

പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയതിനു ശേഷം ആന്റണി വർഗീസ് സിനിമയിൽ നിന്ന് പിന്മാറി എന്ന ആരോപണത്തിൽ വിശദീകരണവുമായി നിർമാതാവ് അരവിന്ദ് കുറുപ്പും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ കുമാറും. രണ്ട് ലക്ഷം രൂപ അഡ്വാൻസ് നൽകാമെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ സഹോദരിയുടെ വിവാഹ ആവശ്യമുള്ളതിനാൽ 10 ലക്ഷം രൂപ നൽകാൻ പെപ്പെ തന്നെയാണ് ആവശ്യപ്പെട്ടത്. ലൊക്കേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ സെറ്റ് ചെയ്തതിനു ശേഷമാണ് പെപ്പെ സിനിമയിൽ നിന്ന് പിന്മാറുന്നത്. ഈ സിനിമ നിന്നു പോയതിനാൽ തന്റെ നിർമാണ കമ്പനി പൂട്ടിപ്പോകേണ്ടിവന്നു എന്നാണ് അരവിന്ദ് കുറിപ്പ് പറയുന്നത്.
യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇരുവരുടേയും പ്രതികരണം. 'സത്യം അറിയാൻ താത്പര്യമുള്ളവർക്ക് വേണ്ടി മാത്രം' എന്ന തലക്കെട്ടോടെ ജൂഡും വിഡിയോ പങ്കുവച്ചിട്ടുണ്ട്. പെപ്പെയ്ക്ക് എതിരെയുള്ള വോയ്സ് ക്ലിപ്പും സ്ക്രീൻഷോട്ടും പോസ്റ്റ് ചെയ്യുമെന്നും ജൂഡ് പറഞ്ഞു. പെപ്പെ പുണ്യാളൻ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്.
നിർമാതാവിന്റെ വാക്കുകളിൽ നിന്ന്
ഇതു ഞാൻ പറഞ്ഞില്ലെങ്കിൽ അത് ജൂഡിനോട് ചെയ്യുന്ന പാതകമായി മാറും. സിനിമയുടെ കാസ്റ്റിങ് നോക്കിയ സമയത്ത് ആന്റണിയുടെ പേര് നിർദ്ദേശിച്ചത് ജൂഡ് ആയിരുന്നു. വളരെ നല്ല അഭിപ്രായമാണ് ജൂഡ് പറഞ്ഞത്. അത് കേട്ടപ്പോൾ ഞങ്ങളും ആന്റണി മതിയെന്ന് ഉറപ്പിച്ചു. കഥയിൽ ആന്റണി വർഗീസ് തൃപ്തനായിരുന്നു. ഈ സിനിമ റിലീസ് ചെയ്താൽ സൂപ്പർഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. രണ്ട് ലക്ഷം രൂപ അഡ്വാൻസ് കൊടുക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. ഞങ്ങൾ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് പ്രൊഡക്‌ഷൻ കൺട്രോളർ അദ്ദേഹത്തെ കാണുന്നത്. പുള്ളിക്ക് ഒരു ആവശ്യമുണ്ട്, അതിനാൽ 10 ലക്ഷം രൂപ അഡ്വാൻസ് വേണമെന്ന് പ്രൊഡക്‌ഷൻ കൺട്രോളർ ഞങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് 10 ലക്ഷം രൂപ തന്നെ കൊടുക്കാൻ തീരുമാനിച്ചത്.
27 ജൂൺ 2019-ലാണ് അഡ്വാൻസ് കൊടുക്കുന്നത്. കഥയെപ്പറ്റി ആന്റണിക്ക് അറിയാമായിരുന്നു. അജഗജാന്തരത്തിന്റെ ഷൂട്ടിങ് സമയത്താണ് പ്രിന്റ് ചെയ്ത തിരക്കഥ കൊടുക്കുന്നത്. കഥയിൽ യാതൊരു എതിരഭിപ്രായവും അപ്പോൾ ആന്റണി പറഞ്ഞിരുന്നില്ല. കഥ മുഴുവൻ ആന്റണിയെ വായിച്ചു കേൾപ്പിച്ചിരുന്നു. അതിനുശേഷമുള്ള ആഴ്ചകളിലും അഭിപ്രായമൊന്നും പറഞ്ഞില്ല. ഡിസംബർ ആദ്യവാരമാണ് കാസ്റ്റിങ് വിഡിയോ ഷൂട്ട് ചെയ്യുന്നത്. പുള്ളിയെ ഫോൺവിളിച്ചപ്പോൾ കിട്ടാതായതോടെ ആനപ്പറമ്പിൽ വേൾഡ് കപ്പ് എന്ന സിനിമയുടെ മലപ്പുറത്തുള്ള ലൊക്കേഷനിൽ എത്തി ഡിസംബർ 10ന് കണ്ടു. ജനുവരി 10-ന് സിനിമ ആരംഭിക്കാമെന്ന് പറഞ്ഞു. അജഗജാന്തരത്തിന്റെ ഷൂട്ട് കുറച്ച് ഭാഗങ്ങൾ ബാക്കിയുണ്ട് അത് കഴിഞ്ഞ് ചെയ്യാമെന്ന് പുള്ളി സമ്മതിച്ചു.
അതോടെയാണ് സിനിമയിലെ ലൊക്കേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ സെറ്റ് ചെയ്യുന്നത്. ഹൂഗ്ലിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പ്ലാൻ ചെയ്തിരുന്നത്. അവിടെ ഒരു റെയിൽ വേ സ്റ്റേഷനും ട്രെയിനുമെല്ലാം വാടകയ്ക്ക് എടുക്കേണ്ട നടപടികളുണ്ടായിരുന്നു. വാരണാസിയിൽ പോയി എല്ലാം തയാറാക്കി. തുടർച്ചയായി ഷൂട്ട് ചെയ്യാനായിരുന്നു പ്ലാൻ. ഇവിടെ കേരളത്തിലും ഹോട്ടലുകളൊക്കെ ബുക്ക് ചെയ്തിരുന്നു. ഡിസംബർ 23ന് ജൂഡാണ് ആന്റണി വർഗീസ് പിന്മാറിയ വിവരം പറയുന്നത്. സംവിധായകൻ നേരിട്ടു ചെന്ന് കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചെങ്കിലും സിനിമ ചെയ്യില്ലെന്ന് ആന്റണി പറയുകയായിരുന്നു.
അതോടെയാണ് അഡ്വാൻസ് 10 ലക്ഷം തിരികെ ചോദിച്ചത്. ഇതിനൊപ്പം ചെലവായതിന്റെ അഞ്ച് ശതമാനവും ചോദിച്ചിരുന്നു. കൺട്രോളർ മുഖേനയാണ് ഞങ്ങളുമായി ആന്റണി ബന്ധപ്പെട്ടത്. അന്ന് കൈ കൊടുത്ത് പിരിഞ്ഞുവെന്നാണ് ആന്റണി പത്രസമ്മേളനത്തിൽ പറഞ്ഞത്, അങ്ങനെ സംഭവിച്ചിട്ടില്ല. ഇന്നു വരെ ആന്റണി എന്റെ ഫോണിൽ വിളിച്ചിട്ടുപോലുമില്ല. ചെലവായ പെെസ തരില്ലെന്ന് ആന്റണി അറിയിക്കുകയും ഞങ്ങൾ അത് സമ്മതിക്കുകയും ചെയ്തു. ആറ് മാസം കഴിഞ്ഞ് 2020 ജനുവരി 27-ന് ആന്റണി 10 ലക്ഷം തിരികെ തന്നു. പെെസ തിരിച്ച് തന്നല്ലോ, പിന്നെ എന്താ പ്രശ്നം എന്ന് പലരും ചോദിച്ചു. 10 ലക്ഷം മാത്രമല്ല ചെലവ്. ഒരാളെ വിശ്വസിച്ച് അടുത്ത 45 ദിവസം നമ്മൾ ചെലവാക്കുന്ന തുക വളരെ കൂടുതലാണ്.
ആന്റണിയുടെ കുടുംബത്തെ ഈ പ്രശ്നത്തിലേയ്ക്ക് വലിച്ചിടുന്നത് വിഷമമുള്ള കാര്യം തന്നെയാണ്. കുടുംബം എന്നു പറയുന്നത് ഒരാള്‍ക്ക് മാത്രം ഉള്ളതല്ല. പുള്ളി കളഞ്ഞിട്ട് പോയതോടെ ആ സിനിമ അവിടെ നിന്നു. ആന്റണി സ്വന്തം പ്രശ്നങ്ങൾ മാത്രമാണ് ചർച്ച ചെയ്തത്. ഞങ്ങൾക്ക് ആരോടും പരിഭവവും പരാതിയുമില്ല. ഞങ്ങൾ പ്രൊഡക്‌ഷൻ നിർത്തി, കമ്പനി പിരിച്ചുവിട്ടു. കുടുംബം എല്ലാവർക്കും പ്രധാനമാണ്. ഒരു തീരുമാനം എടുക്കുമ്പോൾ ഉറച്ച് നിൽക്കണം. ജൂഡുമായി ഒരുപാട് വിലയുള്ള ബന്ധമാണ് എനിക്കുള്ളത്. അത് കളയാൻ സാധിക്കില്ല. ഞാൻ ആയതുകൊണ്ടാണ് ജൂഡ് അത്രയും വികാരഭരിതനായത്. ഞാൻ കാരണം ജൂഡിന് ബുദ്ധിമുട്ട് ഉണ്ടാകരുത്. അഡ്വാൻസ് 10 ലക്ഷം വേണമെന്ന് ആന്റണി പറഞ്ഞതിന്റെ കാരണം പെങ്ങളുടെ കല്യാണം തന്നെയാണ്. അത് സത്യാവസ്ഥയാണ്. ആന്റണിയുടെ കുടുംബത്തിന് വിഷമമായി എന്നറിഞ്ഞതിൽ ഞങ്ങൾക്കും സങ്കടമുണ്ട്. ഈ സിനിമ ആന്റണി വേണ്ടെന്ന് വച്ചപ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ വഴിമുട്ടിയ അവസ്ഥയിൽ ഫ്ലാറ്റിൽ ഇരുന്നിട്ടുണ്ട്. ജൂഡ് ഉൾപ്പടെയുള്ളവർ പൊട്ടിക്കരഞ്ഞിട്ടാണ് അവിടെ നിന്നും ഇറങ്ങുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates