

ഏറെ നാളത്തെ ആശങ്കകൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ ദളപതി വിജയ് ചിത്രം 'ജന നായകൻ' അങ്ങനെ തിയറ്ററുകളിലെത്തുകയാണ്. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ജൂലൈ 23 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
സിനിമയുടെ പ്രിന്റ് നേരത്തെ ലീക്കായത് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ഇനി തിയറ്ററിൽ എത്താൻ പോകുന്നത് സിനിമയുടെ പുതിയ പതിപ്പ് ആകുമെന്ന് പറയുകയാണ് നിർമാതാവ് വെങ്കട്ട് കെ നാരായണ. സർട്ടിഫിക്കേഷനായി ആദ്യം സമർപ്പിച്ച അതേ പതിപ്പായിരിക്കില്ല തിയറ്ററുകളിലെത്തുക എന്ന് നിർമതാവ് വെങ്കട്ട് കെ നാരായണ എൻഡി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
"സെൻസർഷിപ്പിനായി ഞങ്ങൾ ആദ്യം സമർപ്പിച്ച പതിപ്പിൽ നിന്ന് സിനിമയിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ദൃശ്യങ്ങൾ, പുതിയ ഗാനങ്ങൾ എന്നിവ ചേർത്തിട്ടുണ്ട്. തിയറ്റർ റിലീസിന് മുൻപ് നിരവധി മാറ്റങ്ങളും കൂട്ടിച്ചേർക്കലും വരുത്തിയിട്ടുണ്ട്. ഷൂട്ടിങ് ആരംഭിച്ചത് മുതൽ ഇന്നുവരെ സിനിമ ഒരുപാട് വെല്ലുവിളികളിലൂടെയാണ് കടന്നുപോയത്.
ഒരു സ്‌പോയിലറും നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ടിവികെയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും" അദ്ദേഹം വ്യക്തമാക്കി. "തമിഴ്‌നാട്ടിലെ ആളുകൾ വിജയ്‌യെ അവരിൽ ഒരാളായാണ് കാണുന്നത്. റിവ്യൂ പറയാനോ റേറ്റിങ് നൽകാനോ വേണ്ടിയല്ല അവർ അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നത്. അവർ അദ്ദേഹത്തെ ആഘോഷിക്കുകയാണ്.
അതിന് കാരണം, അദ്ദേഹം അവരുടെ കുടുംബത്തിലെ ഒരാളെ പോലെയായതു കൊണ്ടാണ്. സിനിമയ്ക്ക് അപ്പുറത്തേക്ക് പോകുന്ന വൈകാരികമായ ഒരു ബന്ധം വിജയ്ക്ക് പ്രേക്ഷകരുമായി ഉണ്ട്".- വെങ്കട്ട് നാരായണ പറഞ്ഞു. ജന നായകന്റെ കേരള അഡ്വാൻസ് ബുക്കിങ് ജൂലൈ 18 ന് വൈകുന്നേരം 6:01 മുതൽ ആരംഭിക്കും.
ആദ്യ ദിനം വമ്പൻ കളക്ഷൻ തന്നെ സിനിമയ്ക്ക് കേരളത്തിൽ നിന്നു നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates