

ജീവിതത്തിൽ സൗഹൃദത്തിന് ഒരുപാട് പ്രാധാന്യം നൽകുന്ന നടൻമാരിലൊരാളാണ് രവി മോഹൻ. ആര്യ, കാർത്തി, ജീവ, വിശാൽ എന്നിവരുമായുള്ള രവി മോഹന്റെ സൗഹൃദത്തെക്കുറിച്ച് ആരാധകർക്കും നന്നായി അറിയാവുന്നതാണ്. ഈ കൂട്ടുകെട്ടിന്റെ ഒന്നിച്ചുള്ള നിമിഷങ്ങളൊക്കെയും സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ കൂട്ടുകാരൻമാരെക്കുറിച്ച് രവി മോഹൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'നിങ്ങളുടെ സൗഹൃദവലയത്തിൽ ഒരാളെ സ്പൈ ആയി വയ്ക്കുകയാണെങ്കിൽ ആരെ വയ്ക്കും' എന്ന ചോദ്യത്തിന് രവി മോഹൻ നൽകിയ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. കാർത്തി നായകനായെത്തുന്ന 'സർദാർ 2' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ പങ്കെടുക്കവേയാണ് രവി മോഹൻ ഇക്കാര്യം പറഞ്ഞത്.
"തീർച്ചയായും സ്പൈ ആയി വയ്ക്കുകയാണെങ്കിൽ അത് ആര്യ ആയിരിക്കും. അത് കറക്ട് ആയിരിക്കും. കാരണം, അവന്റെ കയ്യിൽ സൈക്കിളുണ്ട്. പെട്ടെന്ന് പോയി കാര്യങ്ങളൊക്കെ കണ്ടെത്തിയിട്ട് വരും. സൈക്കിളിൽ പോകുന്നതു കൊണ്ട് തന്നെ അവനെ ആർക്കും സംശയം ഒന്നും തോന്നില്ല.
പക്ഷേ ഞാൻ കണ്ടുപിടിക്കും. എങ്ങനെയെന്ന് വച്ചാൽ അവൻ ഒരേയൊരു ഹെൽമറ്റ് മാത്രമേ അവൻ ഉപയോഗിക്കാറുള്ളൂ. അത് വച്ച് ഞാൻ കണ്ടുപിടിക്കും. അത് മറ്റാർക്കും അറിയില്ല". - രവി മോഹൻ പറഞ്ഞു. 'മിഷൻ തീരുന്നതിന് മുൻപ് രഹസ്യം പുറത്തുവരണമെങ്കിൽ ആര് സ്പൈ ആയിരിക്കണം' എന്ന ചോദ്യത്തോടും രവി മോഹൻ തമാശരൂപേണ പ്രതികരിച്ചു.
ജീവ എന്നായിരുന്നു താരത്തിന്റെ ഉത്തരം. "അവനൊന്നും പറയില്ല, കാരണം എല്ലാം മറന്നു പോകും. പിന്നെ നമ്മൾ കുറേനാൾ കഴിഞ്ഞ് എല്ലാവരും കൂടിയിരുന്ന് പറയുമ്പോൾ, 'ആ കാര്യം ഞാൻ ചെയ്തായിരുന്നു...' എന്ന് പറഞ്ഞ് തുടങ്ങും. അപ്പോൾ നമ്മൾ പറയും, 'എടാ, അത് പറയാൻ പാടില്ലെടാ' എന്ന്. - രവി മോഹൻ പറഞ്ഞു.
'ഞാനൊരു സ്പൈ ആണെന്ന് നെറ്റിയിൽ എഴുതി വച്ചിരിക്കുന്ന ആൾ ആരാണെന്ന' ചോദ്യത്തിന് വിശാലിന്റെ പേരാണ് രവി പറഞ്ഞത്. "അവൻ നടന്നു വരുന്ന സ്റ്റൈലിൽ തന്നെ മനസിലാകും, ഇവൻ ഉറപ്പായും ഒരു സ്പൈ ആണെന്ന്". തനിക്കേറ്റവും വിശ്വാസമുള്ളത് കാർത്തിയെ ആണെന്നും നടൻ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates