

താരദമ്പതിമാരായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചെത്തുന്ന 'രണബാലി' എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ 16 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരഭിമുഖത്തിൽ ആഘോഷങ്ങളെക്കുറിച്ച് രശ്മിക പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വിജയ് ഒരു കാര്യവും ആഘോഷിക്കാറില്ലെന്നാണ് രശ്മിക പറയുന്നത്. എന്നാൽ താൻ ഇതിന് നേരെ തിരിച്ചാണെന്നും നടി പറഞ്ഞു. ജീവിതത്തിലെ ചെറിയ നിമിഷങ്ങൾ പോലും ആഘോഷിക്കണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് രശ്മിക മന്ദാന വ്യക്തമാക്കി. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്. വിവാഹശേഷം ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രമെന്ന നിലയിൽ 'രണബാലി' നിങ്ങൾക്ക് ഒരു നാഴികക്കല്ലായിരുന്നോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്.
"നാഴികക്കല്ലുകൾ പോലുള്ള കാര്യങ്ങളിൽ എനിക്ക് വിശ്വാസമുണ്ടോ എന്ന് പോലും എനിക്കറിയില്ല". - എന്നായിരുന്നു വിജയ് പ്രതികരിച്ചത്. "അദ്ദേഹം ഒന്നും ആഘോഷിക്കാറില്ല. ഞാൻ പറയട്ടെ, എല്ലാ കാര്യങ്ങളും ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. കാരണം നമ്മുടെ ഓരോ ജന്മദിനവും പ്രധാനമാണ്.
നമ്മൾ പ്രായമായി കൊണ്ടിരിക്കുകയാണ്, ഈ ലോകത്ത് ഇനി എത്ര നാൾ നമ്മളുണ്ടാകുമെന്ന കാര്യം നമുക്കറിയില്ലല്ലോ. അതുകൊണ്ട് ആഘോഷങ്ങൾ പ്രധാനമാണെന്നാണ് ഞാൻ കരുതുന്നത്. എത്ര ചെറിയ കാര്യമാണെങ്കിലും നമ്മളത് ആഘോഷിക്കണം. ചെറിയൊരു കേക്ക് കട്ട് ചെയ്യണം, അല്ലെങ്കിൽ ഒന്നിച്ച് ചെറിയ എന്തെങ്കിലും കാര്യങ്ങൾ ചെയ്യണം".- രശ്മിക മന്ദാന പറഞ്ഞു.
"ഇവൾ എൻ്റെ ജീവിതത്തിലേക്ക് കുറച്ച് ആഘോഷം കൊണ്ടുവന്നു".- എന്നായിരുന്നു ഇതിന് വിജയ് ദേവരകൊണ്ട മറുപടിയായി പറഞ്ഞത്. തങ്ങൾ ഒന്നിച്ചതിന് ശേഷം അവധി ദിവസങ്ങൾ ഒരുപാട് എടുക്കാൻ തുടങ്ങിയെന്നും വിജയ് പറഞ്ഞു. "ഞങ്ങൾ ഒന്നിച്ചതിനു ശേഷം ഒരു കാര്യം ഞാൻ തീരുമാനിച്ചു - കൂടുതൽ അവധികൾ എടുക്കാൻ തുടങ്ങുക എന്നത്.
കാരണം, എന്റെ പ്രകൃതം വെച്ച് നോക്കുമ്പോൾ, എല്ലാത്തിനെയും ഒരു പോരാട്ടമായും അതിജീവനവുമായൊക്കെയാണ് ഞാൻ കാണാറുള്ളത്. അതാണ് ജീവിതത്തോടുള്ള എന്റെ സമീപനം. ഉണരുന്ന ഓരോ ദിവസവും എനിക്കൊരു യുദ്ധം പോലെയാണ്, അതിജീവനത്തിനായുള്ള പോരാട്ടം പോലെയാണ്. എന്റെ സംസാരത്തിലും പെരുമാറ്റത്തിലും ആ ശൈലിയുണ്ട്.
അതുകൊണ്ട് എന്നെ സംബന്ധിച്ച് ആഘോഷം എന്നത്, ചെയ്യാനേറെയുള്ള കാര്യങ്ങളെ ആഘോഷിക്കലാണ്. നേടാനും അനുഭവിക്കാനും ഇനിയുമേറെ കാര്യങ്ങളുണ്ട്; ഒന്നിനെയും പൂർണമായി തൃപ്തികരമായി കാണാൻ കഴിയാത്ത അവസ്ഥയാണത്. ഞാൻ അത് ഇപ്പോൾ തിരിച്ചറിഞ്ഞു; ജീവിതം നന്നായി ആസ്വദിക്കുക എന്നതിനാണ് മുൻഗണന. അതിനായി പണം ചെലവഴിക്കുക".- വിജയ് ദേവരകൊണ്ട വ്യക്തമാക്കി.
"നല്ല ഓർമകൾ സൂക്ഷിച്ചുവെക്കുക, കാരണം ഈ സമയം ഒരിക്കലും തിരിച്ചു കിട്ടില്ല. നമ്മൾ എല്ലാക്കാലവും ചെറുപ്പമായി ഇരിക്കില്ല. ഇപ്പോഴുള്ള ഊർജവും ആരോഗ്യവും എന്നും നമുക്കുണ്ടാകില്ല. അതൊരു ദുഃഖകരമായ യാഥാർത്ഥ്യമാണ്. കാലം കടന്നുപോകുമ്പോൾ, ഇന്ന് നമുക്കുള്ള പല സ്വാതന്ത്ര്യങ്ങളും ചിലപ്പോൾ കിട്ടിയില്ലെന്ന് വരും.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
കഠിനാധ്വാനവും ആഘോഷങ്ങളും ഒരുപോലെ പ്രധാനമാണ്. സെറ്റിലായിരിക്കുമ്പോൾ കഠിനാധ്വാനം ചെയ്യാൻ ഞാൻ എപ്പോഴും തയ്യാറാണ്. അതോടൊപ്പം എന്തെങ്കിലും ആഘോഷിക്കേണ്ട അവസരം വരുമ്പോൾ, അതിനും തുല്യമായ പ്രാധാന്യം നൽകണമെന്നാണ് എനിക്ക് തോന്നുന്നത്". - രശ്മിക കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates