

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ആറ് എപ്പിസോഡുകളുള്ള കോർട്ട്റൂം ഡ്രാമ 'സത്യമേവ' നവംബർ 27ന് മലയാളം സീ 5ൽ സ്ട്രീമിംഗ് ആരംഭിക്കും. സീരീസിന്റെ ട്രെയിലർ നടന്മാരായ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തിറക്കി.
റോണി ഡേവിഡ് രാജ് നായകനാകുന്ന സീരീസിൽ മീനാക്ഷി ഉണ്ണികൃഷ്ണൻ, ജയരാജ് കോഴിക്കോട്, ബിന്നി സെബാസ്റ്റ്യൻ, സോഹൻ സീനു ലാൽ, ദീപു കരുണാകരൻ, മീര നായർ, രമ്യ സുരേഷ്, അജി ധന്വന്തരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു തിരോധാനത്തെ ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നത്.
ഒരിക്കൽ തനിക്ക് രക്ഷിക്കാൻ കഴിയാതെ പോയ ഒരു നിരപരാധിയായ കക്ഷിയുടെ ഓർമ്മകൾ വേട്ടയാടുന്ന, കരിയറിൽ തകർന്നുപോയ പ്രതിഭാഗം അഭിഭാഷകന്റെ കഥയാണ് 'സത്യമേവ' പറയുന്നത്. എല്ലാവരും ഭ്രാന്തനെന്ന് മുദ്രകുത്തി തള്ളിക്കളഞ്ഞ ഒരാളുടെ മരണമൊഴി ഏറ്റെടുക്കുന്നതോടെ, ഇരുപത് വർഷമായി കാണാതായ ഒരു പെൺകുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം നിർബന്ധിതനാവുന്നതാണ് ഇതിവൃത്തം.
സത്യമേവ മലയാളം സീ 5-ലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സീ 5ന്റെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് ലോയിഡ് സി സേവ്യർ അറിയിച്ചു. ഇരുപത് വർഷമായി ഉത്തരം ലഭിക്കാതെ തുടരുന്ന ഒരു തിരോധാനത്തിന് പിന്നിലെ ദുരൂഹതയാണ് സീരീസിന്റെ പ്രധാന പ്രമേയമെന്നും മറച്ചുവെക്കപ്പെട്ട ഒരു സത്യം പുറത്തുകൊണ്ടുവരാൻ നടത്തുന്ന പോരാട്ടമാണ് സത്യമേവയിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നതെന്നും സംവിധായൻ ദീപു കരുണാകരൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates