗണ്ടുകളൊന്നും പ്രഭാസ് അല്ല കൈകാര്യം ചെയ്യുന്നതെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. "അതായത് അദ്ദേഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു ഐഡിയയും ഇല്ല.
ഇൻസ്റ്റഗ്രാമിൽ നിങ്ങൾ കാണുന്ന ഒരു പോസ്റ്റുകളും അദ്ദേഹം ചെയ്യുന്നതല്ല, ഞാനത് ഉറപ്പിച്ച് പറയുന്നു".-പൃഥ്വിരാജ് പറഞ്ഞു. അതേസമയം വിലായത്ത് ബുദ്ധ, ഖലീഫ എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ദ് രാജാസാബ്, സലാർ: പാർട്ട് 2 - ശൗര്യാംഗ പർവ്വ, സ്പിരിറ്റ്, കൽക്കി 2898 AD: പാർട്ട് 2 തുടങ്ങിയ വമ്പൻ പ്രൊജക്ടുകളാണ് പ്രഭാസിന്റേതായി വരാനുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
