

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന താരമായി മാറിയ നടനാണ് ജയറാം. ഇന്ന് മലയാളത്തേക്കാള്‍ തെലുങ്കിലും തമിഴിലുമാണ് ജയറാം സജീവം. മിമിക്രിയില്‍ നിന്നുമാണ് ജയറാം സിനിമയിലെത്തുന്നത്. ഇന്നും പാട്ട് പാടിയും മിമിക്രി അവതരിപ്പിച്ചും കഥ പറഞ്ഞുമൊക്കെ സ്റ്റേജ് കീഴടക്കുന്ന ജയറാമിനെ കാണാം.
മിമിക്രിയും അഭിനയവും മാത്രമല്ല നന്നായി പാട്ട് പാടുകയും ചെയ്യും ജയറാം. പുതിയ ചിത്രം പരിമള ആന്റ് കോയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയുള്ള ജയറാമിന്റെ പാട്ട് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ വിഐപി ആരാധികയെ കുറിച്ചുള്ള ജയറാമിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോനിയുടെ ഭാര്യ സാക്ഷി ധോണിയാണ് ജയറാമിന്റെ വിഐപി ആരാധിക. പരിമള ആന്റ് കോയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ജയറാം ഈ കഥ പങ്കുവച്ചത്. സാക്ഷി തന്നെ കാണാന്‍ വന്നതിനെക്കുറിച്ചാണ് ജയറാം പറയുന്നത്.
'ഒരാഴ്ച മുന്‍പാണ് സംഭവം. ചെന്നൈയില്‍ ഐപിഎല്‍ കാണാന്‍ പോയതായിരുന്നു. ഞാന്‍ എന്റെ സീറ്റിലിരിക്കുമ്പോള്‍ ധോണിയുടെ ഭാര്യ സാക്ഷി നടന്നുവരുന്നത് കണ്ടു. ഞാന്‍ കൂടെയിരുന്നയാളോട് രഹസ്യമായി പറഞ്ഞു അതാണ് ധോണിയുടെ ഭാര്യയെന്ന്. പക്ഷേ യഥാര്‍ത്ഥത്തില്‍ അവര്‍ എന്റെയടുത്തേക്കാണ് വന്നത്. ദൂരെനിന്ന് ഓടിവന്ന അവര്‍ എന്റെ കാലില്‍ വീണു. എന്റെ വലിയ ആരാധികയാണെന്ന് പറഞ്ഞു' ജയറാം പറയുന്നു.
'ഞാന്‍ അമ്പരന്നുപോയി. വേറെ ആരോ ആണെന്ന് വിചാരിച്ച് എന്റെ കാലില്‍ വീണതാണോ എന്ന് സംശയിച്ചു. പക്ഷേ അവര്‍ക്ക് എന്നെ അറിയാമായിരുന്നു. അവരുടെ ആയ ഒരു മലയാളിയായിരുന്നു. അവര്‍ ധോനിയുടേയും സാക്ഷിയുടേയും മകളായ സിവയ്ക്ക് ഞാനഭിനയിച്ച അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം സ്ഥിരമായി പാടിക്കൊടുക്കാറുണ്ടായിരുന്നു. ആ പാട്ടുകേട്ടാണ് ആ കുഞ്ഞ് ഉറങ്ങിയിരുന്നത്.' എന്നാണ് ജയറാം പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates