

ടെലിവിഷൻ സീരിയൽ താരം തുനിഷ ശർമയുടെ ആത്മഹത്യ സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. സീരിയലിന്റെ സെറ്റിലാണ് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് താരത്തിന്റെ മുൻ കാമുകനും നടനുമായ ഷീസാൻ ഖാൻ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം തുനിഷയുടെ പിറന്നാളായിരുന്നു. തുനിഷയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഷീസാന്റെ സഹോദരി ഫലക് നാസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
നിനക്ക് ഇങ്ങനെയൊരു പിറന്നാൾ ആശംസ അറിയിക്കേണ്ടിവരുമെന്ന് കരുതിയില്ല എന്നാണ് ഫലക് കുറിക്കുന്നത്. ടുന്നു എന്നാണ് കുറിപ്പിൽ അവർ തുനിഷയെ വിശേഷിപ്പിച്ചിരിക്കുന്നത്. തുനിഷയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്. തുനിഷയുടെ മരണശേഷം താനും കടുംബവും കടുത്ത വേദനയിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ പറയുന്നുണ്ട്.
തുനിഷയ്ക്ക് ഒരു പിറന്നാൾ സർപ്രൈസ് കരുതിവെച്ചിരുന്നതിനേക്കുറിച്ചാണ് പോസ്റ്റിലൂടെ ഫലക് പറയുന്നത്. നിനക്കുവേണ്ടി ഞാനൊരു സർപ്രൈസ് ഒരുക്കിവച്ചിരുന്നു. ഞാൻ നിനക്കായി ഉണ്ടാക്കിയ ആ പാർട്ടി ഡ്രസ് നീ ഇട്ടുകാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. നിന്നെ ഞാനൊരു കേക്കുപോലെ അണിയിച്ചൊരുക്കുമായിരുന്നു. അദ്ഭുതംകൊണ്ട് വിടർന്ന നിന്റെ മുഖം കാണണമെന്ന് ഞാൻ ആഗ്രഹിച്ചു.- എന്നാണ് ഫലക് കുറിച്ചത്. തന്റെ ഹൃദയം തകർന്നിരിക്കുകയാണെന്നും നിന്റെ വേർപാടിനുശേഷം കടുത്ത വേദനയിലൂടെയാണ് കടന്നുപോകുന്നതെന്നും ഫലക് പറയുന്നു. നിന്റെ സാന്നിധ്യം എനിക്കനുഭവപ്പെടുന്നുണ്ട്. ഞങ്ങൾ നിന്നെ ഓരോ ദിവസവും മിസ് ചെയ്യുന്നുണ്ട്. നീ എന്നെന്നേക്കും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും എന്നുപറഞ്ഞുകൊണ്ടാണ് ഫലക് നാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഡിസംബർ 24 നാണ് തുനിഷ ശർമ്മയെ അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുനിഷയുടെ അമ്മ വനിതാ ശർമ്മയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കാമുകൻ ഷീസാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷീസാനുമായുള്ള പ്രണയം തകർന്നതാണ് തുനിഷയെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
