

ആദ്യ ദിനം തന്നെ 151 കോടി കളക്ഷൻ നേടി ബോക്സോഫീസിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് രജനികാന്തിന്റെ കൂലി. ഒരു തമിഴ് സിനിമയ്ക്ക് ആഗോളതലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷൻ കൂടിയാണിത്. തമിഴ്നാട്ടിൽ നിന്ന് മാത്രം ആദ്യ ദിനം ചിത്രം 30 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.
കേരളം, ആന്ധ്ര പ്രദേശ് എന്നിങ്ങനെ അയൽ സംസ്ഥാനങ്ങളിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിൽ നിന്ന് പത്ത് കോടി, ആന്ധ്ര-18 കോടി, കർണാടകയിൽ നിന്ന് 14-15 കോടി എന്നിവ നേടിയെന്നാണ് റിപ്പോർട്ടുകൾ. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്.
നാഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര തുടങ്ങിയ വൻ താരങ്ങളും കൂലിയിൽ അണിനിരന്നിരുന്നു. ഇതിനിടെ കൂലിയുടെ വ്യാജ പതിപ്പ് ഇറങ്ങിയതും ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. കൂലിയുടെ വിജയകുതിപ്പ് തിയറ്ററുകളിൽ തുടരുകയാണ്. ഞായറാഴ്ചയോടെ കൂലിയുടെ കളക്ഷനിൽ വൻ വർധനയുണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുമാരുടെ വിലയിരുത്തലുകൾ.
ഇപ്പോഴിതാ കൂലിയുടെ മറ്റൊരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. കൂലി അവസാനിക്കുന്നത് തന്നെ കൂലി 2 നെക്കുറിച്ചുള്ള നിരവധി സൂചനകൾ നൽകി കൊണ്ടാണെന്നാണ് നെറ്റിസൺസും സിനിമാ പ്രേമികളും പറയുന്നത്. ഇതിന് തെളിവായി പറയുന്നത് ആമിർ ഖാൻ അവതരിപ്പിച്ച ദാഹ എന്ന കഥാപാത്രം തന്നെയാണ്. ചിത്രത്തിന്റെ ക്ലൈമാക്സിലാണ് ദാഹയുടെ വരവ്.
രജനികാന്തിന്റെ കഥാപാത്രമായ ദേവയോട് തന്റെ സുഹൃത്തിന്റെ മരണത്തിൽ (നാഗാർജുന- സൈമൺ) പ്രതികാരം ചെയ്യുന്നതിനെക്കുറിച്ച് ദാഹ പറയുന്നുണ്ട്. മാത്രവുമല്ല, ദാഹയുടെ പല ഡയലോഗുകളും രണ്ടാം ഭാഗത്തേക്ക് വിരൽ ചൂണ്ടുന്നതാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു.
അതോടൊപ്പം കൂലികൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായാൽ മെക്സിക്കോയിൽ ആണെങ്കിലും താൻ വരുമെന്ന് ആമിറിന്റെ കഥാപാത്രത്തോട് രജനിയുടെ കഥാപാത്രമായ ദേവ പറയുന്നുണ്ട്. അതിനാൽ കൂലി 2 ഇന്റർനാഷ്ണൽ ലെവലിലായിരിക്കും ഒരുങ്ങുകയെന്നും ചർച്ചകളുണ്ട്. അതേസമയം കൂലി 2വിൽ പവർഫുള്ളായ ഒരു മുഴുനീള വില്ലൻ കഥാപാത്രമായിട്ടായിരിക്കും ആമിർ ഖാൻ എത്തുകയെന്നും ആരാധകർ പറയുന്നു.
കൂലിയുടെ പ്രൊമോഷൻ പരിപാടിക്കിടെ സംഗീത സംവിധായകൻ അനിരുദ്ധ് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട് ഇപ്പോൾ. കൂലി ഒരു നല്ല സിനിമയാണെന്നും അതുകൊണ്ട് തന്നെ കൂലി 2 വരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അനിരുദ്ധ് പറഞ്ഞിരുന്നു. എന്തായാലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates