നടൻ, സംവിധായകൻ, നിർമാതാവ്, ഗായകൻ... പൃഥ്വിരാജിന്റെ പേരിനൊപ്പം ചേർത്തു വയ്ക്കാൻ സ്ഥാനങ്ങൾ ഒരുപാടാണ്. എന്നാൽ അതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല പൃഥ്വിരാജ്. ഇപ്പോൾ കുരുതിയിലെ ഗാനത്തിനുവേണ്ടി സംഗീതസംവിധായകൻ ജേക്സ് ബിജോയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശമാണ് വൈറലാവുന്നത്. വേട്ടമൃഗം എന്ന ഗാനത്തിൽ അഭിപ്രായം ചോദിച്ചപ്പോഴാണ് പാട്ടിന്റെ മൂഡ് എന്തായിരിക്കണം എന്നു വ്യക്തമാക്കിക്കൊണ്ട് താരം മറുപടി നൽകിയത്.
'സിംഹം മാനിനെ ഓടിക്കുംപോലെ' ആയിരിക്കണം ആ പാട്ടിന്റെ മൂഡ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. വ്യക്തത വരുത്താൻ സുദീർഘവും വ്യക്തവുമായ വിവരണത്തോടെയായിരുന്നു സന്ദേശം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പൃഥ്വിരാജിന്റെ മെസേജിനെക്കുറിച്ച് പറഞ്ഞത്.
ജെയ്കിന്റെ കുറിപ്പ് വായിക്കാം; ‘കുരുതി എന്ന സിനിമയ്ക്കു വേണ്ടി മനു (മനു വാരിയർ) എന്നെ കാണാൻ വന്നപ്പോൾ രണ്ട് ഗാനം നമുക്ക് വേണമെന്ന് പറഞ്ഞു. അതിലെ രണ്ടാമത്തേത് സിനിമയിലെ ഫൈനൽ ആക്റ്റിന് വരുന്നതിന് മുൻപ് ആയതുകൊണ്ട് അഡ്രിനാലിൻ റഷ് വേണ്ട ഒരു സോങ്ങ് ആയിരിക്കണമെന്ന് മനു പറഞ്ഞിരുന്നു. ഞാൻ ഒരു ട്യൂൺ മനുവിന് അയച്ചു കൊടുത്തു. നമുക്ക് ഒന്ന് നോക്കാം എന്ന് ആയിരുന്നു മനുവിന്റെ മറുപടി. കൂടെ വേറെ ഒരു ട്യൂൺ നോക്കുന്നോ എന്ന ഒരു അഭിപ്രായം കൂടെ പങ്കുവെച്ചു. എന്നിട്ട് നമുക്ക് പൃഥ്വിക്ക് കൂടെ അയച്ച് കൊടുക്കാം എന്ന് പറഞ്ഞു. കാരണം പൃഥ്വി പ്രൊഡ്യൂസർ ആണല്ലോ..!! അങ്ങനെ ഞങ്ങൾ പൃഥ്വിക്ക് കൂടെ ട്രാക്ക് അയച്ച് കൊടുത്തു. പൃഥ്വി അത് കേട്ടിട്ട് പറഞ്ഞത് നമുക്ക് വേറെ ഒരു മൂഡ് പിടിക്കാം അതിന് മുൻപ് ഞാൻ ഇതിന്റെ ഒരു ഉപമ പറയട്ടെ എന്ന് പറഞ്ഞ് എനിക്ക് ഒരു ചെറിയ ടെക്സ്റ്റ് അയച്ച് തന്നു.അതിൽനിന്നാണ് വേട്ടമൃഗം എന്ന പാട്ട് ഉണ്ടായത്’.
പൃഥ്വിരാജ് അയച്ച സന്ദേശം ഇങ്ങനെ; ‘ഈ സ്കോർ മനോഹരമായിട്ടുണ്ട്. പക്ഷേ ആ ട്യൂണിനോടൊപ്പം അന്തർലീനമായ നിരാശ കൂടി വേണമെന്നാണ് എന്റെ ആഗ്രഹം. സ്ലോ മോഷനിൽ ഒരു സിംഹം മാനിനെ ഓടിക്കുന്ന രംഗം ഒന്ന് ഓർത്തുനോക്കൂ. അവിടെ എന്താണ് സംഭവിക്കാൻ പോകുന്നതെന്നു നമുക്കറിയാം. പക്ഷേ ചിലപ്പോൾ ആ മാന്‍ കാട്ടിലേക്കോടി രക്ഷപെട്ടേക്കും. അതും നമുക്ക് പ്രതീക്ഷിക്കാം. ആ സിംഹത്തിന് ഒരുപക്ഷേ കാലിടറിയാലോ. മരിക്കും വരെ ഓടണമെന്നു മാത്രമേ മാനിന് അറിയൂ. അതിനു മറ്റു പദ്ധതികളോ ലക്ഷ്യമോ ഇല്ല. പിന്തുടര്‍ന്നോടുമ്പോള്‍ സിംഹവും ആത്മവിശ്വാസത്തിലായിരിക്കും. മാനിനെ കീഴ്പ്പെടുത്താൻ തനിക്ക് കഴിവുണ്ടെന്ന വിശ്വാസമാണ് സിംഹത്തിന്, അത് സംഭവിക്കുകയും ചെയ്യും. ഇപ്പോൾ ഈ കഥ വളരെ ആഴത്തിലുള്ള സങ്കടവും നിരാശയും കൂടി ചേർത്ത് വായിച്ചുനോക്കൂ’.
ഇതുവരെ കേട്ടതിൽ ഏറ്റവും മികച്ച ഗാന വിശദീകരണം എന്നാണ് പൃഥ്വിരാഡിന് ജെയ്ക് മറുപടി നൽകിയത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പൃഥ്വിരാജിന്റെ മെസേജ്. ഒരു പാട്ട് ചെയ്യുന്നതിനെക്കുറിച്ച് ഇതിലും മികച്ച രീതിയിൽ മറ്റൊരു വിശദീകരണം ഇനിയുണ്ടാകില്ല എന്നാണ് ആരാധകരുടെ കമന്റുകൾ. കൂടാതെ താരത്തിന്റെ ഭാഷയെക്കുറിച്ചും രസകരമായ കമന്റുകൾ വരുന്നുണ്ട്. പൃഥ്വിരാജ്, റോഷൻ മാത്യു, മാമുക്കോയ തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി മനു വാര്യർ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. ആമസോൺ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates