

ജയിലർ ഓഡിയോ ലോഞ്ചിനിടെ നടത്തിയ കാക്ക- പരുന്ത് പരാമർശത്തിൽ വിശദീകരണവുമായി സൂപ്പർതാരം രജനീകാന്ത്. താൻ പറഞ്ഞത് വിജയ് ക്ക് എതിരെയെന്ന് ആരോപണം ഉണ്ടായിരുന്നെന്നും അത് ശരിയല്ലെന്നുമാണ് താരം പറഞ്ഞത്. താൻ വിജയ് യുടെ അഭ്യുദയകാംക്ഷി ആണെന്നും എതിരാളി അല്ലെന്നും സൂപ്പർതാരം വിശദമാക്കി. പുതിയ ചിത്രം ലാൽ സലാമിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കാക്കയുടെയും കഴുകന്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടു. വിജയ്‌യ്ക്ക് എതിരെയാണ് ഞാൻ അത് പറഞ്ഞതെന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇത് വളരെ നിരാശാജനകമാണ്. എന്റെ കൺമുന്നിലാണ് വിജയ് വളർന്നത്. ഞാൻ അഭിനയിച്ച ധർമത്തിൻ തലൈവൻ എന്ന ചിത്രത്തിന്റ ഷൂട്ടിങ്ങ് നടക്കുമ്പോൾ, വിജയ്‌യ്ക്ക് 13 വയസായിരുന്നു. മുകളിലത്തെ നിലയിൽ നിന്ന് വിജയ് എന്നെ നോക്കുമായിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞ് എസ്.എ. ചന്ദ്രശേഖർ മകനെ പരിചയപ്പെടുത്തി. അവന് അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നും ആദ്യം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറയണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ആദ്യം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഞാൻ അവനെ ഉപദേശിച്ചിട്ടുണ്ട്. പിന്നീട് വിജയ് നടനായി. തന്റെ അച്ചടക്കവും കഴിവും കഠിനാധ്വാനവുമാണ് ഇത്ര ഉന്നതിയിൽ വിജയ്‍യെ എത്തിച്ചത്. ഇനി രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ഞങ്ങൾക്കിടയിൽ മത്സരമുണ്ടെന്ന് പറഞ്ഞു കേൾക്കുമ്പോൾ എന്റെ മനസ്സ് വളരെയേറെ വേദനിക്കുന്നുണ്ട്. അദ്ദേഹം മത്സരിക്കുന്നത് അദ്ദേഹത്തോടു തന്നെയാണെന്ന് വിജയ് പറഞ്ഞിട്ടുണ്ട്. ഞാനും അത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഞങ്ങൾ പരസ്പരം എതിരാളികളാണ് എന്നു പറയുന്നതുതന്നെ മര്യാദകേടാണ്. ദയവു ചെയ്ത് ഫാൻസ് ഇക്കാര്യത്തിൽ അടിപിടി കൂടരുത്. ഞാൻ സ്നേഹത്തോടെ അഭ്യർഥിക്കുകയാണ്.’–രജനികാന്ത് പറഞ്ഞു.
ജയിലറിന്റെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് രജനീകാന്തിന്റെ വിവാദ പ്രസ്താവനയുണ്ടായത്. സൂപ്പർതാരം ആരാധകരോട് കഥ പറഞ്ഞ് കൊടുക്കാറുണ്ട്. ‘പക്ഷികളില്‍ കാക്ക ഭയങ്കര വികൃതിയാണ്. ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യപ്പെടുത്തും. എന്നാല്‍ കഴുകനിങ്ങനെ മുകളില്‍ കൂടി പറക്കും.- എന്നാണ് താരം കഥയിൽ പറഞ്ഞത്. കഥയിലെ കാക്ക വിജയ് ആണെന്നായിരുന്നു ആരോപണം. പിന്നാലെ ലിയോ സിനിമയുടെ സക്സസ് മീറ്റിനിടയിൽ വിജയ്യും കാക്കയേയും പരുന്തിനേയും തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയതും ചർച്ചയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates