സിനിമകളിലെ മാസ് ഇൻട്രൊഡക്ഷൻ രംഗങ്ങളെക്കുറിച്ച് രസകരമായ പ്രതികരണവുമായി നടൻ ദുൽഖർ സൽമാൻ. തന്റെ സിനിമകളിലും വില്ലന്മാരെ ഇടിച്ചുവീഴ്ത്തിയുള്ള മാസ് എൻട്രികളും പഞ്ച് ഡയലോഗുകളുമെല്ലാം പരീക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ അത്തരം സിനിമകളൊന്നും പ്രതീക്ഷിച്ച വിജയം നേടിയില്ലെന്നും ദുൽഖർ പറഞ്ഞു. പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക്ക താര'യുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം.
സിനിമകളുടെ തുടക്കത്തിൽ മാസ് ഇൻട്രൊഡക്ഷൻ രംഗങ്ങളോ വില്ലന്മാരെ അടിച്ചുവീഴ്ത്തിയശേഷമുള്ള പഞ്ച് ഡയലോഗുകളോ ഇല്ലാതെതന്നെ പ്രേക്ഷകരുടെ മനസിൽ ഇടംനേടാൻ ദുൽഖറിന് സാധിക്കുന്നതിന് പുറകിലെ മാജിക് എന്താണെന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് മറുപടിയായാണ് താരം തന്റെ സിനിമകളിലെ മുൻകാല പരീക്ഷണങ്ങളെക്കുറിച്ച് സംസാരിച്ചത്.
'ഞാൻ അത്തരത്തിലുള്ള ഇൻട്രോകളെല്ലാം പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ആ സിനിമകളൊന്നും ഓടിയില്ല. അത്തരം ഇൻട്രോ, ലോ ആംഗിൾ ഷോട്ട്, പഞ്ച് ഡയലോഗ് എല്ലാം ഞാൻ ശ്രമിച്ചുനോക്കിയിട്ടുണ്ട്. പക്ഷേ, പ്രേക്ഷകർക്ക് എന്നെ അങ്ങനെ കാണാൻ സാധാക്കുന്നില്ലെന്ന് തോന്നുന്നു. അതിനു കഴിയുന്ന ഒരു സിനിമ സംഭവിക്കാത്തതുകൊണ്ട് ആയിരിക്കാം. എങ്കിലും ഇനിയൊരിക്കൽ കൂടി അത്തരത്തിലുള്ള ഒരു ഇൻട്രൊഡക്ഷൻ ചെയ്യണമെന്നാണ് ആഗ്രഹം,' എന്നായിരുന്നു ദുൽഖറിന്റെ മറുപടി.
'എന്റെ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് അടുത്തറിയുന്ന ആളുകളെപ്പോലെ ഉള്ളവരാണ്. ഇന്ത്യയിലെ ഏതു സ്റ്റേറ്റിലായിരുന്നാലും നമുക്ക് അറയാവുന്ന ഒരാളായി തോന്നുന്ന കഥാപാത്രങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. ബോയ് നെക്സ്റ്റ് ഡോർ എന്നു പറയുന്ന റിലേറ്റബിൾ കഥാപാത്രങ്ങളാണ് ചെയ്യുന്നത്' എന്നും ദുൽഖർ കൂട്ടിച്ചേർത്തു.
പതിവ് മാസ് നായകസങ്കൽപ്പങ്ങളിൽനിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയുമാണ് ദുൽഖർ തെലുങ്ക് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. 'മഹാനടി', 'സീതാ രാമം', 'ലക്കി ഭാസ്കർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ നേട്ടമുണ്ടാക്കാൻ താരത്തിന് കഴിഞ്ഞു.
അതേസമയം, ദുൽഖർ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക്ക താര' നവംബർ 20ന് തിയറ്ററുകളിലെത്തും. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ഉൾനാടൻ ഗ്രാമത്തിൽനിന്നുള്ള കല്പന എന്ന പെൺകുട്ടി തന്റെ പരിമിതികളെ മറികടന്ന് ബഹിരാകാശ സഞ്ചാരിയാകാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates