

അമ്മ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി നടി ശ്വേത മേനോന്‍. പ്രസിഡന്റായിരുന്നു ശ്വേത മേനോന്‍ അടക്കം ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും ജനറല്‍ ബോഡി യോഗത്തില്‍ രാജിവച്ചിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായി നേരിട്ടപ്പോള്‍, നിലപാടുള്ള സ്ത്രീ എന്ന നിലയിലാണ് രാജിവച്ചതെന്നാണ് ശ്വേത മേനോന്‍ പറയുന്നത്.
ഈ ഭരണസമിതിയുടേതടക്കം കഴിഞ്ഞ രണ്ട് ടേമുകളിലേയും അക്കൗണ്ടുകള്‍ സമഗ്രമായി പരിശോധിക്കണം എന്നും ശ്വേത മേനോന്‍ പറഞ്ഞു. താന്‍ സംഘിയും കമ്മിയല്ലെന്നും ശ്വേത മേനോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:
പാര്‍ട്ട് 1- എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ഞാന്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്. ആരുടേയും പാവ ആയിരിക്കാന്‍ ഒരുക്കമല്ലാത്തതിനാലാണ് ഞാന്‍ രാജിവച്ചത്. അമ്മയുടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാര്‍, മാര്‍ട്ടിന്‍ മേനാച്ചേരി പോലുള്ളവരെ മുന്നില്‍ നിര്‍ത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി.
എന്നിട്ടും ഞാന്‍ അമ്മയിലെ ഭൂരിപക്ഷ അംഗങ്ങളുടേയും പിന്തുണയോടെ വിജയിച്ചു. എന്റെ കഴിവിന്റെ പരാമവധി തന്നെ എല്ലാം ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പ് പറയാനാകും. നിര്‍ഭാഗ്യവശാല്‍ മുന്‍ കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ നടത്തിയ തെറ്റായ കാര്യങ്ള്‍ അന്വേഷിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിക്കരുതെന്ന് ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഉറപ്പുവരുത്തി.
കഴിഞ്ഞ രണ്ട് ടേമിലേയും അക്കൗണ്ടുകള്‍, ഞങ്ങളുടേത് ഉള്‍പ്പടെ, സമഗ്രമായി പരിശോധിക്കണം. പൂര്‍ണമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ ഒരു ഫോറന്‍സിക് ഓഡിറ്റ് നടത്തണം. എന്റെ രാജിയ്ക്ക് ശേഷവും, പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്.
അതിനാല്‍ ഒരു കാര്യം വ്യക്തമാക്കട്ടെ, ഞാന്‍ സംഘിയുമല്ല കമ്മിയുമല്ല. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റേയും എല്‍ഡിഎഫ് നയിച്ച മുന്‍ സര്‍ക്കാരിന്റേയും ക്ഷണം ഉണ്ടായിട്ടും അവരുടെ ഒരു പരിപാടിയ്ക്കും ഞാന്‍ പോയിട്ടില്ല. അമ്മ പ്രസിഡന്റ് ആകുന്നതിന് മുമ്പും ശേഷവും. മറ്റുള്ളവര്‍ ആ ക്ഷണങ്ങള്‍ക്ക് പിന്നാലെ പോയപ്പോഴും ഞാന്‍ മാറി നിന്നു.
യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായി നേരിട്ടപ്പോള്‍, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയില്‍ അമ്മയില്‍ നിന്നും രാജിവെക്കാനാണ് ഞാന്‍ തീരുമാനിച്ചത്. എന്റെ തീരുമാനം ദുര്‍ബലതയില്‍ നിന്നുമുണ്ടായതല്ല, ആത്മാഭിമാനമുള്ളതുകൊണ്ടായിരുന്നു. തുടരും, പിക്ച്ചര്‍ അബി ബാക്കി ഹേ മേരെ ദോസ്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates