Sambhava Vivaranam Nalara Sangham
Sambhava Vivaranam Nalara Sanghamഫെയ്സ്ബുക്ക്

സംഭവബഹുലം ഈ സംഭവവിവരണം; ഗ്യാങ്‌സ്റ്റര്‍ കഥകള്‍ക്ക് ഡാര്‍ക് ഹ്യൂമറിലൂടൊരു അപനിര്‍മിതി - റിവ്യു

ഗ്യാങ്‌സ്റ്റര്‍ സ്‌റ്റോറികള്‍ക്കുള്ള മലയാളത്തിന്റെ മറുപടി
Published on
സംഭവബഹുലം ഈ സംഭവവിവരണം(3.5 / 5)

തന്റെ വിഷനിലുള്ള കഥ പറയാനുള്ള ടൂളുകളായി കഥാപാത്രങ്ങളേയും സന്ദര്‍ഭങ്ങളേയും ഉപയോഗിക്കുന്നവരാണ് സംവിധായകര്‍. എന്നാല്‍ മറ്റ് ചിലര്‍ തങ്ങളുടെ കഥാപാത്രങ്ങളേയും സന്ദര്‍ഭങ്ങളേയും അതിലൂടെ പ്രേക്ഷകരുടെ ചിന്തകളേയുമെല്ലാം കയ്യിലെടുത്ത് അമ്മാനമാടാന്‍ ഇഷ്ടപ്പെടുന്നവരാണ്. അത്തരം രസകരമായ 'വട്ട്' ഉള്ള സംവിധായകനാണ് കൃഷാന്ദ്. ദേശീയ അവാര്‍ഡ് ജേതാവായ കൃഷാന്ദിന്റെ ഏത് സിനിമയെടുത്താലും അദ്ദേഹം തന്റെ പ്രേക്ഷകരെ അവരെയൊന്ന് പിടിച്ചുകുലുക്കി, കാലങ്ങളായി മണ്ണിലാണ്ടുകിടക്കുന്ന വേരുകളൊന്ന് ഇളക്കി വിടുന്നത് കാണാം.

കൃഷാന്ദിന്റെ ഏറ്റവും അമ്പീഷ്യസ് ആയ സൃഷ്ടിയാണ് സംഭവവിവരണം നാലരസംഘം ദ ക്രോണിക്ക്ള്‍സ് ഓഫ് 4.5 ഗ്യാങ്. തന്റെ സിനിമകള്‍ക്ക് പേരിടുന്നതില്‍ കാണിക്കാറുള്ള അതേ കുസൃതി മേക്കിങിലും കഥപറച്ചിലിലും കൊണ്ടു വരുന്ന സംവിധായകന്റെ സീരീസും ആ വഴിയെ തന്നെയാണ്. പ്രേക്ഷകനെ ആദ്യം കൃഷാന്ദ് ഒരു വഴിയെ കൂട്ടിക്കൊണ്ടുപോകും. ആ വഴിയൊന്ന് പരിചയപ്പെട്ട് വരുമ്പോഴാകും അദ്ദേഹം പെട്ടെന്ന് വേറൊരു വഴി തുറന്ന് അതിലെ കയറ്റി വിടുക. അവിടെ നിന്നും മറ്റൊന്നിലേക്കും മറ്റൊന്നിലേക്കും. അങ്ങനെ പ്രേക്ഷകരെക്കൂടി തന്റെ കഥ പറച്ചിലിലെ ടൂളാക്കി മാറ്റുന്ന സംവിധായകനാണ് കൃഷാന്ദ്.

Sambhava Vivaranam Nalara Sangham
ഓണം റേസിൽ കിതച്ച് ഫഫയും കൂട്ടരും- 'ഓടും കുതിര ചാടും കുതിര'; റിവ്യൂ

തന്റെ സിഗ്നേച്ചര്‍ വ്യക്തമായി തന്നെ അടയാളപ്പെടുത്തുമ്പോഴും തന്നെ മാത്രം പ്രൊജക്ട് ചെയ്യുന്നതാകരുത് തന്റെ സിനിമകളെന്ന കാര്യത്തിലും കൃഷാന്ദിന് വ്യക്തതയുണ്ട്. അത് സംഭവ വിവരണത്തിലും കാണാം. കൃഷാന്ദിന്റെ കുസൃതിക്കണ്ണിലൂടെ അരിക്കുട്ടന്റെ നാലര സംഘത്തിന്റേയും അവരിലൂടെ ഒരു ലോകത്തിന്റേയും കഥ പറയുകയാണ് കൃഷാന്ദ്.

പൊലീസ് തേടി നടക്കുന്ന, ഒരുകാലത്ത് തിരുവഞ്ചപുരം (IYKYK) നഗരത്തെ വിറപ്പിച്ചിരുന്നൊരു ഗുണ്ടാ സംഘത്തിന്റെ നേതാവായ അരിക്കുട്ടന്‍ തന്റെ ജീവിതകഥയെഴുതാന്‍ വിഖ്യാത എഴുത്തുകാരന്‍ മൈത്രേയനെ സമീപിക്കുന്നു. തുടര്‍ന്ന് തന്റേയും കൂട്ടുകാരുടേയും ക്രൈമുകളുടെ ലോകത്തിലൂടെയുള്ള സഞ്ചാരകഥ അരിക്കുട്ടന്‍ മൈത്രേയന് പറഞ്ഞു കൊടുക്കുന്നു. രക്തരൂക്ഷിതമായ തന്റെ ചരിത്രത്തെ ഒരു വീരസാഹസിക കഥയാക്കിയെടുക്കുക എന്നതാണ് അരിക്കുട്ടന്റെ ലക്ഷ്യം. ആദ്യം നോവലായും പിന്നീട് സിനിമയായും തന്റെ കഥ ആഘോഷിക്കപ്പെടുന്നത് കാണണമെന്നാണ് അരിക്കുട്ടന്റെ എളിയ ആഗ്രഹം. കമ്മാര സംഭവത്തില്‍ കണ്ടൊരു പരീക്ഷണം.

Sambhava Vivaranam Nalara Sangham
ഇത് മോളിവുഡിന്റെ മാർവൽ- 'ലോക' റിവ്യൂ

ഗ്യാങ്സ്റ്റര്‍മാരാണെന്ന് കരുതി നാലര സംഘം ഡീല്‍ ചെയ്യുന്നത് സ്വര്‍ണക്കടത്തോ മയക്കുമരുന്നോ ആയുധങ്ങളോ ഒന്നുമല്ല. പാലില്‍ നിന്നും തുടങ്ങി പൂക്കച്ചോടത്തില്‍ വരെയെത്തുന്നതാണ് അവരുടെ ഗ്യാങിന്റെ സഞ്ചാരം. പാലും പൂവുമൊക്കെയാണെന്ന് കരുതി, സംഭവവിവരണം ഒരു ഫീല്‍ ഗുഡ് ഗ്യാങ്സ്റ്റര്‍ കഥയാണെന്ന് കരുതരുത്. പാലിനേക്കാളും കട്ടിയുള്ള, പൂവിനേക്കാള്‍ രൂക്ഷ ഗന്ധമുള്ള ചോര ചിന്തുന്ന സംഭവങ്ങളാണ് അരിക്കുട്ടന്‍ മൈത്രേയനോട് വിവരിക്കുന്നത്.

ഗ്യാങ് സ്റ്റര്‍ സ്റ്റോറികള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം സംഭവവിവരണത്തെ വ്യത്യസ്തമാക്കുന്നത് കേന്ദ്രകഥാപാത്രങ്ങളെ എങ്ങനെ സമീപിക്കുന്നുവെന്നതിലാണ്. നാലര സംഘത്തിന്റെ ക്രൈമുകളെ ഗ്ലോറിഫൈ ചെയ്യാനോ നെറികേടുകളെ നിഷ്‌കളങ്കതയാക്കി നോര്‍മലൈസ് ചെയ്യാനോ കൃഷാന്ദ് ഒരുക്കമാകുന്നില്ല. പകരം അരിക്കുട്ടനും മൈത്രേയനും തമ്മിലുള്ള സംസാരത്തിലൂടേയും നാലര സംഘത്തിന്റെ തന്നെ വിവരണങ്ങളിലൂടേയും മറ്റും അവരുടെ ചെയ്തികളെ ആത്മപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

രണ്ട് കാലത്തിലൂടെയാണ് സീരീസ് സഞ്ചരിക്കുന്നത്. നാലര സംഘത്തിന്റെ കൗമാരം മുതലുള്ള യാത്രയുടെ അന്നും, മൈത്രയനും അരിക്കുട്ടനും കണ്ടുമുട്ടുന്ന ഇന്നും. അന്നത്തെ തങ്ങളുടെ ചെയ്തികളുടെ കാര്യകാരണങ്ങള്‍ തേടുന്ന അരിക്കുട്ടനെ ഇന്ന് കാണാം.

രക്തം ചിന്തുന്ന, വയലന്റായ രംഗങ്ങളാല്‍ സമ്പന്നമായ സീരീസ് അതോടൊപ്പം തന്നെ കോമഡിയേയും ആശ്രയിക്കുന്നുണ്ട്. വളരെ സീരീയസായ സന്ദര്‍ഭങ്ങളില്‍ പോലും കോമഡി കൊണ്ടു വന്ന് കാഴ്ചക്കാരന്റെ തന്നെ ധാര്‍മികതയെ ഒന്നിളക്കി വിടുന്നുണ്ട് കൃഷാന്ദ്. ഡാര്‍ക്ക് ഹ്യൂമറിനെ കൃഷാന്ദിനോളം ഇത്ര മനസിലാക്കി അവതരിപ്പിക്കുന്ന മറ്റൊരു സംവിധായകന്‍ ഇന്ന് മലയാളത്തില്‍ ഇല്ലെന്ന് തന്നെ പറയാം.

ഗ്യാങ്സ്റ്റര്‍ സ്റ്റോറിയുടെ ആര്‍ക്കിനൊപ്പം തന്നെ പൊളിറ്റിക്കലായൊരു അണ്ടര്‍ കറന്റും സീരീസിനുണ്ട്. എന്തുകൊണ്ട് നാലര സംഘം അക്രമത്തിന്റെ പാതയിലേക്ക് എത്തിയെന്ന് സീരീസ് മെറ്റഫെറിക്കലായും അല്ലാതേയും കാണിച്ചു തരുന്നുണ്ട്. അരിക്കുട്ടനും അച്ഛനും തമ്മില്‍ ജയിലില്‍ വച്ച് നടത്തുന്ന സംഭാഷണവും മൈത്രേയനോട് തങ്ങള്‍ എന്തുകൊണ്ടിങ്ങനെ ആയെന്ന് അരിക്കുട്ടന്‍ വിവരിക്കുന്ന രംഗങ്ങളുമൊക്കെ, അതിനും മുമ്പേ തന്നെ പ്രേക്ഷകരുടെ ബോധ്യങ്ങളിലേക്ക് വിഷ്വലുകളിലൂടെ കൃഷാന്ദ് എത്തിക്കുന്നു. എങ്ങനെയാണ് ഭരണകൂടങ്ങളും അതിന്റെ ടൂളുകളും ഏറ്റവും അരികുവത്കരിക്കപ്പെട്ടവരെ തങ്ങളുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും പര്‌സപരം കൊന്ന് തീര്‍ക്കാന്‍ ഇട്ടുകൊടുക്കുകയും ചെയ്യുന്നുവെന്ന് സീരീസ് കാണിച്ചു തരുന്നുണ്ട്.

പ്രകടനങ്ങളില്‍ നാലര സംഘം തന്നെയാണ് സീരീസിന്റെ കോര്‍. അരിക്കുട്ടന്‍ ആയുള്ള സഞ്ജു ശിവറാമിന്റെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതാണ്. പുരുഷ പ്രേതം എങ്ങനെയാണോ പ്രശാന്ത് അലക്‌സാണ്ടര്‍ എന്ന നടന്റെ കരിയറിനെ റീഡിഫൈന്‍ ചെയ്തത് അതിലും ഗംഭീരമായാണ് സഞ്ജുവിനെ കൃഷാന്ദ് ഉപയോഗിച്ചിരിക്കുന്നത്. നിരഞ്ജ് മണിയന്‍പിള്ള, ശ്രീനാഥ് ബാബു, ശംഭു, സച്ചിന്‍ എന്നിവരും ഉശിരന്‍ പ്രകടനങ്ങളാണ് കാഴ്ചവച്ചത്. തങ്ങളുടെ കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞുള്ള പ്രകടനങ്ങള്‍. ഇവരെന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നുവെന്ന് ഒരിടത്തും നമുക്ക് തോന്നുന്നില്ല. അത്രത്തോളം തങ്ങളുടെ പ്രകടനങ്ങളിലൂടെ കഥാപാത്രങ്ങളെ കാഴ്ചക്കാര്‍ക്ക് പരിചിതരാക്കാന്‍ നാലര സംഘത്തിന് സാധിച്ചിട്ടുണ്ട്.

പ്രധാന താരങ്ങള്‍ കഴിഞ്ഞാല്‍ കൃഷാന്ദ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്ന പ്രശാന്ത് അലക്‌സാണ്ടര്‍, രാഹുല്‍ രാജഗോപാല്‍ തുടങ്ങിയവരേയും കാണാം. ബ്രൂസ് ലി എന്ന കഥാപാത്രത്തിലൂടെ പ്രശാന്തിനെ കൃഷാന്ദ് അവതരിപ്പിച്ചിരിക്കുന്നത് ഒരേ സമയം മാസും കോമഡിയുമൊക്കായിട്ടാണ്. സീരീസിലെ ഏറ്റവും അണ്‍പ്രെഡിക്ടബിള്‍ ആയ കഥാപാത്രം വിഷ്ണു അഗസ്ത്യയുടേതാണ്. മുമ്പ് ചെയ്ത ഒരു കഥാപാത്രത്തിന്റേയും നിഴലുപോലുമില്ലാതെയാണ് വിഷ്ണു പേലക്കുട്ടനായി മാറുന്നത്. അദ്ദേഹത്തിലെ നടനെ ഉപയോഗക്കപ്പെടുത്തേണ്ടത് മലയാള സിനിമയുടെ ഉത്തരവാദിത്തമാണ്.

Summary

ജഗദീഷ്, വിജയരാഘവന്‍, ഇന്ദ്രന്‍സ് തുടങ്ങിയ വെറ്ററന്‍ താരങ്ങളും ഇത്തവണ കൃഷാന്ദിനൊപ്പമുണ്ട്. തന്റെ സമീപകാല പ്രകടനങ്ങളിലെ മസിലുപിടിത്തുമില്ലാതെ ഫ്‌ളക്‌സിബാളായൊരു ജഗദീഷിനെ സീരീസില്‍ കാണാം. വരുന്നത് കുറച്ച് രംഗങ്ങളിലാണെങ്കിലും ഇംപാക്ട് സൃഷ്ടിക്കാന്‍ ഇന്ദ്രന്‍സിനും സാധിച്ചിട്ടുണ്ട്. ശാന്തി ബാലകൃഷ്ണന്‍, സെറിന്‍ ഷിഹാബ് എന്നിവരുടെ കഥാപാത്രങ്ങള്‍ കാര്യമായൊന്നും ചെയ്യാനില്ലാത്തവയാണ്. അതേസമയം ദര്‍ശനയുടെ കഥാപാത്രം അസാധ്യമായ സാധ്യതകളുണ്ടായിരുന്നതായിരുന്നു. എന്നാല്‍ ആ സാധ്യത മുതലെടുക്കാന്‍ സീരീസ് തയ്യാറായിട്ടില്ല.

ആറ് എപ്പിസോഡുള്ള സീരീസിന് നാലാം എപ്പിസോഡിലെത്തുമ്പോള്‍ അതുവരെയുണ്ടായിരുന്ന ഗ്രിപ്പ് നഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ അഞ്ചാം എപ്പിസോഡിലേക്ക് എത്തുന്നോടെ വീണ്ടും ട്രാക്കിലെത്തുന്നു. അതേസമയം ക്ലൈമാക്‌സിലേക്ക് എത്തുമ്പോഴേക്കും അതുവരെ ഉണ്ടായിരുന്ന കയ്യടക്കം നഷ്ടപ്പെട്ട് വേഗത്തില്‍ പറഞ്ഞ് തീര്‍ക്കാനുള്ളൊരു വ്യഗ്രതയും കാണാം. അങ്ങനെയായിരിക്കുമ്പോഴും രസിപ്പിക്കാതിരിക്കുകയോ, കഥയുടെ കോറിന് ക്ഷതം സംഭവിക്കുകയോ ചെയ്യുന്നില്ല.

മൊത്തത്തില്‍, സത്യയും ഗ്യാങ്‌സ് ഓഫ് വസീപൂറും ഗരുഡ ഗമനയും പോലുള്ള റൂട്ടഡ് ഗ്യാങ്‌സ്റ്റര്‍ സ്‌റ്റോറികള്‍ക്കുള്ള, ഡാര്‍ക്ക് ഹ്യൂമറിലൂടെയുള്ള മലയാളത്തിന്റെ മറുപടിയാണ് സംഭവവിവരണം നാലരസംഘം. രണ്ടാം സീസണിനായുള്ള കാത്തിരിപ്പ് ഇവിടെ ആരംഭിക്കുന്നു.

Summary

Sambhava Vivaranam Nalara Sangham Review: The Chronicle of 4.5 Gang is whacky, raw and deeply rooted.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com