മലയാള സിനിമ ആസ്വാദകര്‍ക്ക് കേരളത്തിലെ ഗ്രാമങ്ങളുടെ സൗന്ദര്യം പകര്‍ന്നു നല്‍കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ ഗ്രാമമായ അന്തിക്കാടും അവിടത്തെ ഗ്രാമവാസികളും പല സിനിമകളിലൂടെ നമുക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന് നാടിനോടുള്ള സ്‌നേഹം. നെല്‍കൃഷിയില്‍ നല്ല വിളവുകൊയ്യുന്ന മികച്ച കര്‍ഷകന്‍ കൂടിയാണ് അദ്ദേഹം. എന്നാല്‍ ഇത്തവണ സത്യന്‍ അന്തിക്കാട് സമരത്തിലാണ്. കൃഷിയിറക്കാതെ പാടം തരിശിടാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
കര്‍ഷകരുടെ ആവശ്യം നിറവേറ്റിത്തരാത്ത അധികാരികള്‍ക്കെതിരെ പ്രദേശത്തെ ഒരുകൂട്ടം കര്‍ഷകര്‍ക്കൊപ്പമാണ് അദ്ദേഹം സമരത്തിന് ഇറങ്ങുന്നത്. 200ഏക്കറോളം വരുന്ന കൃഷിസ്ഥലം നെല്‍കൃഷി ചെയ്യാതെ തരിശിടാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാട് ഉള്‍പ്പടെ 195 കര്‍ഷകര്‍ ചേര്‍ന്നാണ് പ്രതിഷേധ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതിഷേധ സമരത്തിന്റെ ഭാഗമായി തന്റെ 2.5 ഏക്കര്‍ വരുന്ന കൃഷി സ്ഥലമാണ് അദ്ദേഹം തരിശിടുക. സീസണിലെ രണ്ട് തവണത്തെ കൃഷിയാണ് ഉപേക്ഷിക്കുന്നത്. അന്തിക്കാട്ടെ കാഞ്ചംകോലുള്ള കര്‍ഷകര്‍ക്കൊപ്പമാണ് അദ്ദേഹം സമരം. നെല്‍കര്‍ഷകരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ തയറല്ലെന്നാണ് അദ്ദേഹം പറയുന്നത്. പ്രദേശം നിയന്ത്രിക്കുന്ന കോലെ പടവ് കമ്മിറ്റിക്ക് കര്‍ഷകരുടെ ക്ഷേമത്തേക്കാള്‍ ബിസിനസിനോടാണ് താല്‍പ്പര്യമെന്നും അവര്‍ക്ക് താറാവ് വളര്‍ത്തലും മത്സ്യകൃഷിയുമാണ് കൂടുതല്‍ ലാഭകരമെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
അതിനൊപ്പം അന്തിക്കാടിന്റെ പണ്ടത്തെ സമരവീര്യത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. കൊലമുറി സമരം പോലുള്ള പ്രശസ്തമായ സമരങ്ങള്‍ക്ക് സാക്ഷിയായ സ്ഥലമല്ലേ അന്തിക്കാട് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കള്ള് കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ കള്ള് ചെത്തു തൊഴിലാളികള്‍ നടത്തിയ സമരമായിരുന്നു ഇത്. തെങ്കിന്റെ പനങ്കുലകള്‍ രാത്രിയില്‍ വന്ന മുറിച്ചു കളയുകയാണ് സമരക്കാര്‍ ചെയ്തിരുന്നത്. അധികാരികളുടെ ഉദാസീനമായ പ്രവര്‍ത്തനങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം നെല്‍കര്‍ഷകര്‍ വലിയ നഷ്ടം നേരിടേണ്ടി വന്നു എന്നാണ് നെല്‍കര്‍ഷക സംഘടനയുടെ നേതാവായ സിവി രാജേഷ് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates