

തെന്നിന്ത്യയിലെ നമ്പർ വൺ യുവ സംഗീത സംവിധായകരിൽ ഒരാളാണ് സായ് അഭ്യങ്കാർ. ആറാം ക്ലാസ് മുതൽ താൻ 1,000 ത്തിലധികം പാട്ടുകൾ കമ്പോസ് ചെയ്ത് വച്ചിട്ടുണ്ടെന്നും 60 വയസ് കഴിയുമ്പോൾ താൻ അതൊക്കെ ഉപയോഗിക്കുമെന്നും പറയുകയാണ് സായ് ഇപ്പോൾ. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സായ് അഭ്യങ്കാർ.
"എന്റെ കയ്യിലിപ്പോൾ 1000ത്തിലധികം പാട്ടുകളുണ്ട്. ആറാം ക്ലാസ് മുതൽ ഞാൻ കമ്പോസ് ചെയ്തതാണ് അതെല്ലാം. 60 വയസ്സിനു ശേഷം ഞാൻ അത് ഉപയോഗിക്കും. 60 വയസ്സിനു ശേഷം എന്റെ ആരോഗ്യം അല്ലെങ്കിൽ മാനസികാരോഗ്യം മോശമാണെങ്കിൽ ഞാൻ ആ പാട്ടുകൾ ഉപയോഗിക്കും.
ആയിരവും ഉപയോഗിക്കുമെന്ന് ഞാൻ പറയുന്നില്ല. അതിൽ നിന്ന് ഏറ്റവും മികച്ചത് ഏതാണോ അത് ഞാനുപയോഗിക്കും. അതിൽ ഏതൊക്കെയാണ് നല്ലതെന്ന് എനിക്കോർമയുണ്ട്. ഇനി അഥവാ മറന്നുപോയാൽ ഞാൻ ഒന്നു കൂടി പോയി കേട്ട് നോക്കും. അപ്പോൾ എനിക്ക് ഓർമ വരും".- സായ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാനായി നോക്കിയയുടെ ഒരു സാധാരണ സെറ്റാണ് താൻ ഉപയോഗിക്കുന്നതെന്നും സായ് കൂട്ടിച്ചേർത്തു. "ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമെല്ലാം സോഷ്യൽ മീഡിയയിലുണ്ട്.
അതിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയയുടെ ഒരു സാധാരണ സെറ്റ് ഞാൻ വാങ്ങി. ആ ലെജൻഡ് ഫോൺ- അതാണ് ഞാൻ ഉപയോഗിക്കുന്നത്. സംവിധായകരും നിർമാതാക്കളുമൊക്കെ ഇടയ്ക്ക് എന്നെ ആ ഫോണിലേക്കാണ് വിളിക്കാറ്.
കൂടുതൽ സമയവും ആ ഫോണിൽ തന്നെ ലഭ്യമാകാൻ ഞാൻ ശ്രമിക്കാറുണ്ട്. സ്മാർട്ട് ഫോണിൽ നിന്ന് പരമാവധി ഞാൻ അകന്നു നിൽക്കാറുണ്ട്".- സായ് പറഞ്ഞു. സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് സായ്‌യുടേതായി റിലീസിനൊരുങ്ങുന്ന പ്രൊജക്ട്. അല്ലു അർജുൻ ചിത്രം രാക്കയിലും സായ് ആണ് സംഗീതമൊരുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates