

കഴിഞ്ഞ ദിവസമാണ് 98-ാമത് ഓസ്കർ നോമിനേഷന്റെ അന്തിമപട്ടിക അക്കാദമി പുറത്തുവിട്ടത്. ഓസ്കർ നോമിനേഷൻ ഷോർട്ട് ലിസ്റ്റിൽ ഇന്ത്യൻ ചിത്രമായ ഹോംബൗണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം അന്തിമപട്ടികയിൽ നിന്ന് പുറത്തായി. അന്തിമപട്ടികയിൽ ചിത്രം പുറത്തായത് ആഘോഷമാക്കുകയാണ് സംഘപരിവാർ അനുകൂലികൾ.
എക്സിലൂടെയാണ് ചിത്രത്തിനെതിരെ ഇവർ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തെ വിമർശിച്ചു കൊണ്ട് നിരവധി പോസ്റ്റുകളാണ് സംഘപരിവാർ പേജുകളിലും ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെടുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി നീരജ് ഗയ്‌വാന്‍ ഒരുക്കിയ ഹോംബൗണ്ടിനെ ജയ് ഭീം ഗ്രൂപ്പിന്റെ പ്രൊപ്പഗണ്ട ചിത്രം എന്നാണ് ഇവർ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതി വിവേചനവും ഇസ്ലാമോഫോബിയയും കൃത്യമായി വരച്ചു കാട്ടുന്നതു കൊണ്ട് ചിത്രം സംഘപരിവാർ അനുകൂലികളെ പൊള്ളിക്കുന്നുണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ സാമൂഹിക ഘടനയെ നശിപ്പിക്കാന്‍ സാധ്യതയുള്ള ഇത്തരം സിനിമകള്‍ ഇനി പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് രവി ഗുപ്ത എന്നയാള്‍ പങ്കുവെച്ച കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
'ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലും വിവേചനവും കാണിക്കുന്ന ഇത്തരം സിനിമകള്‍ അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് അയക്കുന്നത് എന്ന് നിര്‍ത്തും? ഇതുപോലുള്ള വ്യാജ പ്രൊപ്പഗണ്ട സിനിമ പുറത്തായതില്‍ സന്തോഷം'.- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ.
ഹോംബൗണ്ട് പറയുന്ന ശക്തമായ രാഷ്ട്രീയത്തെ പിന്തുണച്ചു കൊണ്ടും ഇത്തരം പോസ്റ്റുകള്‍ക്ക് മറുപടിയുമായി ചിലര്‍ രംഗത്തെത്തുന്നുണ്ട്. ജവാന്‍, കേരള സ്റ്റോറി, ആ ഫയല്‍, ഈ ഫയല്‍ എന്നിങ്ങനെയുള്ള സിനിമകള്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന ആളുകള്‍ക്ക് ഹോംബൗണ്ട് എന്ന സിനിമ പൊള്ളുമെന്ന് ഉറപ്പാണ് എന്നും ചിലർ മറുപടിയായി കുറിക്കുന്നു.
2020 ൽ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ടേക്കിങ് അമൃത് ഹോം എന്ന ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ഹോംബൗണ്ട് സിനിമ നീരജ് ഗയ്‍വാൻ ഒരുക്കിയിരിക്കുന്നത്. ഇഷാൻ ഖട്ടർ, വിശാൽ ജേഠ്വ, ജാൻവി കപൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates