

തെന്നിന്ത്യൻ സിനിമയിലിപ്പോൾ റീ റിലീസുകളുടെ കാലമാണ്. നിരവധി സിനിമകളാണ് റീ റിലീസിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. ഏറ്റവും കൂടുതൽ റീ റിലീസിലൂടെ എത്തുന്നത് മോഹൻലാൽ ചിത്രങ്ങളാണ് മലയാളത്തിൽ. ലാലേട്ടന്റെ റീ റിലീസ് ചിത്രങ്ങൾക്ക് വൻ വരവേല്പാണ് ആരാധകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു മോഹൻലാൽ ചിത്രം കൂടി റീ റിലീസിലൂടെ പ്രേക്ഷകരിലേക്കെത്തുകയാണ്.
ഏറെ നാളുകളായി സിനിമാ പ്രേക്ഷകർ കാത്തിരുന്ന രാവണപ്രഭു ആണ് ആ ചിത്രം. രഞ്ജിത്തിന്റെ സംവിധാനത്തിലെത്തിയ ചിത്രം 2001 ഒക്ടോബറിലാണ് പ്രേക്ഷകരിലേക്കെത്തിയത്. 4 കെ ഡോൾബി അറ്റ്മോസ് ദൃശ്യ, ശ്രാവ്യ മികവോടെയാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുക. ചിത്രത്തിന്‍റെ റീമാസ്റ്ററിങ് നിര്‍വ്വഹിക്കുന്ന മാറ്റിനി നൗ ആണ് സോഷ്യല്‍ മീഡിയയിലൂടെ രാവണപ്രഭു റീ റിലീസിന്‍റെ കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച പുതിയ പോസ്റ്ററും പുറത്തെത്തിയിട്ടുണ്ട്. ചിത്രം റീ റിലീസിനെത്തുമെന്ന വിവരം നേരത്തെ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ റീ റിലീസ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് രാവണപ്രഭു റീ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിലെത്തിയത്.
മോഹൻലാൽ ഡബിൾ റോളിലെത്തിയ രാവണ പ്രഭുവിൽ വസുന്ധര ദാസ് ആയിരുന്നു നായിക. നെപ്പോളിയൻ, സിദ്ദിഖ്, ഇന്നസെന്റ്, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. പി സുകുമാർ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. രഞ്ജിത്തിന്റെ സംവിധാന അരങ്ങേറ്റം കൂടിയായിരുന്നു രാവണപ്രഭു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചത്. 1993 ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു രാവണപ്രഭു. ദേവാസുരത്തിന്റെ കഥയും രഞ്ജിത്തിന്റേതായിരുന്നു.
അതേസമയം മലയാളത്തിൽ തുടരും ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. തെലുങ്ക് ചിത്രം കണ്ണപ്പയിൽ മോഹൻലാൽ അതിഥി വേഷത്തിലുമെത്തിയിരുന്നു.
Mohanlal starrer Ravanaprabhu re release announced.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates