

മമ്മൂട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ചും അദ്ദേഹത്തിനെതിരെ സമീപകാലത്തായി ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് രമേശ് പിഷാരടി. മനോരമ ന്യൂസിന്റെ നേരെ ചൊവ്വെയില്‍ അതിഥിയായി എത്തിയതായിരുന്നു എംഎല്‍എ കൂടിയായ നടന്‍. മമ്മൂട്ടി സംഘപരിവാറുമായി അടുക്കാന്‍ ശ്രമിക്കുന്നുവെന്ന വിമർശനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
''മമ്മൂട്ടിയ്‌ക്കൊപ്പം രമേശ് പിഷാരടി എന്ന് പറയുന്നത് സൗഹൃദമാണ്. പൊളിറ്റിക്കല്‍ പാര്‍ട്ടി പോലെയല്ല. അങ്ങനെ ആരുടെ കൂടെ എന്റെ പേര് കേട്ടാലും സംശയിക്കേണ്ട, സൗഹൃദമാണല്ലോ. ഈ നേതാവുമായി സൗഹൃദമാണെന്ന് പറയുന്നതില്‍ എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. മമ്മൂക്ക എനിക്ക് തന്ന സ്വാതന്ത്ര്യം ഞാന്‍ ജീവിതത്തില്‍ നിധി പോലെ കാത്തു സൂക്ഷിക്കുന്നതാണ്. അത്രയും സീനിയറായ, ജീവിതാനുഭവമുള്ള ഒരാള്‍ എനിക്ക് തന്ന സ്വാതന്ത്ര്യവും സമയവും എനിക്ക് വിലപ്പെട്ടതാണ്'' രമേശ് പിഷാരടി പറയുന്നു.മമ്മൂട്ടിയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും പിഷാരടി സംസാരിക്കുന്നുണ്ട്.
''അതേക്കുറിച്ച് ഞങ്ങള്‍ തമ്മില്‍ ആശയവിനിമയം ഉണ്ടായിട്ടുണ്ട്. അതില്‍ സംശയമൊന്നുമില്ല. അന്ന് വയനാട് സംഭവം നടക്കുമ്പോള്‍ ഞങ്ങളെക്കെയുണ്ട്. ചിലപ്പോള്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്ന് അന്തരീക്ഷത്തിലുണ്ട്. അതുകൊണ്ട് എന്നോട് കൂട്ടത്തില്‍ വരണ്ട എന്ന് പറഞ്ഞു. മെഡല്‍ കിട്ടിയ ശ്രീജേഷിന്റെ വീട്ടിലും ഡോക്ടര്‍ വന്ദനയുടെ വീട്ടിലും അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം പോയിട്ടുണ്ട്. ആ സമയത്ത് തെരഞ്ഞെടുപ്പിനോട് അടുത്ത് നില്‍ക്കുന്ന സമയമാണ്. അതിന് കുറച്ച് ദിവസം മുമ്പാണെന്ന് തോന്നുന്നു, മമ്മൂക്കയുടെ ഇന്‍സ്റ്റ പേജും പിണറായി സഖാവിന്റെ പേജും കൊളാബ് ചെയ്ത് പെരുമ്പടവം പാലം ഉദ്ഘാടനം ചെയ്തിരുന്നു. അതിന് അദ്ദേഹം വോയ്‌സ് ഓവര്‍ കൊടുത്തിരുന്നു. അതിന് മുമ്പ് വിദേശത്ത് നടന്ന പരിപാടിയില്‍ പിണറായി സഖാവിനോട് നാല് ചോദ്യം ചോദിച്ചിരുന്നു. അദ്ദേഹം അതിന് ഉത്തരം പറഞ്ഞു. അതിനൊക്കെ താഴെ പിആര്‍ പിആര്‍ എന്നായിരുന്നു കമന്റുകള്‍'' എന്നാണ് രമേശ് പിഷാരടി പറയുന്നത്.
''വളരെ ആത്മാര്‍ത്ഥമായി ഒരാള്‍ ഒരു കാര്യം ചെയ്യുമ്പോഴും പിആര്‍ ആണെന്ന് പറയുന്ന സാഹചര്യത്തിലാണ് വയനാട് ടൗണ്‍ഷിപ്പ് കാണാന്‍ പോകണമെന്ന ആഗ്രഹം അദ്ദേഹം പറയുന്നത്. അവിടെ ഒരു പാര്‍ട്ടിയുള്ളവര്‍ മാത്രമല്ലല്ലോ ഉള്ളത്. ഈ പറഞ്ഞ സ്ഥലങ്ങളില്‍ പോകുമ്പോഴും അതാത് സ്ഥലത്തെ പാര്‍ട്ടിക്കാരെ കൂട്ടിയിട്ടല്ല പോയത്. അദ്ദേഹം പോകുമ്പോള്‍ അതൊരു പൊളിറ്റിക്കല്‍ പരിപാടിയായി വ്യാഖ്യാനിക്കപ്പെടരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. വയ്യായ്മ കഴിഞ്ഞ് ഇറങ്ങിയിട്ടേയുള്ളൂ. രണ്ട് മണിയ്ക്ക് ചെന്നൈയില്‍ നിന്നും ഇറങ്ങിയതാണ്''.
''അവിടെ നടക്കുമ്പോള്‍ ഇദ്ദേഹം കൂടെ ചേര്‍ന്നപ്പോള്‍ ആരാണ് ഇദ്ദേഹമെന്ന് ചോദിച്ചപ്പോള്‍ വളരെ പേഴ്‌സണലായി അദ്ദേഹത്തോട്, മാധ്യമങ്ങളോട് പോലുമല്ല, നിങ്ങള്‍ ഇങ്ങനെ വന്ന് നിന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വരില്ലേ എന്ന് വ്യാഖ്യാനിക്കില്ലേ, വീണ്ടും പിആര്‍ എന്ന് ആരോപണം വരില്ലേ എന്ന അര്‍ത്ഥത്തിലാണ് പറഞ്ഞത്. അവിടെ വച്ച് തന്നെ അത് സംസാരിച്ച് തീര്‍ത്തതാണ്. അത് വീണ്ടും വീണ്ടും ഇടയ്ക്ക് വരും.അത് പിണറായി സഖാവിന് അറിയാമായിരുന്നു. അദ്ദേഹം ആരോടെങ്കിലും മാപ്പ് പറയുന്നത് ഞാന്‍ എന്റെ കരിയറില്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന് ഈ കാര്യം അറിയാവുന്നത് കൊണ്ടാണ് അത് പറഞ്ഞത്.'' എന്നും അദ്ദേഹം പറയുന്നു
മമ്മൂട്ടി സംഘപരിവാറുമായി അടുക്കാന്‍ ശ്രമിക്കുന്നുവെന്ന വിമർശനങ്ങളെക്കുറിച്ചും പിഷാരടി സംസാരിക്കുന്നുണ്ട്. ''മമ്മുട്ടിയെ പോലൊരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ പോയതും പട്ടേല്‍ പ്രതിമ സന്ദര്‍ശിച്ചതും പ്രശനമാക്കേണ്ട കാര്യമല്ല. ഗോപാലകൃഷ്ണന്‍ വീട്ടില്‍ വന്ന വിവാഹം ക്ഷണിച്ചതാണ്. സുരേന്ദ്രേട്ടന്റെ മകന്റെ വിവാഹത്തിനും പോയിരുന്നു. രാഷ്ട്രീയക്കാരുടെ മക്കളുടെ വിവാഹത്തിലൊക്കെ പങ്കെടുക്കുന്നത് സ്വഭാവിക കാര്യമാണ്.'' എന്നാണ് രമേശ് പിഷാരടി പറയുന്നത്.
''മമ്മൂക്ക ഇസ്ലാം മത വിശ്വാസിയാണ്. അവരുടെ മാത്രം സ്വന്തല്ല. കമ്യൂണിസ്റ്റാണ്, പക്ഷെ കമ്യൂണിസ്റ്റുകാരുടെ മാത്രം സ്വന്തമല്ല. മലയാളിയാണ് പക്ഷെ മലയാളികളുടെ മാത്രം സ്വന്തമല്ല. പക്ഷെ മമ്മൂട്ടിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ സ്വന്തമാണെങ്കില്‍ വേറെ എവിടേയും പോകാന്‍ പാടില്ലെന്നാണ്. കാലം ഉണ്ടാക്കിയ കുഴപ്പമാണിത്'' എന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates