

മനുഷ്യര്‍ എന്തിനൊക്കെയോ പിന്നാലെ തിരക്കിട്ടോടുന്ന കാലത്ത്, ഒന്ന് നില്‍ക്കാനും ചുറ്റുമുള്ള മനോഹരമായ ലോകം കാണാനും പ്രേരിപ്പിക്കുന്നതാണ് ഷാജിറിന്റെ വിഡിയോകള്‍. തെങ്ങുകയറ്റ തൊഴിലാളിയായ ഷാജിര്‍ പങ്കുവെക്കുന്ന, തന്റെ ജീവിതത്തിലെ ലളിതവും മനോഹരവുമായ നിമിഷങ്ങളും ജീവിതകാഴ്ചപ്പാടുകളും ആര്‍ക്കും പ്രചോദനം നല്‍കുന്നതാണ്.
തെങ്ങു കയറുന്നതും, അമ്മയ്ക്ക് ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുക്കുന്നതും, പുസ്തകം വായിക്കുന്നതും, പടം വരയ്ക്കുന്നതുമൊക്കെയായി ഷാജിര്‍ പങ്കുവെക്കുന്ന ഒരോ വിഡിയോകളിലും മനസ് നിറയ്ക്കുന്നവയാണ്. ഇപ്പോഴിതാ 300 കെ ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഷാജിര്‍. ഒപ്പം മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥ്വിരാജും ഷാജിറിനെ ഫോളോ ചെയ്തിരിക്കുകയാണ്.
ഫോളോവേഴ്‌സ് 300 കെ കടന്നതും പൃഥ്വിരാജ് ഫോളോ ചെയ്യാന്‍ തുടങ്ങിയതിന്റേയും സന്തോഷം ഷാജിര്‍ ആഘോഷിക്കുന്നത് കേക്ക് മുറിച്ചോ വലിയ ആഘോഷം നടത്തിയോ ഒന്നുമല്ല, മറിച്ച് രണ്ട് ജാംബ തൈകള്‍ നട്ടു കൊണ്ടാണ്. ഇതേക്കുറിച്ചുള്ള ഷാജിറിന്റെ വിഡിയോയും കുറിപ്പും വൈറലാവുകയാണ്. ആ വാക്കുകളിലേക്ക്:
300 കെ ഫോളോവേഴ്‌സും, രാജുവേട്ടന്റെ ഫോളോവും... കേക്കിന് പകരം രണ്ട് ജാംബ തൈകള്‍ നട്ട് ഞാന്‍ ആഘോഷിച്ചു! ഇന്നത്തെയും പോലെ രാവിലെ ജോലിക്ക് പോയി. വഴിയില്‍ മനോഹരമായ മഞ്ഞുപുതച്ചു നില്‍ക്കുന്ന ഒരു വയല്‍ കണ്ടു-അതിന്റെ തീരത്തിരുന്ന് കുറച്ചു നേരം ധ്യാനം ചെയ്തു!
പണിയെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ആ വലിയ സന്തോഷങ്ങള്‍ കൂടെയുണ്ടായിരുന്നു: നമ്മുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് 300K ആയിരിക്കുന്നു, അതോടൊപ്പം രാജുവേട്ടനും (പൃഥ്വിരാജ്) നമ്മളെ ഫോളോ ചെയ്യുന്നുണ്ട്! പക്ഷേ കേക്ക് മുറിക്കുന്നതിന് പകരം, രണ്ട് ജാംബ തൈകള്‍ വാങ്ങി നട്ടാണ് ഞാന്‍ ആ സന്തോഷം ആഘോഷിച്ചത്!
പ്രകൃതിയിലെ കിളികളുടെ നാദം കേട്ട് 5 മിനിറ്റ് ശാന്തമായി ഇരുന്നു. 7 Habits-നൊപ്പം 'The Kite Runner' എന്ന പുസ്തകവും വായിക്കാന്‍ തുടങ്ങി. ഇന്ന് ഒരാളുമായി സംസാരിച്ചത്, തൈ നട്ടത്, വര്‍ക്കൗട്ട് ചെയ്തത്, പുസ്തകം വായിച്ചത്, 300K ആയത്-അങ്ങനെ ഇന്നത്തെ ചെറിയ ചെറിയ വിന്‍സ് (Small Wins) എല്ലാം എഴുതി സൂക്ഷിച്ചു!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates