

കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ പ്രതികരിക്കാനില്ലെന്ന് 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ. 'അമ്മ'യിലെ വിഷയങ്ങളെക്കുറിച്ച് ഇനി കൂടുതൽ സംസാരിക്കാനില്ല. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ തീർക്കുമെന്നും ശ്വേത മേനോൻ പറഞ്ഞു. രണ്ട് പരാതികളാണ് അൻസിബ നൽകിയിരിക്കുന്നത്.
നടൻ ടിനി ടോമിനെതിരെ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നൽകിയ പരാതിയാണ് ഒന്ന്. മറ്റൊന്ന് ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ വനിത എസ്ഐ രേഷ്മക്കെതിരെ ആഭ്യന്തര വകുപ്പിനും പൊലീസിനും നൽകിയ പരാതിയാണ്. ലക്ഷ്മി പ്രിയ നൽകിയ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പൊലീസ് സ്റ്റേഷനിൽ വച്ച് എസ്ഐ അപമാനിച്ചു എന്നാണ് അൻസിബ ആഭ്യന്തര വകുപ്പിൽ നൽകിയ പരാതിയിലുള്ളത്.
ടിനി ടോമിനെതിരായ പരാതി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്ത് പരിഹാരം കാണാമെന്ന് പറഞ്ഞപ്പോൾ അങ്ങനെയല്ല വേണ്ടതെന്നാണ് അൻസിബ പറഞ്ഞത്. ജൂൺ ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ നേരിട്ട് 'അമ്മ' ഓഫീസിൽ എത്തി തെളിവുകൾ സഹിതം ഹാജരാക്കാനായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശം.
എന്നാൽ തന്റെ പരാതി 'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റിയല്ല കേൾക്കേണ്ടതെന്നും പകരം നിഷ്പക്ഷമായ ഒരു സമിതി വേണമെന്നും അൻസിബ ആവശ്യപ്പെട്ടിരുന്നു. രമേഷ് പിഷാരടി, മാല പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നിവരടങ്ങുന്ന പ്രത്യേക സമിതി വേണമെന്നായിരുന്നു നടിയുടെ ആവശ്യം. എന്നാൽ ഓരോരുത്തർ പറയുന്നതു പോലെ പ്രവർത്തിക്കൽ അല്ല 'അമ്മ'യുടെ രീതിയെന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates