

നടൻ ബാബു ആന്റണിയുടെ കടുത്ത ആരാധകനായിരുന്നു താനെന്ന് രമേശ് പിഷാരടി. അടുത്തിടെ ബാബു ആന്റണിക്കൊപ്പമുള്ള ഒരു അഭിമുഖത്തിലാണ് ചെറുപ്പത്തിലെ തന്റെ ആരാധനയെക്കുറിച്ച് പിഷാരടി പറഞ്ഞത്. തന്റെ രക്ഷകനായാണ് ബാബു ആന്റണിയെ കണ്ടിരുന്നത് എന്നാണ് താരം പറഞ്ഞത്. തന്റെ ഡയറിയിൽ ബാബു ആന്റണിയുടെ ഫോട്ടോ ഒട്ടിച്ചിരുന്നെന്നും പറഞ്ഞിരുന്നു. ഇപ്പോൾ 28 വർഷം പഴക്കമുള്ള ഡയറി ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം.
ബുക്കിന്റെ കവറിലായി ബാബു ആന്റണിയുടെ ഫോട്ടോ വെട്ടിഒട്ടിച്ചിരിക്കുകയാണ്. അതിനു താഴെ സഹോദരങ്ങളെ പേടിപ്പിക്കാനായി ബാബു ആന്റണിയുടെ ഭീഷണിയും എഴുതിചേർത്തിട്ടുണ്ട്. കണ്ണന്റെ ഡയറിയാണ് ഇതെന്നും ഇത് തൊട്ടാൽ സിനിമയിലെയിലെ പോലെ തന്നെയാകും തന്റെ സ്വഭാവം എന്നുമാണ് കുറിച്ചിരിക്കുന്നത്. സ്വന്തം കാര്യം നോക്കിപോകാനും പറയുന്നുണ്ട്.
28 വർഷം പഴക്കമുള്ള ഡയറി. പലതും കഥകൾ മാത്രമല്ല അനുഭവങ്ങൾ തന്നെ ആണ്.. ചില സാഹചര്യങ്ങളിൽ അതിനു മധുരം കൂടും..
അങ്ങനെ ഒരു മധുരം പങ്ക് വയ്ക്കുന്നു.- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. ബാബു ആന്റണിയോടുള്ള ആരാധന പറയുന്നതും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ;
‘‘1995 കാലഘട്ടത്തിൽ ബാബു ആന്റണി ചേട്ടൻ വർഷത്തിൽ എട്ട്, ഒൻപത് പടങ്ങളൊക്കെ അഭിനയിച്ചിരുന്നു. അന്ന് ഞാൻ അദ്ദേഹത്തിന്റെ കൊടും ഫാൻ ആണ്. അദ്ദേഹത്തെ പോലെ മുടി വളർത്തണമെന്നുണ്ട്. പക്ഷേ എന്റേത് ചുരുണ്ട മുടി ആയതുകൊണ്ട് ബാക്കിലേക്ക് വളരില്ല, മുടി വളർത്തിയാൽ മുകളിലേക്ക് പൊങ്ങിയേ നിൽക്കൂ. അങ്ങനെ മുടി വളർത്താൻ കഴിയാത്ത സങ്കടമുണ്ടായിരുന്നു. 95 മുതൽ ഇന്നലെ വരെ ദിവസവും ഡയറി എഴുതുന്ന പതിവുണ്ട്. ഞാൻ എപ്പോഴും ഡയറി എഴുതും. അന്നൊന്നും എല്ലാ ഡേറ്റും പ്രിന്റ് ചെയ്ത ഡയറി കിട്ടാറില്ല. അതുകൊണ്ട് 200 പേജന്റെ നോട്ട് എഴുതുന്ന ബുക്കിലാണ് ഡയറി എഴുതിയിരുന്നത്. ഞങ്ങൾ അഞ്ചു മക്കളാണ് വീട്ടിൽ. എന്റെ സഹോദരങ്ങൾ എന്റെ ഡയറി എടുത്ത് വായിക്കാതിരിക്കാൻ ബുക്കിന്റെ കവറിൽ ബാബു ചേട്ടന്റെ ഒരു പടം വെട്ടിയെടുത്ത് ഒട്ടിച്ചു വച്ചിട്ട് ‘‘ഇത് രമേഷിന്റെ ഡയറിയാണ്. ഇത് എടുത്താൽ അറിയാല്ലോ ഞാൻ വരും വന്നു നിങ്ങളെ ഇടിക്കും’’ എന്ന് എഴുതി വച്ചിരുന്നു. അന്ന് മനസ്സിൽ എന്റെ രക്ഷകനാണ് ബാബുച്ചേട്ടൻ. ഇതൊരു അതിശയോക്തി അല്ല, ആ ഡയറി ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.’’
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates