

പൃഥ്വിരാജിന്റേതായി അടുത്തിടെ പുറത്തിറങ്ങിയതിൽ വൻ പരാജയമായി മാറിയ ചിത്രമായിരുന്നു 'വിലായത്ത് ബുദ്ധ'. നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ജി ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം 2021ലാണ് അനൗണ്‍സ് ചെയ്തത്. ചിത്രം റിലീസിന് ശേഷം വലിയ വിമര്‍ശനമാണ് നേരിട്ടത്.
30 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം ആറ് കോടി മാത്രമാണ് സ്വന്തമാക്കിയത്. ചിത്രം തനിക്ക് വലിയ നഷ്ടം വരുത്തി വച്ചെന്നും ചിത്രത്തിന്റെ പേര് ആയിരിക്കാം തിരിച്ചടിയായി മാറിയതെന്നും പറയുകയാണ് നിർമാതാവ് എ വി അനൂപ്. ഒരിക്കലും പൃഥ്വിരാജിന്റെ സിനിമയ്ക്ക് അങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"സത്യം പറഞ്ഞാല്‍ കൈ പൊള്ളിക്കുകയല്ല, വാഷൗട്ട് എന്നൊക്കെ പറയില്ലേ അതുപോലെയായിരുന്നു. അത് തീരെ പ്രതീക്ഷിക്കാത്ത ഒരു അനുഭവമായിരുന്നു. സോഷ്യൽ മീഡിയയിലും കുറേ നെഗറ്റീവ് കമന്റുകളും അക്രമണവും ഉണ്ടായിരുന്നു. സിനിമ തീരെ മോശമാണെന്ന് പറയാൻ പറ്റില്ല. കുറച്ച് ലാഗ് ഉണ്ടായിരുന്നുവെന്നത് സത്യമാണെങ്കിലും.
പിന്നെ നമുക്കറിയാമല്ലോ വളരെ പ്രസിദ്ധമായ ഒരു നോവലിനെ അടിസ്ഥാനപ്പെടുത്തി എടുത്ത ഒരു സിനിമയാണ്. അത് വളരെ ചർച്ച ചെയ്യപ്പെട്ട ഒരു രചനയായിരുന്നു. ഒരുപക്ഷേ 'വിലായത്ത് ബുദ്ധ' എന്ന പേര് ചിലപ്പോൾ നെഗറ്റീവ് അടിച്ചു കാണും. എന്താണെന്ന് ആളുകൾക്ക് മനസിലായി കാണില്ല. ഒരിക്കലും പൃഥ്വിരാജിന്റെ സിനിമയ്ക്ക് അങ്ങനെ സംഭവിക്കാറില്ല.
ഇതിന് മുൻപ് പൃഥ്വിരാജിനെ നായകനാക്കി ഞാൻ ചെയ്തത് എസ്ര എന്ന സിനിമയാണ്. അത് വലിയ ഹിറ്റായി. അതുവരെയുള്ള പൃഥ്വിരാജിന്റെ സിനിമകളിൽ ഓപ്പണിങ് ഡേയിൽ അത്രയും കളക്ഷൻ നേടിയ പടം വേറെയില്ലായിരുന്നു. ചിത്രത്തിന്റെ ഒടിടി കരാർ ഒപ്പുവച്ചിട്ട് അവർ പിന്മാറിയതാണ്. ഇപ്പോൾ അതിന്റെ ചില ചർച്ചകൾ നടക്കുന്നുണ്ട്". - എവി അനൂപ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates