

രാഹുൽ സദാശിവൻ - പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന 'ഒടിയന്റെ' പ്രഖ്യാപനം സിനിമാ പ്രേക്ഷകരിലുണ്ടാക്കിയിരിക്കുന്ന ഓളം ചെറുതൊന്നുമല്ല. 'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ലെന്നും അത് കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമാണെന്നും ചിത്രത്തിലെ നായകനും നിർമാതാവും കൂടിയായ പൃഥ്വിരാജ് പറഞ്ഞു.
മലയാള സിനിമയുടെ ആരാധകനാണ് താനെന്നും അതിന്റെ കലാമികവും ധീരമായ കഥപറച്ചിൽ രീതിയും പ്രേക്ഷകരിൽ പുലർത്തുന്ന വിശ്വാസവും എപ്പോഴും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ഒടിയന്റെ നിർമാതാക്കളിലൊരാളായ കരൺ ജോഹർ പ്രതികരിച്ചു.
"ഒടിയൻ ഒരു ഐതിഹ്യം മാത്രമല്ല. അത് കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമാണ്. തലമുറകളിലൂടെ സഞ്ചരിച്ച ഈ കഥയെ അതിന്റെ പുരാണമൂല്യവും സാംസ്കാരിക പശ്ചാത്തലവും സംരക്ഷിച്ചുകൊണ്ട് വലിയ തിരശീലയിൽ അവതരിപ്പിക്കുകയെന്നത് ഏറെ നാളായുള്ള എന്റെ ആഗ്രഹമാണ്.
ധർമ്മ പ്രൊഡക്ഷൻസ് പങ്കാളികളാകുന്നതോടെ രണ്ട് ശക്തമായ ദർശനങ്ങളാണ് ഒന്നിക്കുന്നത്."- പൃഥ്വിരാജ് പറഞ്ഞു. "മലയാള സിനിമയുടെ ആരാധകനാണ് ഞാൻ. അതിന്റെ കലാമികവും ധീരമായ കഥപറച്ചിൽ രീതിയും പ്രേക്ഷകരിൽ പുലർത്തുന്ന വിശ്വാസവും എപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
രാഹുലിന്റെ ദർശനവും പൃഥ്വിരാജിന്റെ നേതൃത്വവുമുള്ള ഈ കഥ ഞങ്ങളിലേക്ക് എത്തിയപ്പോൾ, മലയാള സിനിമയിലേക്കുള്ള ഞങ്ങളുടെ ആദ്യ ചുവടുവെപ്പിന് ഇതിലും മികച്ച അവസരം വേറെയില്ലെന്ന് തോന്നി. ഏറ്റവും വലിയ ക്യാൻവാസ് അർഹിക്കുന്ന ചിത്രമാണ് 'ഒടിയൻ: ദ് ഏജ് ഓഫ് ഇല്ല്യൂഷൻ. അതിന് ഞങ്ങൾ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്."- കരൺ ജോഹർ പറഞ്ഞതിങ്ങനെ.
"ഓർമകൾക്കും വിശ്വാസങ്ങൾക്കും സങ്കൽപ്പങ്ങൾക്കും ഇടയിലുള്ള അതിരുകളിലാണ് നാടോടിക്കഥകളുടെ ശക്തി നിലനിൽക്കുന്നത്. കേരളത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഐതിഹ്യങ്ങളിലൊന്നായ ഒടിയനെ പുതിയൊരു ചലച്ചിത്രഭാഷയിലൂടെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.
അന്തരീക്ഷവും ദുരൂഹതയും വികാരങ്ങളും ചേർന്ന ഈ കഥ എന്റെ ഇതുവരെയുള്ള ഏറ്റവും വലിയ സിനിമാ സംരംഭമാണ്. ധർമ്മ പ്രൊഡക്ഷൻസിനും പൃഥ്വിരാജ് പ്രൊഡക്ഷൻസിനുമൊപ്പമുള്ള ഈ യാത്രയിൽ ഞാൻ അതീവ ആവേശത്തിലാണ്."- രാഹുൽ സദാശിവന്റെ വാക്കുകൾ.
ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക. ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates