

സാമന്ത നായികയായെത്തുന്ന പുതിയ ചിത്രമാണ് 'മാ ഇൻടി ബംഗാരം'. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സാമന്ത ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സാമന്തയും ഭർത്താവും നിർമാതാവുമായ രാജ് നിദിമോരുവും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുമൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തു.
ഈ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ആരാധകർക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. വിഡിയോകൾ പുറത്തുവന്നതോടെയാണ് സാമന്തയ്ക്ക് ബേബി ബംപ് ഉണ്ടെന്ന് ആരാധകർ കണ്ടെത്തിയത്.
സാമന്ത ഗർഭിണിയാണെന്ന വിവരം മാ ഇൻടി ബംഗാരം എന്ന സിനിമയുടെ സംവിധായിക ബി വി നന്ദിനി റെഡ്ഡി സിനിമാ എക്സ്പ്രസിനോട് അറിയിച്ചു. "മാ ഇൻടി ബംഗാരം' എന്ന ഞങ്ങളുടെ സിനിമയുടെ വിജയത്തിന്റെ മനോഹരമായ സമയത്താണ് സാമന്തയുടെ പ്രെഗ്നൻസിയുടെ വിവരം വരുന്നതെന്ന്" നന്ദിനി റെഡ്ഡി സിനിമാ എക്സ്പ്രസിനോട് പറഞ്ഞു.
"വാർത്ത സത്യമാണ്. പുതിയ വിശേഷത്തിൽ ഇരുവരും വലിയ സന്തോഷത്തിലാണ്. കുഞ്ഞ് എത്തുന്നുവെന്ന വാർത്ത അധികം വൈകാതെ അവർ ഔദ്യോഗികമായി പ്രഖ്യാപിക്കും" - സാമന്തയും രാജുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞവർഷം ഡിസംബർ ഒന്നിനായിരുന്നു സാമന്തയും രാജ് നിദിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates